ലത മങ്കേഷ്‌കർ പാട്ട് നിർത്തണമെന്ന് പറഞ്ഞു, അദ്ദേഹം 80-ാം വയസ്സിലും പാടുന്നു; യേശുദാസിനെതിരെ ശാന്തിവിള ദിനേശ്
Shanthivila Dinesh Slams KJ Yesudas: "ലത മങ്കേഷ്‌കർ പാട്ട് നിർത്തണം, സ്വരം നന്നായിരിക്കുമ്പോൾ പാട്ട് നിർത്തണം എന്ന് പറഞ്ഞ അദ്ദേഹം 80-ാം വയസ്സിലും പാടുന്നു. മറ്റൊരാൾക്ക് നേരെ വിരൽ ചൂണ്ടുമ്പോൾ ബാക്കി വിരലുകൾ തനിക്ക് നേരെയാണെന്ന ബോധം അന്ന് അദ്ദേഹത്തിന് ഇല്ലാതെ പോയി," സംവിധായകൻ പറഞ്ഞു.
തിരുവനന്തപുരം: ഗാനഗന്ധർവ്വൻ കെ.ജെ. യേശുദാസിനെതിരെ രൂക്ഷവിമർശനവുമായി സംവിധായകൻ ശാന്തിവിള ദിനേശ്. മുൻകോപത്തിന്റെ പേരിലും നിലപാടുകളുടെ പേരിലും പലപ്പോഴും വിമർശനം നേരിട്ടിട്ടുള്ള യേശുദാസ്, ലത മങ്കേഷ്‌കർ പാട്ട് നിർത്തണമെന്ന് പണ്ട് പറഞ്ഞതിനെയാണ് ശാന്തിവിള ദിനേശ് ചോദ്യം ചെയ്യുന്നത്. സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്.
ലത മങ്കേഷ്‌കറിന് 60 വയസ്സായപ്പോൾ അവർ പാട്ട് നിർത്തണമെന്ന് പറഞ്ഞ യേശുദാസ്, സ്വന്തം കാര്യത്തിൽ ആ മാനദണ്ഡം പാലിച്ചില്ലെന്ന് ശാന്തിവിള ദിനേശ് കുറ്റപ്പെടുത്തി. “ലത മങ്കേഷ്‌കർ പാട്ട് നിർത്തണം, സ്വരം നന്നായിരിക്കുമ്പോൾ പാട്ട് നിർത്തണം എന്ന് പറഞ്ഞ അദ്ദേഹം 80-ാം വയസ്സിലും പാടുന്നു. മറ്റൊരാൾക്ക് നേരെ വിരൽ ചൂണ്ടുമ്പോൾ ബാക്കി വിരലുകൾ തനിക്ക് നേരെയാണെന്ന ബോധം അന്ന് അദ്ദേഹത്തിന് ഇല്ലാതെ പോയി,” സംവിധായകൻ പറഞ്ഞു.
വിമർശിക്കുമ്പോഴും പ്രിയപ്പെട്ട ഗായകൻ
യേശുദാസിന്റെ ഇപ്പോഴത്തെ ആലാപനത്തെ ‘ബോർ’ എന്ന് വിശേഷിപ്പിക്കുമ്പോഴും, ഇന്നത്തെ ഗായകരേക്കാൾ മികച്ചത് അദ്ദേഹം തന്നെയാണെന്ന് ശാന്തിവിള ദിനേശ് കൂട്ടിച്ചേർത്തു. “80-ാം വയസ്സിലും അദ്ദേഹം പാടുമ്പോൾ അത് ബോറാണെങ്കിലും അതിനേക്കാൾ ബോറാണ് മറ്റ് പാട്ടുകാർ. തൊണ്ടയ്ക്ക് ജലദോഷം വന്നത് പോലുള്ള ശബ്ദങ്ങളാണ് ഇപ്പോൾ കേൾക്കുന്നത്. എന്റെ വീട്ടിലും കാറിലും ഇന്നും യേശുദാസിന്റെ പാട്ടുകൾ മാത്രമേ വെക്കാറുള്ളൂ. ഏറ്റവും കൂടുതൽ വിമർശിക്കുന്നത് ദാസേട്ടനെയാണെങ്കിലും അദ്ദേഹത്തിന്റെ പാട്ടുകളോടാണ് എനിക്കിഷ്ടം,” അദ്ദേഹം വ്യക്തമാക്കി.