Remembering Sreenivasan: മലയാള സിനിമയെ ‘ബ്ലാക്ക് ഹ്യൂമര്‍’ പഠിപ്പിച്ച ഹെഡ്മാഷ്; ചിരിയുടെ ഇരുണ്ട മുഖം സമ്മാനിച്ച ശ്രീനിവാസന്‍ ശൈലി
How Sreenivasan Redefined Malayalam Movie with Black Comedy: 'ബ്ലാക്ക് ഹ്യൂമര്‍' എന്ന ജോണറിലൂടെ ശ്രീനിവാസന്‍ ചലച്ചിത്ര ഹാസ്യരംഗത്ത് പുതുവിപ്ലവം സൃഷ്ടിച്ചത് ശ്രീനിവാസനാണ്. ചിരി മാത്രമല്ല, ചിന്തകളാണ് ബ്ലാക്ക് ഹ്യൂമറിലൂടെ ശ്രീനിവാസന്‍ സമ്മാനിച്ചത്
മലയാള സിനിമകളിലെ കോമഡികള്‍ ബോഡി ഷെയ്മിങിലും, അശ്ലീലതയിലും ചവിട്ടി നിലയുറപ്പിച്ചിരുന്ന സമയത്താണ് ‘ബ്ലാക്ക് ഹ്യൂമര്‍’ എന്ന ജോണറിലൂടെ ശ്രീനിവാസന്‍ ചലച്ചിത്ര ഹാസ്യരംഗത്ത് പുതുവിപ്ലവം സൃഷ്ടിച്ചത്. ജീവിതത്തിലെ പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളെയും, ദുഃഖങ്ങളെയും, കയ്‌പേറിയ അനുഭവങ്ങളെയും, അതിജീവനത്തെയും ‘ഇരുണ്ട ഹാസ്യ’ത്തിന്റെ കൂട്ടുപ്പിടിച്ച് ശ്രീനിവാസന്‍ മലയാളി പ്രേക്ഷകര്‍ക്കിടയിലേക്ക് ഇട്ടുകൊടുത്തു. കാണുന്നത് ‘ബ്ലാക്ക് ഹ്യൂമറോ, അതോ വൈറ്റ് ഹ്യൂമറോ’ എന്ന് വ്യാകുലപ്പെടാതെ മലയാളി പൊട്ടിച്ചിരിച്ചു, അല്ല ശ്രീനിവാസന്‍ ചിരിപ്പിച്ചു.
വെറുമൊരു ചിരിയില്ല, ചിന്തകളാണ് ബ്ലാക്ക് ഹ്യൂമറിലൂടെ ശ്രീനിവാസന്‍ സമ്മാനിച്ചത്. ഇരുണ്ട ഹാസ്യത്തിലൂടെ വെളിച്ചം വീശാനുള്ള ശ്രമങ്ങളായിരുന്നു ശ്രീനിവാസന്റെ എഴുത്തുകളില്‍ പ്രതിഫലിച്ചത്. രാഷ്ട്രീയത്തിലെ അപചയങ്ങളെ തുറന്നുകാട്ടിയ ‘സന്ദേശ’മാണ് മികച്ച ഉദാഹരണം. കാലിക പ്രസക്തി നിറഞ്ഞ ശ്രീനിവാസന്‍ മാജിക്കായിരുന്നു സന്ദേശം.
ദുരവസ്ഥകളിലൂടെ ജീവിക്കുമ്പോഴും, പ്രതീക്ഷകളോടെ ഭാവിയെ നോക്കിക്കാണുന്ന യുവാക്കളെ വരച്ചുകാട്ടിയ നാടോടിക്കാറ്റും, പട്ടണപ്രവേശവുമെല്ലാം ശ്രീനിവാസന്റെ ചിന്തയില്‍ വിരിഞ്ഞ ബ്ലാക്ക് ഹ്യൂമര്‍ ചിത്രങ്ങളായിരുന്നു. മലയാളിയുടെ അപകര്‍ഷതാബോധത്തിന്റെ പ്രതീകമായ തളത്തില്‍ ദിനേശനും (വടക്കുനോക്കിയന്ത്രം), ചുവപ്പുനാടയില്‍ കുരുങ്ങി ജീവിതം വഴിമുട്ടിയ മുരളിയും (വരവേല്‍പ്) നാം ഓരോരുത്തരുമാണെന്ന തോന്നല്‍ ജനിപ്പിച്ചതാണ് ശ്രീനിവാസന്‍ ചിത്രങ്ങളിലെ ബ്ലാക്ക് ഹ്യൂമര്‍ ഇഫക്ട്.
ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടുന്ന മലയാളിയെ നിശിതമായി വിമര്‍ശിക്കുന്ന ചിന്താവിഷ്ടയായ ശ്യാമളയുടെ ജോണറും മറ്റൊന്നുമല്ല, ബ്ലാക്ക് ഹ്യൂമര്‍ തന്നെ. ‘ഇരുണ്ട ഹാസ്യം’ എന്ന പുതുശൈലി മലയാളിക്ക് ആദ്യം പരിചയപ്പെടുത്തിയത് ശ്രീനിവാസന്‍ അല്ല. എന്നാല്‍ അത് മലയാളി പ്രേക്ഷകര്‍ക്കിടയില്‍ സ്വീകാര്യമാക്കിയതില്‍ പ്രധാനി ശ്രീനിവാസന്‍ തന്നെയാണ്.
ശ്രീനിവാസന് പിന്നാലെ എത്തിയവര്‍ അദ്ദേഹം തെളിയിച്ച പാതയില്‍ കൂടി സഞ്ചരിച്ചപ്പോള്‍ മലയാളത്തിന് പിന്നെയും ഒരുപിടി ഡാര്‍ക്ക് കോമഡി ചിത്രങ്ങള്‍ ലഭിച്ചു. എല്ലാത്തിനും തുടക്കം കുറിച്ച, ബ്ലാക്ക് ഹ്യൂമറിന്റെ തലതൊട്ടപ്പനായ ഇതിഹാസത്തെയാണ് ശ്രീനിവാസന്റെ വിയോഗത്തിലൂടെ മലയാളത്തിന് നഷ്ടമായിരിക്കുന്നത്.