Major Ravi: “ദാവൂദിനെ പിടിക്കാൻ പോകുന്നു എന്ന് പറയുമ്പോൾ മാത്രം എന്തിനാണിത്ര കുരുപൊട്ടുന്നത്”: വിശദീകരണവുമായി മേജർ രവി
Stop Treating Dawood as a Hero: Major Ravi Defends His Assassination Plot Claim: 2017-ലാണ് ഡൽഹിലുള്ള ബി.ജെ.പി നേതാവ് പുരുഷോത്തമൻ വഴി അപ്പോയിൻമെൻ്റ് എടുക്കുന്നത്. ഞങ്ങൾ ഇരുന്ന് കാര്യങ്ങൾ ചർച്ച ചെയ്യുന്ന ചിത്രം ഇപ്പോഴും കയ്യിലുണ്ട്. ട്രോൾ ചെയ്യുന്നവർക്കും കളിയാക്കുന്നവർക്കും ചിന്തിക്കാൻ ;പോലും കഴിയാത്ത കാര്യങ്ങളാണ് ഇതെല്ലാം

മേജർ രവി, ദാവൂദ് ഇബ്രാഹിം
ദാവൂദ് ഇബ്രാഹിമിനെ വധിക്കാൻ പദ്ധതിയിട്ടിരുന്നു എന്ന മേജർ രവിയുടെ അവകാശവാദം ട്രോളുകളായി സാമൂഹ്യ മാധ്യമങ്ങളിലാകെ നിറയുന്നതിനിടെ കാര്യങ്ങൾ വീണ്ടും വിശദീകരിച്ച് മേജർ രവി. മൂവി വേൾഡ് മീഡിയ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് മേജർ രവിയൂടെ പുതിയ വെളിപ്പെടുത്തലുകൾ. ദാവൂദ് ഇബ്രാഹിമിനെ വധിക്കാൻ പദ്ധതിയിട്ടിരുന്നു എന്ന് പറയുമ്പോൾ എന്തിനാണിത്ര അസഹിഷ്ണുത എന്ന് മേജർ രവി ചോദിക്കുന്നുണ്ട്. ദാവൂദ് ഇബ്രാഹിമിനെ കുറിച്ചുള്ള രഹസ്യ വിവരങ്ങൾ വർഷങ്ങൾക്ക് മുൻപ് തന്നെ തനിക്ക് ലഭിച്ചിരുന്നു എന്നും മേജർ രവി വെളിപ്പെടുത്തുന്നുണ്ട്.
2017-ലാണ് ഡൽഹിലുള്ള ബി.ജെ.പി നേതാവ് പുരുഷോത്തമൻ വഴി അപ്പോയിൻമെൻ്റ് എടുക്കുന്നത്. ഞങ്ങൾ ഇരുന്ന് കാര്യങ്ങൾ ചർച്ച ചെയ്യുന്ന ചിത്രം ഇപ്പോഴും കയ്യിലുണ്ട്. ട്രോൾ ചെയ്യുന്നവർക്കും കളിയാക്കുന്നവർക്കും ചിന്തിക്കാൻ ;പോലും കഴിയാത്ത കാര്യങ്ങളാണ് ഇതെല്ലാം. “ദാവൂദ് ആ കാലത്ത് തന്നെ ഡയബറ്റിസ് ബധിച്ച് കിടപ്പിലായിരുന്നു. പക്ഷേ ഇത്ര പഴുത്തിട്ടില്ല. ചക്ക പഴുത്ത പോലെ കിടപ്പിലാണ് ഇപ്പോൾ. അന്ന് ഡയബറ്റിസ് ബാധിച്ച് കയ്യും കാലും ഒന്നും അനക്കാനാകുമായിരുന്നില്ല. മുന്നിലുണ്ടായിരുന്ന പള്ളിയിൽ പോയിരുന്നത് പോലും വിൽ ചെയറിലായിരുന്നു” മേജർ രവി പറഞ്ഞു.
ഈ കാര്യങ്ങളെല്ലാം അന്ന് വിശദമായി ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചിരുന്നു. എവിടെ നിന്നുമാണ് ഈ വിവരങ്ങൾ ലഭിച്ചത് എന്ന് ചോദിച്ച് അവർ പോലും അന്താളിച്ചുപോയിട്ടുണ്ട് എന്നും മേജർ രവി പറയുന്നു. “ദാവൂദിനെ പിടിക്കാൻ പോകുന്നു എന്ന് പറയുമ്പോൾ മാത്രം നിങ്ങൾക്കെന്തിനാണിത്ര കുരു പൊട്ടുന്നത്” എന്നും മേജർ രവി ചോദിക്കുന്നുണ്ട്. “പ്രധാനമന്ത്രിയെ വധിക്കാൻ ശ്രമിച്ചു എന്നോ പാർലമെൻ്റ് ആക്രമിക്കാൻ ശ്രമിച്ചു എന്നോ അമ്പലം തകർക്കാൻ ശ്രമിച്ചു എന്നൊന്നുമല്ലല്ലോ പറഞ്ഞത്. ദവൂദിൻ്റെ പേര് പറഞ്ഞപ്പോഴല്ലെ കഴിഞ്ഞ രണ്ട് ആഴ്ചയായി സൈബർ ആക്രമണങ്ങൾ ഉണ്ടാകുന്നത്. എന്തുകൊണ്ടാണ് ദാവൂദിനെ ഹീറോയായും മേജർ രവി ആക്രമിക്കപ്പെടേണ്ടയാൾ എന്ന നിലയിലും കാണുന്നത്” അദ്ദേഹം ചോദിക്കുന്നു.
ഈ രാജ്യത്തെ പട്ടാളക്കാരെ കുറിച്ച് നിങ്ങൾക്കറിയില്ല. 2008-ലെ മോഹിത് ശർമ്മയുടെ ഓപറേഷനെ കുറിച്ച് സിനിമയിലൂടെ അറിഞ്ഞിട്ടുണ്ടാകും. അതുപോലെ ഒരുപാട് പേർ രാജ്യത്തിനായി പല ഓപറേഷനുകളും നടത്തിയിട്ടുണ്ട്. മോഹിത് ശർമ അന്ന് പാകിസ്ഥാനിൽ പോയി അവരുടെ ക്യാമ്പിൽ കടന്ന് 34 പേരെ വധിച്ചാണ് തിരികെ വന്നത്. വെറും നാലോ അഞ്ചോ ദിവസങ്ങൾക്കൊണ്ടാണ് അദ്ദേഹം ഓപറേഷൻ പൂർത്തിയാക്കിയത്. അദ്ദേഹത്തെ നേരിട്ട് കണ്ടിട്ടുണ്ട്. വലിയ സൈസുള്ള ആളൊന്നുമല്ല. പക്ഷേ കണ്ണിലെ ശൗര്യം കണ്ടാൽ തന്നെ മനസ്സിലാകും. അങ്ങനെയുള്ളവരെ അഭിനന്ദിക്കാൻ പഠിക്കണം, അല്ലാതെ ‘അവൻ വെറുതെ പുളുവടിക്കുകയാണ്” എന്ന് പറഞ്ഞ് അപമാനിക്കുകയല്ല വേണ്ടത് എന്നും മേജർ രവി വ്യക്തമാക്കി.
English Summary
Responding to social media trolls, Major Ravi defended his claims about a past plot to eliminate Dawood Ibrahim. He questioned the public’s outrage over targeting a wanted terrorist.