Asha Bhosle Songs: ലതയുടെ നിഴലിൽ നിന്ന് സംഗീത സാമ്രാജ്യത്തിന്റെ അധിപതിയിലേക്ക്, ആശയുടെ ഈ ഗാനങ്ങൾ കേട്ടിട്ടുണ്ടോ?
Asha Bhosle’s Journey to Musical Sovereignty: വിടവാങ്ങിയത് ഒരു വ്യക്തിയല്ല, മറിച്ച് ഒരു കാലഘട്ടത്തിന്റെ ശബ്ദമാണ്. 12,000-ൽ അധികം ഗാനങ്ങൾ വിവിധ ഭാഷകളിൽ പാടിയ ആശയ്ക്ക് ദാദാസാഹിബ് ഫാൽക്കെ അവാർഡ്, പത്മവിഭൂഷൺ എന്നിവ ഇവർക്ക് ലഭിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ ഗാനങ്ങൾ റെക്കോർഡ് ചെയ്ത ഗായികയെന്ന ഗിന്നസ് വേൾഡ് റെക്കോർഡും ആശയ്ക്ക് സ്വന്തമാണ്.

ഇന്ത്യൻ സിനിമാ സംഗീതത്തെ ആഗോളതലത്തിൽ എത്തിച്ച വിസ്മയ ഗായിക ആശാ ഭോസ്‌ലെ വിടവാങ്ങി. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. പത്മവിഭൂഷൺ നൽകി രാജ്യം ആദരിച്ച ഈ ഇതിഹാസത്തിന്റെ വിയോഗം ചലച്ചിത്ര ലോകത്തിന് തീരാനഷ്ടമാണ്.

1943-ൽ തന്റെ ഒമ്പതാം വയസ്സിൽ സംഗീതയാത്ര തുടങ്ങിയ ആശയ്ക്ക്, തുടക്കകാലത്ത് തന്റെ സഹോദരി ലത മങ്കേഷ്‌കറുടെ വലിയ നിഴലിനെ അതിജീവിക്കേണ്ടി വന്നു. ലത പാടാൻ വിസമ്മതിക്കുന്ന ഗാനങ്ങളും രണ്ടാം നിര പാട്ടുകളുമാണ് ആദ്യം ലഭിച്ചതെങ്കിലും, തന്റെ വേറിട്ട ആലാപന ശൈലിയിലൂടെ അവർ സ്വന്തമായൊരു സിംഹാസനം പണിതു.

ഇന്ത്യൻ സംഗീതത്തിൽ പോപ്പ്, റോക്ക്, ഡാൻസ് നമ്പറുകൾക്ക് പുതിയ മാനം നൽകിയത് ആശാ ഭോസ്‌ലെയായിരുന്നു. പിയ തൂ അബ് തോ ആജാ', 'യേ മേരാ ദിൽ', 'ദം മാരോ ദം' എന്നിവയാണ് പ്രശസ്തമായ ഗാനങ്ങൾ. 60-കളിലും 70-കളിലും നർത്തകി ഹെലന്റെ ചുവടുകൾക്ക് ജീവൻ നൽകിയത് ആശയുടെ ശബ്ദമായിരുന്നു. പാശ്ചാത്യ സംഗീതത്തിന്റെ ചടുലതയും ക്ലാസിക്കൽ സംഗീതത്തിന്റെ ആഴവും ഒരുപോലെ വഴങ്ങുന്നതായിരുന്നു ആ സ്വരം.

ആർ.ഡി. ബർമൻ സംഗീതം നൽകിയ 'ആജാ ആജാ മേ ഹൂം പ്യാർ തേര' എന്ന ഗാനം പാടാൻ താൻ നേരിട്ട പ്രയാസങ്ങളെക്കുറിച്ച് ആശ മുൻപ് ഓർമ്മിച്ചിട്ടുണ്ട്. ആ പാട്ടിന്റെ വേഗത കണ്ട് ഭയന്ന് വിറച്ച തനിക്ക് ആത്മവിശ്വാസം നൽകിയത് സഹോദരി ലത മങ്കേഷ്‌കർ ആയിരുന്നുവെന്ന് അവർ എപ്പോഴും പറയുമായിരുന്നു.

ഗസലുകൾ മുതൽ ഭജനുകൾ വരെ നീളുന്ന ആശയുടെ സംഗീത ശേഖരം ഏതൊരു സംഗീത പ്രേമിയെയും വിസ്മയിപ്പിക്കുന്നതാണ്. പ്രായം കൂടുന്തോറും മിഴിവേകിയ ആ ശബ്ദം ഇനി പുതിയ പാട്ടുകളിലൂടെ നമ്മെ തേടിയെത്തില്ലെങ്കിലും, പതിനായിരക്കണക്കിന് ഗാനങ്ങളിലൂടെ 'ആശാ തായ്' എന്ന ഇതിഹാസം ജനമനസ്സുകളിൽ ജീവിക്കും. വിടവാങ്ങിയത് ഒരു വ്യക്തിയല്ല, മറിച്ച് ഒരു കാലഘട്ടത്തിന്റെ ശബ്ദമാണ്. 12,000-ൽ അധികം ഗാനങ്ങൾ വിവിധ ഭാഷകളിൽ പാടിയ ആശയ്ക്ക് ദാദാസാഹിബ് ഫാൽക്കെ അവാർഡ്, പത്മവിഭൂഷൺ എന്നിവ ഇവർക്ക് ലഭിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ ഗാനങ്ങൾ റെക്കോർഡ് ചെയ്ത ഗായികയെന്ന ഗിന്നസ് വേൾഡ് റെക്കോർഡും ആശയ്ക്ക് സ്വന്തമാണ്.