Sai Pallavi: ‘എഐ അല്ല, യഥാർത്ഥ ചിത്രങ്ങൾ’; ബിക്കിനി ഫോട്ടോകൾക്ക് മറുപടിയുമായി സായ് പല്ലവി
Sai Pallavi Responds on Bikni photos: താരത്തിന്റേയും സഹോദരി പൂജയുടെയും ബിക്കിനി ഇട്ട ചിത്രങ്ങളാണ് സോഷ്യൽ മീഡിയയെ ചൂടുപിടിച്ചത്

Sai Pallavi
ചുരുങ്ങിയ കാലം കൊണ്ട് നിരവധി ആരാധകരെ സൃഷ്ടിച്ച നടിയാണ് സായ് പല്ലവി. മലയാളികളെ സംബന്ധിച്ച് സായ് പല്ലവിയല്ല മലർ മിസ് ആണ്. അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത ‘പ്രേമം’ എന്ന സിനിമയിലൂടെയാണ് സായ് പല്ലവി മലയാളികൾക്ക് ഇടയിൽ സുപരിചിതയാകുന്നത്. നിവിൻപോളിയെ കേന്ദ്ര കഥാപാത്രമായി ഒരുക്കിയ ചിത്രത്തിൽ സായ് പല്ലവിയും നിവിനും തമ്മിലുള്ള കോമ്പൊയ്ക്ക് ഇപ്പോഴും ആരാധകർ ഏറെയാണ്. ഏതൊരു കഥാപാത്രത്തെയും തന്റേതായ ശൈലിയിൽ അവതരിപ്പിക്കുന്ന താരത്തിന്റെ അഭിനയത്തോടൊപ്പം ചില നിലപാടുകൾക്കും ആരാധകരുടെ കയ്യടി നേടാറുണ്ട്.
അതിൽ പ്രധാനമാണ് വസ്ത്രധാരണം. ശരീരം പ്രദർശിപ്പിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കില്ലെന്നും അത്തരം വേഷങ്ങളിലൂടെ ലഭിക്കുന്ന അവസരങ്ങൾ തനിക്ക് വേണ്ടെന്നുമാണ് സായിയുടെ നിലപാട്. അതുപോലെതന്നെ ഇതുവരെ അഭിനയിച്ച ഭൂരിഭാഗം ചിത്രങ്ങളിലും താരം തന്റെ നിലപാട് തെളിയിച്ചതുമാണ്. എന്നാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സായ് പല്ലവിയുടേതെന്ന പേരിൽ ചില ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. താരത്തിന്റേയും സഹോദരി പൂജയുടെയും ബിക്കിനി ഇട്ട ചിത്രങ്ങളാണ് സോഷ്യൽ മീഡിയയെ ചൂടുപിടിച്ചത്. ഇപ്പോൾ ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് സായ്.
എ ഐ ചിത്രങ്ങൾ വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തിലാണ് മറ്റു ചിത്രങ്ങൾ കോർത്തിണക്കി കൊണ്ട് ഒരു വീഡിയോയുമായി താരമെത്തിയത്. “ഇതൊന്നും എഐ അല്ല, യഥാർത്ഥ ചിത്രങ്ങളാണ്” എന്ന അടിക്കുറിപ്പോടെയാണ് സായ് വീഡിയോ പങ്കുവെച്ചത്. സഹോദരി പൂജയ്ക്കൊപ്പം കടൽത്തീരത്ത് അവധി ആഘോഷിക്കുന്നതിന്റെ യഥാർത്ഥ ചിത്രങ്ങളും വീഡിയോയും ആണ് അവ.
കടൽത്തീരത്ത് ചിരിച്ചുകൊണ്ട് ഇരുവരും നടക്കുന്നതും കറുത്ത കണ്ണട വെച്ച് ബീച്ചിൽ വിശ്രമിക്കുന്നതിന്റെയും ചിത്രങ്ങളാണിത്. കൂടാതെ കടലിൽ ഇറങ്ങി ഇരുവരും വെള്ളത്തിൽ നീന്തുന്നതിന്റെയും വീഡിയോ ഉണ്ട്. അതേസമയം ഇവയിൽ ഒന്നും തന്നെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത് പോലെയുള്ള ബിക്കിനി ചിത്രങ്ങൾ ഇല്ല എന്നുള്ളതും ശ്രദ്ധേയമാണ്. താരത്തിന്റെ സഹോദരി പൂജ ഇരുവരും അവധിക്കാലം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഇതിൽ സായ് പല്ലവി നീന്തൽ വേഷത്തിൽ കടലിൽ നിൽക്കുന്ന ചിത്രങ്ങൾ ഉണ്ടായിരുന്നു.
ഈ ചിത്രം ചിലർ എഐ ഉപയോഗിച്ച് എഡിറ്റ് ചെയ്ത് ബിക്കിനി ചിത്രങ്ങൾ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയായിരുന്നു. എന്നാൽ ചിത്രങ്ങൾ പ്രചരിച്ചതോടെ വലിയ തരത്തിലുള്ള വിമർശനങ്ങളാണ് നടിക്കെതിരെ ഉയർന്നുവന്നത്. ഇത്തരം വസ്ത്രങ്ങൾ ധരിക്കില്ലെന്ന് പറഞ്ഞ് താരത്തിന് ഇപ്പോൾ എന്തു പറ്റി എന്നായിരുന്നു സോഷ്യൽ മീഡിയയുടെ ചോദ്യം. അതേസമയം മറ്റു ചിലർ നടിയെ അനുകൂലിക്കുകയും ചെയ്തിരുന്നു. സ്വകാര്യജീവിതത്തിൽ എങ്ങനെ നടക്കണം എന്ത് ധരിക്കണം എന്നത് ഒരാളുടെ വ്യക്തിപരമായ തീരുമാനം എന്നായിരുന്നു ഒരുപറ്റം ആളുകളുടെ അഭിപ്രായം. എന്നാൽ ഇപ്പോൾ യഥാർത്ഥ വീഡിയോകൾ പങ്കുവെച്ചതോടെ ഒരു വിഭാഗം ആരാധകർക്ക് സമാധാനമായി എന്നും പറയാം. നിങ്ങൾ ഇങ്ങനെ ഒന്നും ചെയ്യില്ലെന്ന് ഞങ്ങൾക്കുറപ്പുണ്ടായിരുന്നു എന്നാണ് ആരാധകരുടെ മറുപടി.