Babu Namboothiri: ‘തുമ്പിക്കൈ ഉയര്‍ത്തി മദപ്പാടുള്ള ആന വന്നു, മോഹന്‍ലാല്‍ അന്ന് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്’
Babu Namboothiri shares memories with Mohanlal: ആനയുടെ ആക്രമണത്തില്‍ നിന്ന് മോഹന്‍ലാല്‍ രക്ഷപ്പെട്ട അനുഭവം ഓര്‍ത്തെടുത്ത് ബാബു നമ്പൂതിരി. യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ബാബു നമ്പൂതിരി പഴയ ഓര്‍മകള്‍ പങ്കുവച്ചത്. ഷൂട്ടിങ് ലൊക്കേഷനിലുണ്ടായിരുന്ന ആനയ്ക്ക് മദപ്പാടുണ്ടായിരുന്നുവെന്ന് ബാബു നമ്പൂതിരി.

മോഹന്‍ലാല്‍, ബാബു നമ്പൂതിരി
അടിവേരുകള്‍ എന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ വച്ച് മദപ്പാടുള്ള ആനയുടെ ആക്രമണത്തില്‍ നിന്ന് നടന്‍ മോഹന്‍ലാല്‍ രക്ഷപ്പെട്ട അനുഭവം ഓര്‍ത്തെടുത്ത് സഹതാരം ബാബു നമ്പൂതിരി. ‘കാന്‍ ചാനല്‍ മീഡിയ’ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ബാബു നമ്പൂതിരി പഴയ ഓര്‍മകള്‍ പങ്കുവച്ചത്. സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിലുണ്ടായിരുന്ന ആനയ്ക്ക് മദപ്പാടുണ്ടായിരുന്നുവെന്ന് ബാബു നമ്പൂതിരി വ്യക്തമാക്കി.
അവിടെ ഒരു ആനയുണ്ടായിരുന്നു. ആനയുടെ മുമ്പില്‍ കൂടി വള്ളിയില്‍ തൂങ്ങി പോകുന്ന ഒരു സീനുണ്ടായിരുന്നു. മോഹന്‍ലാല്‍ അന്ന് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. മദപ്പാടുള്ള ആനയായിരുന്നു അത്. തൃശൂരുള്ള ഒരു ആനയായിരുന്നു. ഷൂട്ടിങ് സ്ഥലത്തെ കാലാവസ്ഥ മൂലമാണ് മദപ്പാടുണ്ടായത്. ഷൂട്ടിങിനിടെ തുമ്പിക്കൈ ഉയര്‍ത്തി ആന വന്നു. നാല് വിരലിന്റെ അകലത്തിലാണ് മോഹന്‍ലാല്‍ രക്ഷപ്പെട്ടതെന്ന് ബാബു നമ്പൂതിരി പറഞ്ഞു.
മരത്തിന്റെ വള്ളിയില്‍ പിടിച്ചു ലാല്‍ അപ്പുറത്തേക്ക് പോകുന്ന സീനായിരുന്നു അത്. ആന പെട്ടെന്ന് ലാലിനെ പിടിക്കാന്‍ തുടങ്ങി. എന്തോ മഹാഭാഗ്യം കൊണ്ട് അത് മാറിപ്പോവുകയായിരുന്നു. അങ്ങനെ ഒരു അത്യാഹിതത്തില്‍ നിന്നു രക്ഷപ്പെട്ടു. മോഹന്‍ലാല്‍ ഇത് അറിഞ്ഞിരുന്നില്ലെന്നും ബാബു നമ്പൂതിരി വ്യക്തമാക്കി.
Also Read: Drishyam 3: ദൃശ്യം 3 യുടെ റിലീസ് സസ്പെൻസ് പൊളിച്ച് സംവിധായകൻ ജീത്തു ജോസഫ്, എപ്പോൾ കാണാം എന്നറിയേണ്ടേ
“കണ്ടുകൊണ്ട് നിന്ന നമ്മള്‍ മാത്രമാണ് ഇത് അറിയുന്നത്. ആനയുടെ അടുത്തേക്ക് പോകരുതെന്നും, അത് മദപ്പാടിളകി നില്‍ക്കുവാണെന്നും, അതിനെ പറഞ്ഞുവിടണമെന്നും ഞാന്‍ പറഞ്ഞു. അങ്ങനെ ആ ആനയെ മാറ്റി, വേറൊരു ആനയെ അവിടേക്ക് എത്തിച്ചു. ആനയോ കുതിരയോ എന്നൊന്നും ലാല്‍ നോക്കില്ല. അസാധ്യ ധൈര്യമാണ് അദ്ദേഹത്തിന്,” ബാബു നമ്പൂതിരിയുടെ വാക്കുകള്‍.
അടിവേരുകള്‍ എന്ന സിനിമയിലാണ് മോഹന്‍ലാലിനെ ആദ്യമായി കാണുന്നത്. അന്ന് തനിക്കൊരു ജീപ്പ് ഉണ്ടായിരുന്നു. ആ ജീപ്പ് കൊണ്ടാണ് ലൊക്കേഷനില്‍ പോയത്. ജീപ്പ് കണ്ടപ്പോള്‍ അതൊന്ന് ഓടിച്ച് നോക്കാന്‍ മോഹന്‍ലാലിന് ആഗ്രഹം തോന്നി. മോഹന്‍ലാല്‍ എവിടെ പോയാലും ഈ ജീപ്പ് കൊണ്ടാണ് പോയിരുന്നത്. ആ ജീപ്പ് മോഹന്‍ലാല്‍ ഓടിച്ചുകൊണ്ടുപോകുന്നത് സിനിമയിലും വന്നിട്ടുണ്ടെന്നും താരം പറഞ്ഞു.