Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
Tamil Nadu State Awards: ഏഴില്‍ അഞ്ച് വര്‍ഷങ്ങളിലും മികച്ച നടിമാര്‍ ആയിരിക്കുന്നത് മലയാളികളാണ്. അപര്‍ണ ബാലമുരളി, കീര്‍ത്തി സുരേഷ്, മഞ്ജു വാര്യര്‍, ലിജോമോള്‍ ജോസ്, നയന്‍താര എന്നിവരാണ് അവര്‍.
ചെന്നൈ: സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ച് തമിഴ്നാട്. തമിഴ് സിനിമയിലെ മികവിനുള്ള 2016 മുതൽ 2022 വരെയുള്ള വർഷങ്ങളിലെ പുരസ്കാരങ്ങളാണ് ഇപ്പോൾ പ്രഖ്യാപിച്ചത്. പുരസ്കാര നേട്ടത്തിൽ മലയാളികൾക്ക് വലിയ നേട്ടമുണ്ടായിരിക്കുകയാണ്. ഏഴില്‍ അഞ്ച് വര്‍ഷങ്ങളിലും മികച്ച നടിമാര്‍ ആയിരിക്കുന്നത് മലയാളികളാണ്. അപര്‍ണ ബാലമുരളി, കീര്‍ത്തി സുരേഷ്, മഞ്ജു വാര്യര്‍, ലിജോമോള്‍ ജോസ്, നയന്‍താര എന്നിവരാണ് അവര്‍.
ഇതിനു പുറമെ വൈക്കം വിജയലക്ഷ്മിക്ക് മികച്ച പിന്നണി ഗായികയ്ക്കുള്ള പുരസ്കാരവും മികച്ച ഹാസ്യതാരത്തിനുള്ള പുരസ്‍കാരത്തിന് ഉര്‍വശിയും അർഹരായി.ഗായിക വര്‍ഷ രഞ്ജിത്ത് ആണ് പുരസ്കാരം നേടിയ മറ്റൊരു മലയാളി.
2016ൽ പുറത്തിറങ്ങിയ ‘പാമ്പു സട്ടൈ’യിലെ പ്രകടനത്തിലൂടെ മലയാളി താരം കീർത്തി സുരേഷാണ് മികച്ച നടിയായി. 2017ൽ ‘അരം’ എന്ന ചിത്രത്തിലെ അഭിനയത്തിന് നയൻതാര സ്വന്തമാക്കിയപ്പോൾ 2018ൽ ജ്യോതികയാണ് മികച്ച നടി. ‘ചെക്ക ചിവന്ത വാനം’ സിനിമയിലൂടെയാണ് താരത്തിന് പുരസ്കാരം ലഭിച്ചത്. 2019ൽ വെട്രിമാരൻ സംവിധാനം ചെയ്ത ‘അസുരൻ’ എന്ന ചിത്രത്തിലൂടെ മഞ്ജു വാരിയർ മികച്ച നടിയായി. 2020-ൽ ‘സൂരറൈ പോട്ര്’ സിനിമയിലെ അഭിനയത്തിന് അപർണ ബാലമുരളിയും 2021ൽ ‘ജയ് ഭീമി’ലെ സെങ്കിണിയായി എത്തിയ ലിജോ മോളും മികച്ച നടിയായി.
ഫെബ്രുവരി 13-ന് ചെന്നൈ കലൈവാനർ അരംഗിൽ നടക്കുന്ന ചടങ്ങിൽ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ പുരസ്കാരങ്ങൾ വിതരണം ചെയ്യും. മികച്ച നടനും നടിക്കും ഒരു പവൻ സ്വർണ്ണ മെഡലും മെമന്റോയും സർട്ടിഫിക്കറ്റും ലഭിക്കും. മികച്ച ചിത്രങ്ങൾക്ക് രണ്ട് ലക്ഷം രൂപ വരെയാണ് സമ്മാനത്തുക.