Bigg Boss Malayalam Season 7: ‘ഒരാഴ്ചത്തെ ഇമ്മ്യൂണിറ്റിയ്ക്കാണോ ഇത്രയും കഷ്ടപ്പെട്ടത്?’; ടോപ് ഫൈവ് യോഗ്യത കിട്ടാത്തത് അനീതിയെന്ന് നൂറ
Noora About Ticket To Finale: ടിക്കറ്റ് ടു ഫിനാലെ നേടിയിട്ടും ഫൈനൽ ഫൈവിൽ എത്താത്തതിൽ നിരാശ അറിയിച്ച് നൂറ. അതിനാണോ താൻ ഇത്ര കഷ്ടപ്പെട്ടതെന്ന് നൂറ ചോദിച്ചു.
ടിക്കറ്റ് ടു ഫിനാലെ ടാസ്ക് വിജയിച്ച നൂറ ഫൈനൽ ഫൈവിലെത്തിയെന്നായിരുന്നു ഏറെക്കുറെ എല്ലാവരുടെയും ധാരണ. എന്നാൽ, നൂറ ഫൈനൽ ഫൈവിലല്ല, ഫിനാലെ വീക്കിൽ എത്തിയെന്ന് പിന്നീട് ബിഗ് ബോസും മോഹൻലാലും വ്യക്തമാക്കി. വാരാന്ത്യ എപ്പിസോഡിൽ മോഹൻലാൽ ഇക്കാര്യം കൃത്യമായി സൂചിപ്പിച്ചു. ആ സമയത്ത് അത് സമ്മതിച്ചെങ്കിലും താൻ ഈ തീരുമാനത്തിൽ തൃപ്തയല്ലെന്ന് പറയുന്ന നൂറയെയാണ് പിന്നീട് ഹൗസിൽ കണ്ടത്.
ഞായറാഴയിലെ വാരാന്ത്യ എപ്പിസോഡിന് ശേഷമാണ് നൂറയുടെ സങ്കടം പറച്ചിൽ. ലിവിങ് റൂമിലെ സോഫയിൽ അനുമോൾക്കും ആദിലയ്ക്കും ഒപ്പമിരിക്കുന്ന നൂറ തൻ്റെ അനിഷ്ടം തുറന്നുപറയുകയാണ്. “ഒരാഴ്ചത്തെ ഇമ്മ്യൂണിറ്റിയാണ് ടിക്കറ്റ് ടു ഫിനാലെ എന്ന സംഭവത്തിൽ നിന്ന് കിട്ടുന്നത്. അതാണ് ഒരു ബെനഫിറ്റുള്ളത്. ഇമ്മ്യൂണിറ്റി ഇല്ലായിരുന്നെങ്കിൽ ഞാൻ പോകുമായിരുന്നോ? എനിക്കറിയില്ല” എന്ന് നൂറ പറയുന്നു. അതിനെപ്പറ്റി സംസാരിക്കണ്ട, അത് കഴിഞ്ഞില്ലേ എന്നാണ് ആദില മറുപടി പറയുന്നത്.
“എന്നാലും ഇതിൻ്റെ ബെനഫിറ്റ് എന്താണെന്നാണ് ആലോചിക്കുന്നത്. എനിക്ക് പ്രത്യേകിച്ച് ഒരു ബെനഫിറ്റും ഉണ്ടായില്ല. എന്ത് ഇമ്മ്യൂണിറ്റിയോ? എനിക്കത് കേട്ടപ്പോൾ ഭയങ്കര വിഷമമായി. ഒരാഴ്ചത്തെ ഇമ്മ്യൂണിറ്റിക്ക് വേണ്ടിയാണോ ഞാൻ ഇത്ര ചത്ത് ചെയ്തത്? നമ്മൾക്കൊരു ബെനഫിറ്റ് ഉണ്ടാവണമല്ലോ. അത്രയും ചത്തുകിടന്നല്ലേ ചെയ്തത്.”- നൂറ തുടർന്ന് സംസാരിക്കുന്നു. ആളുകൾ എഫർട്ട് കണ്ടിട്ടുണ്ടെന്നും അതിൻ്റെ പ്രയോജനം ലഭിക്കുമെന്നും ആദില പറയുന്നുണ്ടെങ്കിലും നൂറ അതിൽ തൃപ്തയല്ല.
സാബുമാൻ ആണ് കഴിഞ്ഞ ദിവസം പുറത്തായത്. ഇതോടെ ഹൗസിൽ തുടരുന്നവർ ആകെ എട്ട് പേരായി ചുരുങ്ങി.