Harivarasam Song Sabarimala : ശബരിമലയിലെ ഭജനപ്പാട്ട് ഇന്നത്തെ ഹരിവരാസനമായത്…. സിനിമാഗാനം അങ്ങനെ അയ്യപ്പന്റെ ഉറക്കുപാട്ടായി
Story Behind Sabarimala's 'Harivarasanam: കൃതിയിലെ 16 പാദങ്ങൾ സിനിമയ്ക്കായി പകുതിയാക്കി ചുരുക്കുകയും, 'സ്വാമീ' എന്ന സംബോധന ഒഴിവാക്കുകയും ചെയ്തു. യേശുദാസിൻ്റെ ഗന്ധർവ ശബ്ദത്തിൽ റെക്കോർഡ് ചെയ്ത പുതിയ ഗാനം, ഭാവസാന്ദ്രത കൊണ്ട് മലയാളികളുടെ ഹൃദയം കവർന്നു.
പത്തനംതിട്ട : ശബരിമല സന്നിധാനത്ത് നടയടയ്ക്കുമ്പോൾ കേൾക്കുന്ന ഹരിവരാസനം എന്ന ഗാനത്തിന് പിന്നിൽ ആറു പതിറ്റാണ്ട് പഴക്കമുള്ള ഒരു ചരിത്രമുണ്ട്. ഒരു സിനിമാ ഗാനം എങ്ങനെ അയ്യപ്പസ്വാമിയുടെ ഔദ്യോഗിക ഉറക്കുപാട്ടായി മാറി എന്നതിൻ്റെ പിന്നാമ്പുറം പങ്കുവെക്കുന്നത് മെരിലാൻഡ് പി. സുബ്രഹ്മണ്യത്തിൻ്റെ മകൻ സുബ്രഹ്മണ്യം കാർത്തികേയനാണ്.
1960-കളുടെ തുടക്കത്തിൽ കാർത്തികേയൻ ശബരിമലയിൽവെച്ച് കേട്ട ഭജനപ്പാട്ട് മനസ്സിൽ ആഴത്തിൽ പതിഞ്ഞു. അത്താഴപ്പൂജയ്ക്ക് നടയടയ്ക്കുമ്പോൾ, ദീപങ്ങൾ അണയ്ക്കുന്നതിനനുസരിച്ച് ഒഴുകിയെത്തിയ ഭക്തിനിർഭരമായ ആ ഭജന പിന്നീട് സിനിമയിലെത്തിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു.
പി. സുബ്രഹ്മണ്യം ‘സ്വാമി അയ്യപ്പൻ’ ചലച്ചിത്രമാക്കാൻ തീരുമാനിച്ചപ്പോൾ, ഹരിവരാസനം സിനിമയിൽ ഉൾപ്പെടുത്തണമെന്ന് കാർത്തികേയൻ നിർബന്ധം പിടിച്ചു. ജി. ദേവരാജൻ മാസ്റ്ററായിരുന്നു സംഗീത സംവിധായകൻ. എന്നാൽ, ആദ്യം മാസ്റ്റർ ചിട്ടപ്പെടുത്തിയ ഈണം പഴയ ഭജനയുടെ ഭാവം ഉൾക്കൊണ്ടില്ല.
Also read – അതിനുശേഷം റിക്ക് എന്നെ ഭാര്യ എന്നാണ് വിളിച്ചിരുന്നത്! എന്റേത് രണ്ടാം കെട്ടാണല്ലോ; അർച്ചന കവി
മകന്റെ നിരന്തരമായ നിർബന്ധത്തിനു വഴങ്ങി സുബ്രഹ്മണ്യം ഈണം മാറ്റുന്ന കാര്യം മാസ്റ്ററോട് ആവശ്യപ്പെട്ടു. കാർത്തികേയൻ പഴയ ഭജനയുടെ ഈണം റെക്കോർഡ് ചെയ്ത് മാസ്റ്റർക്ക് എത്തിച്ചു. ഈ ഭാവം ഉൾക്കൊണ്ടുകൊണ്ട്, മധ്യമാവതി രാഗത്തിൽ ദേവരാജൻ മാസ്റ്റർ പുതിയ ഹരിവരാസനം ചിട്ടപ്പെടുത്തി.
കൃതിയിലെ 16 പാദങ്ങൾ സിനിമയ്ക്കായി പകുതിയാക്കി ചുരുക്കുകയും, ‘സ്വാമീ’ എന്ന സംബോധന ഒഴിവാക്കുകയും ചെയ്തു. യേശുദാസിൻ്റെ ഗന്ധർവ ശബ്ദത്തിൽ റെക്കോർഡ് ചെയ്ത പുതിയ ഗാനം, ഭാവസാന്ദ്രത കൊണ്ട് മലയാളികളുടെ ഹൃദയം കവർന്നു.
1975-ൽ റിലീസ് ചെയ്ത ‘സ്വാമി അയ്യപ്പൻ’ സൂപ്പർ ഹിറ്റായതോടെ ഹരിവരാസനവും ജനപ്രിയമായി. അധികം വൈകാതെ, ദേവസ്വം ബോർഡ് എടുത്ത സുപ്രധാന തീരുമാനപ്രകാരം, യേശുദാസ് പാടിയ ഹരിവരാസനം ശബരിമലയിൽ അത്താഴപ്പൂജയ്ക്ക് നടയടയ്ക്കുമ്പോൾ പശ്ചാത്തലത്തിൽ കേൾപ്പിക്കാൻ തുടങ്ങി. അങ്ങനെ ഒരു സിനിമാ ഗാനം അയ്യപ്പസ്വാമിയുടെ ഔദ്യോഗിക ഉറക്കുപാട്ടായി ചരിത്രത്തിൽ ഇടം നേടി.