Drishyam 3: ദൃശ്യം 3 യുടെ റിലീസ് സസ്പെൻസ് പൊളിച്ച് സംവിധായകൻ ജീത്തു ജോസഫ്, എപ്പോൾ കാണാം എന്നറിയേണ്ടേ…
Drishyam 3 Release Date Director Jeethu Joseph Reveals: ഈ വർഷം ദൃശ്യം ആരാധകർക്ക് ഇരട്ടി മധുരമാണ് ലഭിക്കുന്നത്. മലയാളം ഒറിജിനൽ പതിപ്പിനൊപ്പം തന്നെ അഭിഷേക് ബച്ചൻ നായകനാകുന്ന ഹിന്ദി റീമേക്കും ഈ വർഷം തിയറ്ററുകളിൽ എത്തും.
കൊച്ചി: സിനിമാ ലോകം ഒന്നടങ്കം കാത്തിരിക്കുന്ന മോഹൻലാൽ-ജീത്തു ജോസഫ് ചിത്രം ‘ദൃശ്യം 3’യുടെ റിലീസ് സംബന്ധിച്ച സസ്പെൻസ് ഒടുവിൽ അവസാനിക്കുന്നു. ആരാധകരെ ആവേശത്തിലാഴ്ത്തി ചിത്രത്തിന്റെ റിലീസ് ഏപ്രിൽ ആദ്യവാരം ഉണ്ടാകുമെന്ന് സംവിധായകൻ ജീത്തു ജോസഫ് നേരിട്ട് അറിയിച്ചു. രാജഗിരി ആശുപത്രിയിൽ സംഘടിപ്പിച്ച ഒരു പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഈ സുപ്രധാന വിവരം പങ്കുവെച്ചത്.
റിലീസ് ഏപ്രിലിൽ, ഔദ്യോഗിക പ്രഖ്യാപനം ഉടൻ
“ദൃശ്യം സിനിമ ഒരുപാട് ആളുകളെ സ്വാധീനിച്ച ഒന്നാണ്. അതിന്റെ വലിയൊരു ഉത്തരവാദിത്തം മനസ്സിലുണ്ട്. അതുകൊണ്ട് വലിയ പ്രതീക്ഷകൾ ഒന്നുമില്ലാതെ ഏപ്രിൽ ആദ്യ വാരം ചിത്രം തിയറ്ററുകളിൽ കാണാം,” ജീത്തു ജോസഫ് പറഞ്ഞു. ചിത്രത്തിന്റെ ഔദ്യോഗിക റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനകം തന്നെ ചിത്രീകരണം പൂർത്തിയായ സിനിമ പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലാണ്.
ഈ വർഷം ദൃശ്യം ആരാധകർക്ക് ഇരട്ടി മധുരമാണ് ലഭിക്കുന്നത്. മലയാളം ഒറിജിനൽ പതിപ്പിനൊപ്പം തന്നെ അഭിഷേക് ബച്ചൻ നായകനാകുന്ന ഹിന്ദി റീമേക്കും ഈ വർഷം തിയറ്ററുകളിൽ എത്തും. ഹിന്ദി പതിപ്പ് ഒക്ടോബർ 2-ന് റിലീസ് ചെയ്യുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ അതിന് മുൻപേ തന്നെ മലയാളം പതിപ്പ് പ്രേക്ഷകരിലേക്ക് എത്തും.
പനോരമ സ്റ്റുഡിയോസും ജോർജുകുട്ടിയും
ദൃശ്യം 3 മലയാളം പതിപ്പിന്റെ ആഗോള തിയട്രിക്കൽ, ഡിജിറ്റൽ റൈറ്റുകൾ ഹിന്ദി പതിപ്പിന്റെ നിർമ്മാതാക്കളായ പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കിയിട്ടുണ്ട്. “പഴയൊരു സുഹൃത്തിനെ പുതിയ രഹസ്യങ്ങളുമായി വീണ്ടും കണ്ടുമുട്ടുന്നതുപോലെയാണ് ജോർജുകുട്ടിയിലേക്ക് വീണ്ടും പോകുന്നത്” എന്നാണ് ചിത്രത്തെക്കുറിച്ച് മോഹൻലാൽ മുൻപ് പ്രതികരിച്ചത്. ദൃശ്യം 3-ന് മുൻപായി ജീത്തു ജോസഫിന്റെ മറ്റൊരു ചിത്രമായ ‘വലതുവശത്തെ കള്ളൻ’ തിയറ്ററുകളിൽ എത്തും. ജനുവരി 30-നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഇതൊരു നല്ല സിനിമയായിരിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും സംവിധായകൻ പറഞ്ഞു.