ഒരു സുന്ദരിയെ വേണം, ഒപ്പം 1 ബില്യണ്‍ ഡോളറും! തുര്‍ക്കിയോട് വിചിത്ര ആവശ്യം ഉന്നയിച്ച് ഉഗാണ്ടന്‍ സൈനിക മേധാവി
Uganda army chief's demand from Turkey: തുര്‍ക്കിയോട് വിചിത്രമായ ആവശ്യങ്ങള്‍ ഉന്നയിച്ച് ഉഗാണ്ടയുടെ സൈനിക മേധാവി ജനറൽ മുഹൂസി കൈനെരുഗാബ. സൊമാലിയയില്‍ തീവ്രവാദത്തിനെതിരെ പോരാടുന്നതിന് ഉഗാണ്ട നല്‍കിയ ദീര്‍ഘകാല സൈനിക സഹായത്തിന് പകരമായി 1 ബില്യൺ ഡോളർ വേണമെന്നും, തുര്‍ക്കിയിലെ ഏറ്റവും സുന്ദരിയായ യുവതിയെ തന്റെ വധുവായി കൈമാറണമെന്നും കൈനെരുഗാബ.
കമ്പാല: തുര്‍ക്കിയോട് വിചിത്രമായ രണ്ട് ആവശ്യങ്ങള്‍ ഉന്നയിച്ച് ഉഗാണ്ടയുടെ സൈനിക മേധാവി ജനറൽ മുഹൂസി കൈനെരുഗാബ. സൊമാലിയയില്‍ തീവ്രവാദത്തിനെതിരെ പോരാടുന്നതിന് ഉഗാണ്ട നല്‍കിയ ദീര്‍ഘകാല സൈനിക സഹായത്തിന് പകരമായി 1 ബില്യൺ ഡോളർ വേണമെന്നതാണ് ആദ്യ ആവശ്യം. തുര്‍ക്കിയിലെ ഏറ്റവും സുന്ദരിയായ യുവതിയെ തന്റെ വധുവായി കൈമാറണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. തമാശരൂപേണയാണോ ഈ ആവശ്യങ്ങള്‍ ഉന്നയിച്ചതെന്ന് വ്യക്തമല്ല.
വിചിത്രവും സ്ത്രീവിരുദ്ധവുമായ പരാമര്‍ശങ്ങള്‍ ഇതാദ്യമായല്ല ഇയാള്‍ നടത്തുന്നത്. 2022-ൽ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിയെ വിവാഹം കഴിക്കാൻ പകരം 100 പശുക്കളെ നൽകാമെന്ന് മുഹൂസി കൈനെരുഗാബ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് തുര്‍ക്കിയോട് വിചിത്ര ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
തന്റെ ആവശ്യങ്ങള്‍ 30 ദിവസത്തിനുള്ളില്‍ അംഗീകരിച്ചില്ലെങ്കില്‍ തുര്‍ക്കിയുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിക്കുമെന്നാണ് കൈനെരുഗാബയുടെ ഭീഷണി. കമ്പാലയിലെ തുര്‍ക്കി എംബസി അടച്ചുപൂട്ടുമെന്നും ഭീഷണിപ്പെടുത്തുന്നു.
ഉഗാണ്ടൻ പ്രസിഡന്റ് യോവേരി മുസേവേനിയുടെ മകനാണ് മുഹൂസി കൈനെരുഗാബ. സൊമാലിയയിലെ അടിസ്ഥാന സൗകര്യ ഇടപാടുകളിൽ നിന്നും രാജ്യത്തിന്റെ തലസ്ഥാനമായ മൊഗാദിഷുവിലെ തുറമുഖ, വിമാനത്താവള പ്രവർത്തനങ്ങളിൽ നിന്നും തുർക്കി ലാഭം കൊയ്യുകയാണെന്നും ഉഗാണ്ടന്‍ സൈനിക മേധാവി ആരോപിച്ചു. ഉഗാണ്ടക്കാര്‍ സുരക്ഷ മുന്‍നിര്‍ത്തി തുര്‍ക്കിയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും മുഹൂസി കൈനെരുഗാബ നിര്‍ദ്ദേശിച്ചു.
വിദേശ രാജ്യങ്ങളെ പ്രകോപിപ്പിക്കുന്നത് കൈനെരുഗാബയുടെ പതിവു രീതിയാണ്. ഇറ്റാലിയന്‍ പ്രധാനമന്ത്രിക്കെതിരെ ഇയാള്‍ നടത്തിയ മോശം പരാമര്‍ശത്തില്‍ പിതാവും ഉഗാണ്ടൻ പ്രസിഡന്റുമായ യോവേരി മുസേവേനിക്ക് മാപ്പു പറയേണ്ടിവന്നിരുന്നു.