Sreenivasan: ശ്രീനിവാസന്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ, ഭൗതികദേഹം കണ്ടനാട്ടെ വീട്ടിലെത്തിച്ചു
ശ്രീനിവാസന്റെ ഭൗതിക ശരീരം വീട്ടുവളപ്പിൽ നാളെ രാവിലെ 10 മണിക്കായിരിക്കും സംസ്കരിക്കുക എന്ന് സംവിധായകൻ രഞ്ജി പണിക്കരാണ് മാധ്യമങ്ങളെ അറിയിച്ചത്.

Sreenivasan
കൊച്ചി: ലളിതമായ നർമ്മത്തിലൂടെ ജീവിത യാഥാർത്ഥ്യങ്ങളെ വെള്ളിത്തിരയിൽ വരച്ചിട്ട പ്രിയ കലാകാരൻ ശ്രീനിവാസന് ആദരാഞ്ജലി നേർന്ന് മലയാള സിനിമാലോകം. ഇന്ന് രാവിലെ 8.30-ഓടെയായിരുന്നു അദ്ദേഹം വിടപറഞ്ഞത്. 48 വർഷം നീണ്ട സിനിമാ ജീവിതത്തിലൂടെ മലയാളികളെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്ത ഒരു യുഗത്തിന് ഇതോടെ തിരശ്ശീല വീണു.
സ്ഥിരമായ ഡയാലിസിസിനായി രാവിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായത്. ഉടൻ തന്നെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ആശുപത്രിയിൽ കൊണ്ടുപോകുന്ന സമയത്ത് ഭാര്യ വിമലയും അടുത്ത ബന്ധുക്കളും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
Also read – പോളണ്ടിനെപ്പറ്റി ഒരക്ഷരം മിണ്ടരുത്…. സന്ദേശത്തിൽ പോളണ്ടെന്നു കേൾക്കുമ്പോൾ പ്രഭാകരൻ എന്തിനാകും ദേഷ്യപ്പെട്ടത്?
ശ്രീനിവാസന്റെ ഭൗതിക ശരീരം വീട്ടുവളപ്പിൽ നാളെ രാവിലെ 10 മണിക്കായിരിക്കും സംസ്കരിക്കുക എന്ന് സംവിധായകൻ രഞ്ജി പണിക്കരാണ് മാധ്യമങ്ങളെ അറിയിച്ചത്. ഉദയംപേരൂരിലെ വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയാവും സംസ്കാര ചടങ്ങുകൾ നടക്കുക.
ആദരാഞ്ജലികളുമായി സിനിമാ ലോകം
ഉദയംപേരൂരിലെ വീട്ടിലെത്തിച്ച ഭൗതികദേഹം ഉച്ചയ്ക്ക് ഒരു മണിയോടെ എറണാകുളം ടൗൺഹാളിൽ പൊതുദർശനത്തിന് വെച്ചു. മമ്മൂട്ടി, മോഹൻലാൽ, ദിലീപ് തുടങ്ങി മലയാള ചലച്ചിത്ര രംഗത്തെ പ്രമുഖ താരങ്ങളും രാഷ്ട്രീയ-സാമൂഹിക മേഖലയിലുള്ളവരും അദ്ദേഹത്തിന് അവസാനമായി ആദരാഞ്ജലി അർപ്പിക്കാൻ എത്തിച്ചേർന്നു. മൂന്നരയോടെ ടൗൺഹാളിലെ പൊതുദർശനം അവസാനിപ്പിച്ച ശേഷം മൃതദേഹം വീണ്ടും വസതിയിലേക്ക് കൊണ്ടുപോയി. തിരക്കഥാകൃത്ത്, നടൻ, സംവിധായകൻ, നിർമ്മാതാവ് എന്നീ നിലകളിൽ മലയാള സിനിമയിൽ സമാനതകളില്ലാത്ത വ്യക്തിമുദ്ര പതിപ്പിച്ചാണ് അദ്ദേഹം വിടവാങ്ങുന്നത്.