Mamita baiju: മമിതയുടെ പ്രകടനം കണ്ട് അതിശയിച്ചുപോയി; ലൊക്കേഷനിലെ അനുഭവങ്ങൾ പങ്കുവെച്ച് രാധിക ശരത് കുമാർ
Radhika Sarathkumar Praises Mamitha Baiju: രാധിക ശരത് കുമാറിന്റെ തൊഴിലിനോടുള്ള പ്രതിബദ്ധതയെക്കുറിച്ച് മമിതയും നേരത്തെ സംസാരിച്ചിരുന്നു. സിനിമയുടെ ചിത്രീകരണത്തിനിടെ രാധികയുടെ അമ്മ അന്തരിച്ച വാർത്ത വന്നിട്ടും, പ്രൊഡക്ഷനെ ബാധിക്കാതിരിക്കാൻ തന്റെ രംഗങ്ങൾ പ്രത്യേകിച്ച് ഒരു കോമഡി സീൻ പൂർത്തിയാക്കിയ ശേഷമാണ് അവർ മടങ്ങിയതെന്ന് മമിത വെളിപ്പെടുത്തി.
വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്ത വിശ്വനാഥൻ ആന്റ് സൺസ് എന്ന ചിത്രത്തിലെ മമിത ബൈജുവിന്റെ അഭിനയത്തെ പ്രശംസിച്ച് നടി രാധിക ശരത് കുമാർ രംഗത്ത്. മമിതയുടെ അസാമാന്യമായ അഭിനയ ശേഷിയും കാര്യങ്ങൾ പെട്ടെന്ന് പഠിച്ചെടുക്കാനുള്ള കഴിവും തന്നെ അതിശയിപ്പിച്ചു എന്ന് രാധിക ഒരു അഭിമുഖത്തിൽ പറഞ്ഞു.
സിനിമയുടെ കഥ കേട്ടപ്പോൾ തന്നെ നായികയുടെ പ്രകടനം വളരെ പ്രധാനമാണെന്ന് താൻ സംവിധായകനോട് പറഞ്ഞിരുന്നു. മമിതയ്‌ക്കൊപ്പം ആദ്യ സീൻ റിഹേഴ്സൽ ചെയ്തപ്പോൾ തന്നെ മികച്ചൊരു നടിയെയാണ് കണ്ടെത്തിയതെന്ന് തനിക്ക് ബോധ്യപ്പെട്ടു. ചെറിയ വേഷങ്ങളിലൂടെ കരിയർ തുടങ്ങി ഇന്ന് മുൻനിര നായികയായി മമിത വളർന്നത് വലിയ കാര്യമാണെന്നും രാധിക കൂട്ടിച്ചേർത്തു. പ്രേമലു എന്ന ചിത്രത്തിന് ശേഷം മമിതയ്ക്ക് തമിഴ് സിനിമയിൽ ലഭിക്കുന്ന ഏറ്റവും വലിയ ബ്രേക്കായിരിക്കും ഇത്. ലൊക്കേഷനിൽ തമിഴ് ഡയലോഗുകൾ പെട്ടെന്ന് പഠിച്ചെടുക്കാനുള്ള മമിതയുടെ കഴിവിനെ രാധിക പ്രത്യേകം അഭിനന്ദിച്ചിട്ടുണ്ട്.
ALSO READ:ഗംഗ ഇനിയും ഇവരെ വിട്ടു പോയിട്ടില്ല, കോമഡി പോലെ തോന്നുന്നു; നടി ശോഭനയുടെ നൃത്തത്തിനെതിരെ സോഷ്യൽ മീഡിയ
രാധിക ശരത് കുമാറിന്റെ തൊഴിലിനോടുള്ള പ്രതിബദ്ധതയെക്കുറിച്ച് മമിതയും നേരത്തെ സംസാരിച്ചിരുന്നു. സിനിമയുടെ ചിത്രീകരണത്തിനിടെ രാധികയുടെ അമ്മ അന്തരിച്ച വാർത്ത വന്നിട്ടും, പ്രൊഡക്ഷനെ ബാധിക്കാതിരിക്കാൻ തന്റെ രംഗങ്ങൾ പ്രത്യേകിച്ച് ഒരു കോമഡി സീൻ പൂർത്തിയാക്കിയ ശേഷമാണ് അവർ മടങ്ങിയത് എന്ന് മമിത വെളിപ്പെടുത്തി. ആ വേദന മറച്ചുപിടിച്ച് ചിരിച്ചുകൊണ്ട് അഭിനയിച്ച രാധികയുടെ പ്രൊഫഷണലിസം തന്നെ അത്ഭുതപ്പെടുത്തിയെന്നും മമിത പറഞ്ഞു.
സൂര്യ നായകനാകുന്ന ചിത്രത്തിൽ അദ്ദേഹത്തിന്റെ അമ്മയായാണ് രാധിക വേഷമിടുന്നത്. ട്രെയിലറിലെ മമിതയുടെ കുസൃതിയും ക്യൂട്ട്നെസ്സും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഒരു അച്ഛനും മകനും തമ്മിലുള്ള ബന്ധവും അവരുടെ കുടുംബ പശ്ചാത്തലവുമാണ് സിനിമയുടെ പ്രമേയമെന്ന് സൂചനയുണ്ട്. വിശ്വനാഥൻ എന്ന കഥാപാത്രത്തെയാകും സൂര്യ അവതരിപ്പിക്കുക.
തമിഴ് സൂപ്പർ താരം സൂര്യയും മലയാളത്തിന്റെ പ്രിയതാരം മമിത ബൈജുവും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. ഇവരുടെ സ്ക്രീൻ കെമിസ്ട്രി കാണാൻ ആരാധകർ വലിയ ആവേശത്തിലാണ്. വാത്തി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന സിനിമയാണിത്. കുടുംബബന്ധങ്ങൾക്കും വൈകാരിക നിമിഷങ്ങൾക്കും പ്രാധാന്യമുള്ള ഒരു പക്കാ ഫാമിലി എന്റർടെയ്‌നറായിരിക്കും ചിത്രം.