Kireedam Movie: ഒറ്റയിരുപ്പില്‍ മൂന്ന് ദിവസംകൊണ്ട് എഴുതി… കിരീടം എന്ന ക്ലാസിക് പിറന്നതിങ്ങനെ
Behind the Story Of Kireedam Movie: മോഹന്‍ലാലിനെ നായകനാക്കി ലോഹിതദാസിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത കിരീടം എന്ന ക്ലാസിക് ചിത്രം വീണ്ടും തീയറ്ററുകളിലേക്ക് എത്തുകയാണ്. സിനിമ റിലീസ് ചെയ്ത് 37 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് റീ മാസ്റ്റര്‍ ചെയ്ത പതിപ്പ് ഒരിക്കല്‍ കൂടി സ്‌ക്രീനിലേക്ക് വരുന്നത്. ഏറ്റവും കുറഞ്ഞ സമയം കൊണ്ട് എഴുതി തീര്‍ത്ത തിരക്കഥയാണ് കിരീടത്തിന്റേത്.
മോഹന്‍ലാലിനെ നായകനാക്കി ലോഹിതദാസിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത കിരീടം എന്ന ക്ലാസിക് ചിത്രം വീണ്ടും തീയറ്ററുകളിലേക്ക് എത്തുകയാണ്. സിനിമ റിലീസ് ചെയ്ത് 37 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് റീ മാസ്റ്റര്‍ ചെയ്ത പതിപ്പ് ഒരിക്കല്‍ കൂടി സ്‌ക്രീനിലേക്ക് വരുന്നത്. നാളെ (ജൂലൈ 10 ) മുതലാണ് സിനിമയുടെ റീ റിലീസ് പതിപ്പ് പ്രദര്‍ശനം ആരംഭിക്കുന്നത്. മോഹന്‍ലാലിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നായ ഈ സിനിമയെ പറ്റിയാണ് ഇപ്പോള്‍ സിനിമ പ്രേമികള്‍ക്കിടയില്‍ പ്രധാന ചര്‍ച്ച. അതിനിടെ ഈ സിനിമയുമായി ബന്ധപ്പെട്ടുള്ള പഴയ അഭിമുഖങ്ങളും വീണ്ടും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുമുണ്ട്. അന്തരിച്ച തിരക്കഥാകൃത്ത് ലോഹിതദാസും സംവിധായകന്‍ സിബി മലയിലും ചേര്‍ന്ന് അമൃത ടിവിക്ക് വേണ്ടി നല്‍കിയ അഭിമുഖവും ഇതില്‍ ഉള്‍പ്പെടുന്നു.
ആ അഭിമുഖത്തില്‍ സംവിധായകനും തിരക്കഥാകൃത്തും കൃത്യമായി വിവരിക്കുന്നുണ്ട് കിരീടം എന്ന ചിത്രം ഉണ്ടായത് എങ്ങനെയെന്ന്. ബാലചന്ദ്രന്‍ ചുള്ളിക്കാടില്‍ നിന്നാണ് കിരീടം എന്ന സിനിമയുടെ ത്രെഡ് തങ്ങള്‍ക്ക് ലഭിക്കുന്നത്. തനിയാവര്‍ത്തനം എന്ന സിനിമ റിലീസ് ചെയ്തതിനുശേഷം ഇരുവരും എറണാകുളത്തെ ബിടിഎച്ച് ഹോട്ടലില്‍ ഇരിക്കുകയായിരുന്നു. അവിടേക്ക് ബാലചന്ദ്രന്‍ ചുള്ളിക്കാട് എത്തി. സിനിമയെക്കുറിച്ച് കുറെ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ വീണുപോയ ഒരു ഗുണ്ടയുടെ കഥ ബാലചന്ദ്രന്‍ ചുള്ളിക്കാട് പറയുകയുണ്ടായി.
Also Read: ശോകമാണ്… എനിക്ക് ഈ പാട്ട് വേണ്ടെന്ന് പറഞ്ഞു, ഒടുവില്‍ അതേ ഗാനത്തിന് സംസ്ഥാന അവാര്‍ഡ്! കരീടത്തെക്കുറിച്ച് എം.ജി ശ്രീകുമാര്‍
അവിടെനിന്നാണ് ഒരു ഗുണ്ടയുടെ ജീവിതത്തെ പറ്റി എന്നെങ്കിലും സിനിമ ചെയ്യാമെന്ന ആലോചന വരുന്നത്. അങ്ങനെ കുറച്ചുനാളുകള്‍ കഴിഞ്ഞുപോയി, ബാലചന്ദ്രന്‍ ചുള്ളിക്കാട് വീണ്ടും വിളിച്ചു ചോദിച്ചു നിങ്ങള്‍ ആ സിനിമ ചെയ്യുന്നുണ്ടോ എന്ന്. ഇല്ലെങ്കില്‍ മറ്റൊരാള്‍ക്ക് കൊടുക്കാനാണ് എന്ന് പറഞ്ഞായിരുന്നു വിളി. ആ കഥ എടുത്തോളൂ താങ്കള്‍ മറ്റൊരു പശ്ചാത്തലത്തിലാണ് സിനിമ ചെയ്യാന്‍ ഉദ്ദേശിക്കുന്നത് എന്ന് പറഞ്ഞു. അന്ന് ബാലചന്ദ്രന്‍ പറഞ്ഞ കഥ ഊഴം എന്ന സിനിമയായി ഇറങ്ങുകയും ചെയ്തു. പിന്നീട് നിര്‍മ്മാതാവായ ഉണ്ണിയും ദിനേശ് പണിക്കരും കൂടി ഒരു സിനിമയ്ക്ക് വേണ്ടി സമീപിക്കുന്നത്. മോഹന്‍ലാലിനെ വച്ചുള്ള ഒരു പ്രോജക്ട് എന്ന നിലയിലാണ് കിരീടം എന്ന കഥയിലേക്ക് എത്തുന്നത്.
സത്യത്തില്‍ കിരീടം എന്ന പേര് മറ്റൊരു ചിത്രത്തിന് വേണ്ടി കണ്ടുവെച്ചതായിരുന്നു എന്നും ലോഹിതദാസ് അഭിമുഖത്തില്‍ പറയുന്നുണ്ട്.താന്‍ തന്റെ ജീവിതത്തിലെ ഏറ്റവും കുറഞ്ഞ സമയം കൊണ്ട് എഴുതി തീര്‍ത്ത തിരക്കഥയാണ് കിരീടത്തിന്റേത്. വെറും മൂന്ന് ദിവസം കൊണ്ട് ഓണം ഉറക്കവുമില്ലാതെ ഒറ്റയിരുപ്പിലാണ് സിനിമയുടെ തിരക്കഥ എഴുതി പൂര്‍ത്തിയാക്കിയത്.കഥയുടെ വൈകാരികത മനസ്സില്‍ കിടക്കുന്നതിനാല്‍ ഒരുപാട് ചിന്തിക്കാതെ തന്നെ സ്വാഭാവികമായി കഥാ സന്ദര്‍ഭങ്ങള്‍ മുന്നിലേക്ക് വന്നുകൊണ്ടിരുന്നു. സെക്കന്‍ഡ് ഹാഫ് എഴുതി തീര്‍ക്കാന്‍ ഒന്നര ദിവസമാണ് എടുത്തതെന്നും ലോഹിതദാസ് അന്ന് വ്യക്തമാക്കിയിരുന്നു.
English Summary
Kireedam, the classic film directed by Sibi Malayil and starring Mohanlal based on a screenplay by Lohithadas s returning to theaters. The remastered version is hitting the big screen again, 37 years after the film’s original release. Notably, the screenplay for Kireedam was written in a remarkably short span of time.