Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Mammootty Tamilnadu Film awards: തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരവുമായി ബന്ധപ്പെട്ട് വിമർശനം. മമ്മൂട്ടിയ്ക്ക് പുരസ്കാരം നൽകാത്തതിലാണ് വിമർശനമുയരുന്നത്.
തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിനെതിരെ സോഷ്യൽ മീഡിയ. മമ്മൂട്ടി നായകനായ പേരൻപ് എന്ന സിനിമയ്ക്ക് ഒരു പുരസ്കാരവും നൽകാത്തതിനെയാണ് ആരാധകർ വിമർശിക്കുന്നത്. പേരൻപിലെ പ്രകടനത്തിന് മമ്മൂട്ടിയെയും സിനിമയിൽ മമ്മൂട്ടിയുടെ മകളായി എത്തിയ സാധനയെയും പുരസ്കാരത്തിൽ പരിഗണിച്ചില്ലെന്ന് ആരാധകർ കുറ്റപ്പെടുത്തുന്നു.
2018ൽ പുറത്തിറങ്ങിയ സിനിമയാണ് പേരൻപ്. റാം ആണ് സിനിമ സംവിധാനം ചെയ്തത്. രാജ്യാന്തര തലത്തിലധികം ശ്രദ്ധിക്കപ്പെട്ട സിനിമ വിവിധ ചലച്ചിത്ര മേളകളിലും പ്രദർശിപ്പിച്ചു. തീയറ്ററുകളിൽ മികച്ച പ്രകടനം നടത്തിയ സിനിമയിൽ മമ്മൂട്ടിയുടെ പ്രകടനം ഏറെ ചർച്ചയായി. മമ്മൂട്ടിയുടെ മകളായി അഭിനയിച്ച സാധനയും ഗംഭീരപ്രകടനമാണ് നടത്തിയത്. എന്നിട്ടും സിനിമയ്ക്ക് ഒരു പുരസ്കാരവും ലഭിച്ചില്ല. സമീപകാലത്തെ പ്രകടനങ്ങൾ പരിഗണിക്കുമ്പോൾ ബാലതാരമെന്ന നിലയിൽ സാധന സമാനതകളില്ലാത്ത പ്രകടനമാണ് നടത്തിയതെന്ന് സോഷ്യൽ മീഡിയ പറയുന്നു. 2018ലെ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് ധനുഷ് ആണ്. വടചെന്നൈ എന്ന സിനിമയിലെ അഭിനയത്തിനാണ് ധനുഷ് പുരസ്കാരം നേടിയത്. എന്നാൽ, ധനുഷിനെക്കാൾ അർഹത മമ്മൂട്ടിക്കാണെന്ന് സോഷ്യൽ മീഡിയ വാദിക്കുന്നു.
2016 മുതൽ 2022 വരെ ഏഴ് വർഷത്തെ പുരസ്കാരമാണ് തമിഴ്നാട് സർക്കാർ ഒരുമിച്ച് പ്രഖ്യാപിച്ചത്. ഈ വർഷങ്ങളിലെ മികച്ച നായികമാരിൽ മലയാളികളുടെ ആധിപത്യമാണ്. ഏഴ് വർഷത്തിൽ അഞ്ച് വർഷവും മലയാളികളാണ് മികച്ച നടിമാരായത്. അപര്‍ണ ബാലമുരളി, കീര്‍ത്തി സുരേഷ്, മഞ്ജു വാര്യര്‍, ലിജോമോള്‍ ജോസ്, നയന്‍താര എന്നിവരാണ് തമിഴ്നാട് ചലച്ചിത്ര പുരസ്കാരം നേടിയ മലയാളി നടിമാർ. അതേസമയം, മികച്ച നടന്മാരായത് വിജയ് സേതുപതി, കാർത്തി, ധനുഷ്, സൂര്യ, ആര്യ, വിക്രം പ്രഭു എന്നിവരാണ്. കാർത്തി രണ്ട് വർഷം മികച്ച നടനായി.