Kalamkaval: കളങ്കാവൽ ആഗോളതലത്തിലും കുതിയ്ക്കുന്നു; കൊവിഡിന് ശേഷം മമ്മൂട്ടിയുടെ ഏറ്റവും വലിയ ഓവർസീസ് ഹിറ്റ്
Kalamkaval Box Office: വിദേശ മാർക്കറ്റുകളിലും നിറഞ്ഞ് കളങ്കാവൽ. കൊവിഡിന് ശേഷം മമ്മൂട്ടിയുടെ ഏറ്റവും വലിയ ഓവർസീസ് ഹിറ്റാണ് കളങ്കാവൽ.

കളങ്കാവൽ
കളങ്കാവലിന് ആഗോളതലത്തിലും മികച്ച സ്വീകരണം. കൊവിഡിന് ശേഷം മമ്മൂട്ടിയുടെ ഏറ്റവും വലിയ ഓവർസീസ് ഹിറ്റായി മാറിയിരിക്കുകയാണ് സിനിമ. റിലീസായി 15 ദിവസങ്ങൾക്കുള്ളിൽ രാജ്യാന്തര മാർക്കറ്റിൽ നിന്ന് 38.15 കോടി രൂപയാണ് കളങ്കാവൽ നേടിയത്. സിനിമയുടെ ആകെ കളക്ഷൻ 80 കോടി രൂപ കടന്നു. വെറും 29 കോടി രൂപയാണ് സിനിമയുടെ ബജറ്റ്.
ആഭ്യന്തര കളക്ഷൻ മറികടക്കുന്ന പ്രകടനമാണ് വിദേശമാർക്കറ്റുകളിൽ സിനിമ കാഴ്ചവച്ചത്. ഇന്ത്യൻ മാർക്കറ്റിൽ 14 ദിവസം കൊണ്ട് സിനിമ നേടിയത് 40.88 കോടി രൂപയായിരുന്നു. എന്നാൽ, റിലീസായി എട്ടാം ദിവസം ജിസിസി ബോക്സ് ഓഫീസിൽ മാത്രം സിനിമ മൂന്ന് മില്ല്യൺ പിന്നിട്ടു. മിഡിൽ ഈസ്റ്റിലടക്കം സിനിമ ഇപ്പോഴും നിറഞ്ഞ് ഓടുകയാണ്.
ഭീഷ്മപർവത്തെ മറികടക്കാണ് കളങ്കാവൽ മമ്മൂട്ടിയുടെ ഏറ്റവും വലിയ ഓവർസീസ് ഹിറ്റ് ആയത്. 36.5 കോടി രൂപയാണ് ഭീഷ്മപർവം വിദേശ ബോക്സോഫീസിൽ നിന്ന് നേടിയത്. കണ്ണൂർ സ്ക്വാഡ് (34.4 കോടി രൂപ), ടർബോ (32 കോടി രൂപ) എന്നീ സിനിമകൾ അടുത്ത സ്ഥാനത്തുണ്ട്. ആകെ കളക്ഷനിൽ ഇക്കൊല്ലത്തെ മലയാളം സിനിമകളിൽ അഞ്ചാമതാണ് നിലവിൽ കളങ്കാവൽ. ലോക ഒന്നാമതുള്ള ഈ പട്ടികയിൽ ഡിയസ് ഇറെ നാലാമതാണ്. 83 കോടി രൂപ കളക്ഷനുള്ള ഡിയസ് ഇറെയെ 80 കോടി രൂപ പിന്നിട്ട കളങ്കാവൽ മറികടക്കുമെന്നാണ് വിലയിരുത്തൽ.
ജിതിൻ കെ ജോസ് സംവിധാനം ചെയ്ത സിനിമയിൽ സ്റ്റാൻലി ദാസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. വിനായകനും സിനിമയിൽ ഒരു സുപ്രധാന വേഷത്തിലെത്തുന്നു. ഫൈസൽ അലി ക്യാമറ കൈകാര്യം ചെയ്തപ്പോൾ പ്രവീൺ പ്രഭാകർ എഡിറ്റിങും മുജീബ് മജീദ് സംഗീതസംവിധാനവും നിർവഹിച്ചു.