KG Markose-Vinayakan: ‘സിനിമയിൽ കയറിക്കൂടി എന്നല്ലാതെ എന്ത് വിശേഷ ഗുണമാണ് വിനായകന് ഉള്ളത്, വിദ്യാഭ്യാസമുണ്ടോ?’; കെ ജി മാർക്കോസ്
Singer K G Markose Criticizes Vinayakan: യേശുദാസിനെ അപമാനിക്കാൻ വിനായകന് എന്ത് അർഹതയാണ് ഉള്ളതെന്നാണ് കെ ജി മാർക്കോസ് ചോദിക്കുന്നത്. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം.
കെ ജെ യേശുദാസിനും അടൂർ ഗോപാലകൃഷ്ണനും എതിരെ നടൻ വിനായകൻ നടത്തിയ അധിക്ഷേപ പരാമർശത്തിൽ രൂക്ഷ വിമർശനവുമായി ഗായകൻ കെ ജി മാർക്കോസ്. വിനായകന്റെ പരാമർശങ്ങൾ വലിയ വിവാദമായതിനെ പിന്നാലെയാണ് കെ ജി മാർക്കോസും വിഷയത്തിൽ പ്രതികരിച്ചത്. യേശുദാസിനെ അപമാനിക്കാൻ വിനായകന് എന്ത് അർഹതയാണ് ഉള്ളതെന്നാണ് അദ്ദേഹം ചോദിക്കുന്നത്. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം.
കെ ജെ യേശുദാസിനും അടൂർ ഗോപാലകൃഷ്ണനും എതിരെ നടൻ വിനായകൻ നടത്തിയ പരാമർശം അങ്ങേയറ്റം ഹീനവും പ്രതിഷേധാർഹവുമാണ് എന്ന് കെജി മാർക്കോസ് പറയുന്നു. ചില ഗുണ്ടാ റോളുകൾ ചെയ്ത് മലയാള സിനിമയിൽ കയറിക്കൂടി എന്നല്ലാതെ വിനായകന് എന്ത് വിശേഷ ഗുണമാണുള്ളത്. നല്ല പെരുമാറ്റമോ, വിദ്യാഭ്യാസമോ വിനായകനുണ്ടോ എന്നും അദ്ദേഹം ചോദിക്കുന്നു. മലയാള സമൂഹത്തിനു മുന്നിൽ വിനായകന് ക്ഷമ പറയണമെന്നും അല്ലെങ്കിൽ മലയാള സിനിമയും മലയാളിയും ഇദ്ദേഹത്തെ ബഹിഷ്‌ക്കരിക്കാൻ മുന്നോട്ട് വരണം എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
കെ ജി മാർക്കോസിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
ഇദ്ദേഹത്തിനെതിരെ കേസെടുത്ത് അർഹമായ ശിക്ഷ വാങ്ങി കൊടുക്കാൻ അധികൃതർ മുന്നോട്ട് വരണമെന്നും കുറിപ്പിൽ പറയുന്നു. ഇന്നത്തെ തലമുറയിലെ ആസ്വാദകർ മുൻഗാമികളായ പലരെയും സംബോധന ചെയ്യുന്നത് വളരെ മോശമായിട്ടാണ്. സംഗീതത്തിൽ യേശുദാസിന്റെ മഹത്വവും സംഭാവനകളും അറിയാത്ത സമൂഹമാണ് അദ്ദേഹത്തെ അവഹേളിക്കുന്നത്. അദ്ദേഹം പാടിയ പാട്ടുകളിലെ വരികൾ അതിന്റെ പൂർണ്ണതയോടു കൂടി ആസ്വദിക്കാൻ കഴിയാത്തവരാണ് സംഗീത(അ)ജ്ഞരായി അഭിപ്രായം പറയുന്നത് എന്നും കെ ജി മാർക്കോസ് കൂട്ടിച്ചേർത്തു.
പണ്ട് കൂട്ടുകുടുംബമൊക്കെ ഉണ്ടായിരുന്ന കാലത്ത് 60 വയസ് കഴിഞ്ഞൊരാൾ വീട്ടിൽ ഉണ്ടെങ്കിൽ ആ ആൾ മുത്തശ്ശനാണ്. അച്ഛന്റെയോ അമ്മയുടെയോ അച്ഛൻ. ഇന്ന് അതൊരു 70 എന്നുവെച്ചാൽ പോലും, 85ൽ എത്തിനിൽക്കുന്ന മുതു മുത്തശ്ശനാണ് യേശുദാസ്. മുതിർന്നവരോടുള്ള പുതു തലമുറയുടെ കാഴ്ചപ്പാട് മാറേണ്ടതുണ്ട്. മലയാളിയുടെ അഭിമാനമായ ഗന്ധർവ്വ ഗായകൻ ശ്രീ. യേശുദാസിനെ അവഹേളിക്കുന്ന ഈ പ്രസ്താവന പ്രതിഷേധാർഹമാണ്. തന്റെ പ്രതിഷേധം താൻ ഇവിടെ കുറിക്കട്ടെ എന്ന് പറഞ്ഞാണ് കെ ജി മാർക്കോസിന്റെ കുറിപ്പ് അവസാനിക്കുന്നത്.