‘പൊതുവേദിയെന്ന് പോലും നോക്കാതെ സ്റ്റൈലിസ്റ്റ് പാൻ്റ് ശരിയാക്കി’; അന്ന് സംഭവിച്ചതെന്ത്? അഹങ്കാരിയെന്ന വിമർശനങ്ങൾക്ക് ധനുഷിൻ്റെ മറുപടി
Actor Dhanush Breaks Silence on Online Negativity and Viral Pant Video Backlash: സോഷ്യൽ മീഡിയയിലെ നെഗറ്റിവിറ്റികളെയും ഫാൻ ഫൈറ്റുകളെയും എങ്ങനെ നേരിടുന്നു എന്ന അവതാരകൻ്റെ ചോദ്യത്തിനും ധനുഷ് വ്യക്തമായ മറുപടി നൽകി. ഇത്തരം കാര്യങ്ങൾ തന്നെ ബാധിക്കാറില്ല എന്ന് പറഞ്ഞാൽ അത് നുണയാകും, അവ തന്നെ അലട്ടാറുണ്ടെന്ന് ധനുഷ് തുറന്നു പറയുന്നു. എന്നാൽ ഇപ്പോൾ ജോലിയിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ആളുകൾ എപ്പോഴും വിമർശിച്ചുകൊണ്ടിരിക്കും അത് ഇപ്പോൾ തനിക്ക് ശീലമായിട്ടുണ്ട്
പൊതുവേദിയിൽ വെച്ച് സ്റ്റൈലിസ്റ്റ് പാൻ്റിലെ ചുളിവ് ശരിയാക്കിയതുമായി ബന്ധപ്പെട്ട് ഉയർന്ന വിമർശനങ്ങൾക്ക് ഒടുവിൽ മറുപടി നൽകി നടൻ ധനുഷ്. കഴിഞ്ഞ ഡിസംബറിൽ ‘തേരേ ഇഷ്ക് മേം’ എന്ന സിനിമയുടെ പ്രൊമോഷനിടെയായിരുന്നു വിവാദത്തിന് കാരണമായ സംഭവം നടന്നത്. സ്റ്റൈലിസ്റ്റ് പാൻ്റ് ശരിയാക്കുമ്പോൾ അത് ശ്രദ്ധിക്കുകപോലും ചെയ്യാതെ നിന്ന ധനുഷിൻ്റെ നടപടിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ വിമർശനം ഉയർന്നിരുന്നു. താരത്തിൻ്റെ അഹങ്കാരമാണെന്ന് ഇതിലൂടെ വിമർകർ വിധിയെഴുതിയിരുന്നു. ഇപ്പോഴിതാ തൻ്റെ പുതിയ ചിത്രമായ ‘ഓം’ എന്ന സിനിമയുടെ പ്രീ-റിലീസ് വേദിയിൽ വെച്ച് ഈ വിഷയത്തിൽ മനസ്സ് തുറന്നിരിക്കുകയാണ് താരം.
സദസ്സിലിരുന്ന തൻ്റെ സ്റ്റൈലിസ്റ്റായ കാവ്യ ശ്രീറാമിനെ ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു ധനുഷിൻ്റെ രസകരമായ മറുപടി. ജോലിയിലേക്ക് ഇറങ്ങിയാൽ കാവ്യ മറ്റൊന്നും ശ്രദ്ധിക്കാറില്ല എന്ന് ധനുഷ് പറയുന്നു. പൊതുവേദിയിലാണെന്നത് പോലും ശ്രദ്ധിക്കാതെയാണ് കാവ്യ അന്ന് തൻ്റെ പാൻ്റിലെ ചുളിവ് മാറ്റിയത്. മറ്റുള്ളവരോട് സംസാരിക്കുകയായിരുന്ന താൻ കാവ്യ പിന്നിലിരുന്ന് പാൻ്റ് ശരിയാക്കുന്ന കാര്യം ശ്രദ്ധിച്ചതുമില്ല. എന്നാൽ പിന്നീട് അതിൻ്റെ പേരിൽ പഴി കേൾക്കേണ്ടിവന്നു. അഹങ്കാരിയാണെന്ന വിമർശിശനവും ഉണ്ടായി. ചിലപ്പോഴൊക്കെ ജോലി ഒരൽപ്പം കുറയ്ക്കുന്നതിൽ തെറ്റില്ല എന്ന് കാവ്യയെ നോക്കി തമാശയായി ധനുഷ് പറയുന്നുണ്ട്.
സ്റ്റൈലിസ്റ്റ് കാവ്യയെ കുറിച്ച് ധനുഷ് സംസാരിക്കുന്ന വീഡിയോ
Dhanush shares about Kavya and TIM promotion incident. https://t.co/zMprzptjcY
— Adith (@adith2109) November 14, 2026
അന്ന് വീഡിയോ വൈറലായതിന് പിന്നാലെ വലിയ വിമർശനങ്ങളാണ് താരത്തിന് നേരെ ഉയർന്നത്. സ്വന്തം വസ്ത്രം ശരിയാക്കാൻ എന്തിനാണ് ഒരു അസിസ്റ്റൻ്റിനെ കൊണ്ടു നടക്കുന്നത് എന്നായിരുന്നു ചിലരുടെ ചോദ്യം. സ്റ്റൈലിസ്റ്റ് പാൻ്റ് ശരിയാക്കിയിട്ടും ഒന്ന് തിരിഞ്ഞുപോലും നോക്കിയില്ല എന്നതായിരുന്നു മറ്റു ചിലരുടെ പരാതി. ഇതോടെ അഹങ്കാരിയെന്ന പട്ടവും ചാർത്തി. എന്നാൽ ധ്നുഷിനെ പിന്തുണച്ചും ചിലർ രംഗത്തെത്തിയിരുന്നു. സ്റ്റൈലിസ്റ്റിൻ്റെ ജോലിയാണെന്ന് അവർ ചെയ്തതെന്നും അതിൽ ധനുഷിനെ വിമർശിക്കേണ്ട കാര്യമില്ലെന്നും പിന്തുണയുമായി എത്തിയവർ ചൂണ്ടിക്കാട്ടിയിരുന്നു.
സോഷ്യൽ മീഡിയയിലെ നെഗറ്റിവിറ്റികളെയും ഫാൻ ഫൈറ്റുകളെയും എങ്ങനെ നേരിടുന്നു എന്ന അവതാരകൻ്റെ ചോദ്യത്തിനും ധനുഷ് വ്യക്തമായ മറുപടി നൽകി. ഇത്തരം കാര്യങ്ങൾ തന്നെ ബാധിക്കാറില്ല എന്ന് പറഞ്ഞാൽ അത് നുണയാകും, അവ തന്നെ അലട്ടാറുണ്ടെന്ന് ധനുഷ് തുറന്നു പറയുന്നു. എന്നാൽ ഇപ്പോൾ ജോലിയിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ആളുകൾ എപ്പോഴും വിമർശിച്ചുകൊണ്ടിരിക്കും അത് ഇപ്പോൾ തനിക്ക് ശീലമായിട്ടുണ്ട് എന്നും ധനുഷ് വ്യക്തമാക്കി.
English Summary
Dhanush responded to “arrogant” trolls over a viral video of his stylist adjusting his pants in public, clarifying he didn’t notice her while busy promoting his film.