Jailer 2: തിയേറ്ററുകൾ പൂരപ്പറമ്പാക്കാൻ വീണ്ടും ടൈഗർ മുത്തുവേൽ പാണ്ഡ്യൻ; ‘ജയിലർ 2’ സെൻസറിംഗ് പൂർത്തിയായി, കൂടുതൽ വിവരങ്ങൾ പുറത്ത്
'Jailer 2' Clears Censor Board Ahead of Oct 15 Release; Super Show to Stream on OTT: സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് നടത്താറുള്ള വമ്പൻ ഓഡിയോ ലോഞ്ച് ചടങ്ങുകൾ ഇത്തവണ അണിയറപ്രവർത്തകർ ഒഴിവാക്കിയിരിക്കുകയാണ്. ഇതിന് പകരമായി രജനികാന്തും മറ്റ് താരങ്ങളും അണിനിരക്കുന്ന ഒരു പ്രത്യേക പ്രോഗ്രാമാണ് ഒരുക്കിയിരിക്കുന്നത്. 'സൂപ്പർസ്റ്റാറിൻ്റെ സൂപ്പർ ഷോ' എന്ന് പേരിട്ടിരിക്കുന്ന ഈ പ്രത്യേക പരിപാടി ഒക്ടോബർ 9 മുതൽ ഒ.ടി.ടി പ്ലാറ്റ്‌ഫോമായ സൺ നെക്സ്റ്റിലൂടെ സ്ട്രീമിംഗ് ആരംഭിക്കും

Jailer 2
സൂപ്പർസ്റ്റാർ രജനികാന്തിനെ ടൈഗർ മുത്തുവേൽ പാണ്ഡ്യനായി വീണ്ടും സ്ക്രീനിൽ കാണാൻ കാത്തിരിക്കുന്ന സിനിമാ പ്രേമികൾക്ക് ഇതാ ഒരു പുതിയ അപ്ഡേറ്റ്. ഒക്ടോബർ 15-ന് ‘ജയിലർ 2’ തിയേറ്ററുകളിൽ എത്തിക്കുന്നതിനുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ് അണിയറ പ്രവർത്തകർ. റിലീസിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ചിത്രത്തിൻ്റെ സെൻസറിംഗ് നടപടികൾ പൂർത്തിയായെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ആരാധകരുടെ ആകാംക്ഷ വർധിപ്പിച്ചുകൊണ്ട് ചിത്രത്തിൻ്റെ ദൈർഘ്യം, സെൻസർ കാറ്റഗറി ഉൾപ്പെടെയുള്ള സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ വിവരങ്ങൾ ഇപ്പോൾ ലഭ്യമായിട്ടുണ്ട്.
‘ജയിലർ 2’-ന് ‘യു/എ 16+’ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. നിർമ്മാണ കമ്പനിയായ സൺ പിക്ചേഴ്സിന് ഒക്ടോബർ ആറിനാണ് സി.ബി.എഫ്,സി സർട്ടിഫിക്കറ്റ് കൈമാറിയത്. 2 മണിക്കൂർ 45 മിനിറ്റ് 11 സെക്കൻഡ് ആണ് ചിത്രത്തിൻ്റെ ആകെ ദൈർഘ്യം. 2023-ൽ പുറത്തിറങ്ങി ഇൻഡസ്ട്രി ഹിറ്റായി മാറിയ ചിത്രത്തിൻ്റെ ആദ്യ ഭാഗത്തിനും യു/എ സർട്ടിഫിക്കറ്റ് തന്നെയാണ് ലഭിച്ചിരുന്നത്. എന്നാൽ ആദ്യ ചിത്രത്തിൻ്റെ ദൈർഘ്യം 2 മണിക്കൂർ 48 മിനിറ്റ് 28 സെക്കൻഡായിരുന്നു. അതായത്, ആദ്യ ചിത്രത്തേക്കാൾ രണ്ടാം ഭാഗത്തിന് അൽപ്പം ദൈർഘ്യം കുറവാണ്.
സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് നടത്താറുള്ള വമ്പൻ ഓഡിയോ ലോഞ്ച് ചടങ്ങുകൾ ഇത്തവണ അണിയറപ്രവർത്തകർ ഒഴിവാക്കിയിരിക്കുകയാണ്. ഇതിന് പകരമായി രജനികാന്തും മറ്റ് താരങ്ങളും അണിനിരക്കുന്ന ഒരു പ്രത്യേക പ്രോഗ്രാമാണ് ഒരുക്കിയിരിക്കുന്നത്. ‘സൂപ്പർസ്റ്റാറിൻ്റെ സൂപ്പർ ഷോ’ എന്ന് പേരിട്ടിരിക്കുന്ന ഈ പ്രത്യേക പരിപാടി ഒക്ടോബർ 9 മുതൽ ഒ.ടി.ടി പ്ലാറ്റ്‌ഫോമായ സൺ നെക്സ്റ്റിലൂടെ സ്ട്രീമിംഗ് ആരംഭിക്കും. നേരത്തെ സെപ്റ്റംബർ 30-ന് നടന്ന ‘ജയിലർ 2 റേവ്’ പരിപാടിയിലൂടെയാണ് ചിത്രത്തിലെ ഗാനങ്ങൾ പുറത്തിറക്കിയത്.
സൺ പിക്ചേഴ്സിൻ്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിക്കുന്ന ചിത്രത്തിൽ രജനികാന്തിന് പുറമെ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. രമ്യ കൃഷ്ണൻ, യോഗി ബാബു, എസ്.ജെ സൂര്യ, മിഥുൻ ചക്രവർത്തി, വിദ്യ ബാലൻ എന്നിവർക്കൊപ്പം മലയാളി താരങ്ങളായ സുരാജ് വെഞ്ഞാറമൂടും അന്ന രാജനും പ്രധാന വേഷങ്ങളിൽ എത്തുന്നു. ആദ്യ ഭാഗത്തിൽ അതിഥി വേഷങ്ങളിൽ എത്തി തിയേറ്ററുകളിൽ ആവേശം തീർത്ത മോഹൻലാൽ, ശിവരാജ്കുമാർ, ജാക്കി ഷ്റോഫ് എന്നിവർക്കൊപ്പം ബോളിവുഡ് താരം ഹൃത്വിക് റോഷനും രണ്ടാം ഭാഗത്തിൽ എത്തുമെന്ന റിപ്പോർട്ടുകൾ സിനിമയുടെ ഹൈപ്പ് ഇരട്ടിയാക്കിയിട്ടുണ്ട്.
English Summary
Rajinikanth’s highly anticipated ‘Jailer 2’ has received a UA 16+ certification from the CBFC with a runtime of 2 hours and 45 minutes ahead of its October 15 release.