Shanthi Krishna: ‘രണ്ട് വിവാഹം കഴിച്ചു, എന്നിട്ടും ആഗ്രഹിച്ച പോലൊരു പാർട്ണറെ കിട്ടിയില്ല’; ശാന്തി കൃഷ്ണ
Shanthi Krishna on Getting Married Twice: രണ്ട് തവണ നടി വിവാഹം കഴിച്ചിട്ടുണ്ടെങ്കിലും രണ്ടും വിവാഹ മോചനത്തിലാണ് അവസാനിച്ചത്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടവും ഇത് തന്നെയാണെന്ന് ശാന്തി കൃഷ്ണ പറയുന്നു.

ശാന്തി കൃഷ്ണ
നല്ലൊരു ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയാതിരുന്നതിൽ ഇപ്പോഴും നഷ്ടബോധമുണ്ടെന്ന് നടി ശാന്തി കൃഷ്ണ. രണ്ട് തവണ നടി വിവാഹം കഴിച്ചിട്ടുണ്ടെങ്കിലും രണ്ടും വിവാഹ മോചനത്തിലാണ് അവസാനിച്ചത്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടവും ഇത് തന്നെയാണെന്ന് ശാന്തി കൃഷ്ണ പറയുന്നു. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടി മനസുതുറന്നത്.
ഒരുപാട് സ്നേഹം തന്റെ മനസ്സിൽ ഇപ്പോഴും ഉണ്ടെന്നും പക്ഷെ അത് മനസിലാക്കി ഒരാൾ തന്റെ ജീവിതത്തിലേക്ക് വന്നില്ലെന്നും ശാന്തി കൃഷ്ണ പറയുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം തന്റെ മക്കളും കുടുംബവുമാണെന്നും നടി പറഞ്ഞു. അമ്മയുടെ ജീവിതത്തിൽ എന്തൊക്കെ സംഭവിച്ചിട്ടുണ്ടെന്ന് മക്കൾക്ക് അറിയാമെന്നും ശാന്തി കൃഷ്ണ കൂട്ടിച്ചേർത്തു.
”നല്ലൊരു ജീവിതപങ്കാളിയെ കിട്ടാത്തതിന്റെ വിഷമം എനിക്ക് ഇപ്പോഴും ഉണ്ട്. രണ്ട് കല്യാണം കഴിച്ചിട്ടുണ്ട്. എന്നിട്ടും, എന്റെ ആഗ്രഹം പോലൊരു പങ്കാളിയെ ലഭിച്ചില്ലെന്നൊരു വിഷമമുണ്ട്. അത് ഒരു നഷ്ടം തന്നെയാണ്. ഇപ്പോഴും കൊടുക്കാൻ ഒരുപാട് സ്‌നേഹം എന്റെ മനസിൽ ഉണ്ട്. അത് എനിക്ക് അറിയാം. പക്ഷെ എന്നെ മനസിലാക്കി അങ്ങനെ ഒരാൾ എന്റെ ജീവിതത്തിലേക്ക് വന്നില്ല. ഇതൊക്കെ ജീവിതത്തിന്റെ ഭാഗമാണ്” എന്നും ശാന്തി കൃഷ്ണ പറയുന്നു.
കുടുംബത്തെ കുറിച്ചും മക്കളെ കുറിച്ചും നടി സംസാരിച്ചു. ”ആ കുടുംബത്തിൽ ജനിക്കാൻ സാധിച്ചത് എന്റെ ഏറ്റവും വലിയ ഭാഗ്യമാണ്. എന്റെ അച്ഛനെ ഞാൻ ഒരുപാടു മിസ് ചെയ്യുന്നുണ്ട്. എന്റെ മക്കൾ എന്റെ നിധിയാണ്. അവരില്ലെങ്കിൽ ഞാൻ ഇല്ല. അവർ വന്നതോടെയാണ് ജീവിക്കാൻ ഒരു പ്രചോദനം ലഭിച്ചത്. അവരെന്റെ സ്വത്താണ്. എന്റെ മകൻ എനിക്ക് സ്ഥിരമായി പ്രചോദനം നൽകും. രണ്ട് മക്കളും ഏറെ പക്വതയുള്ളവരാണ്. അവർക്ക് എന്നെയറിയാം. അമ്മയുടെ ജീവിതത്തിൽ എന്തൊക്കെ സംഭവിച്ചിട്ടുണ്ടെന്നും അവർക്കറിയാം” ശാന്തി കൃഷ്ണ പറഞ്ഞു.
ALSO READ: മാധവിന്റെ പ്രകടനം എങ്ങനെയുണ്ടെന്ന് ചോദ്യം; ഗോകുൽ സുരേഷിന്റെ മറുപടി ഇങ്ങനെ, കയ്യടിച്ച് സോഷ്യൽ മീഡിയ
നടൻ ശ്രീനാഥാണ് ശാന്തി കൃഷ്ണയുടെ ആദ്യ ഭർത്താവ്. അദ്ദേഹവുമായുള്ള പ്രണയത്തെക്കുറിച്ചും ശാന്തി കൃഷ്ണ അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്. “അറിയാതെ സംഭവിക്കന്ന ഒന്നാണ് പ്രണയം. ആദ്യം ഫിസിക്കൽ അട്രാക്ഷൻ ഉണ്ടാകും. അദ്ദേഹം സുന്ദരനായിരുന്നു. എനിക്ക് അന്ന് 20 വയസേയുള്ളൂ. കത്തൊക്കെ എഴുതാറുണ്ടായിരുന്നു. ബോംബെയിൽ പോകുമ്പോൾ ഫോൺ വിളിക്കും. ഫോൺ ബെല്ലടിക്കുമ്പോൾ തന്നെ ഉള്ളിൽ പൂമ്പാറ്റകൾ പറക്കുന്നത് പോലെ ഉണ്ടാകും. ആരും കാണാതെ ഫോൺ എടുത്ത് സംസാരിക്കും. ടിപ്പിക്കൽ പ്രണയമായിരുന്നു.
ആ പ്രായത്തിൽ എന്താണ് യഥാർത്ഥമെന്നോ ആകർഷണമെന്നോ അറിയില്ല. അച്ഛനും അമ്മയും എന്തു പറഞ്ഞാലും എന്താ എന്നായിരുന്നു ആ സമയത്തെ ചിന്ത. ഇപ്പോഴേ കല്യാണം കഴിക്കരുതെന്ന് ഒരുപാടു പേർ പറഞ്ഞിരുന്നു. ശ്രീനാഥിനെയല്ലാതെ വേറെ ആരെയും കല്യാണം കഴിക്കില്ലെന്ന് എനിക്ക് പിടി വാശിയായിരുന്നു. ഇപ്പോൾ ആലോചിക്കുമ്പോൾ മണ്ടത്തരമാണെന്ന് തോന്നുന്നുണ്ട്. പക്ഷെ അതാണ് ജീവിതം” എന്നും ശാന്തി കൃഷ്ണ പറഞ്ഞു.