Remembering Sreenivasan: ജീവിതാനുഭവങ്ങള്‍ ചാലിച്ച് ശ്രീനിവാസന്‍ എഴുതിയ കഥ; വാജ്‌പേയിയെയും പിടിച്ചുലച്ചു ആ മലയാള സിനിമ
Real Story Behind Sreenivasan's Varavelpu: പഴകും തോറും വീര്യം കൂടുന്ന വീഞ്ഞ് പോലെയാണ് ശ്രീനിവാസന്‍ സിനിമകള്‍. ശ്രീനിവാസന്റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത് 1989 ല്‍ പുറത്തിറങ്ങിയ വരവേല്‍പ് എന്ന ചിത്രം അത്തരത്തില്‍ ഒന്നായിരുന്നു
പഴകും തോറും വീര്യം കൂടുന്ന വീഞ്ഞ് പോലെയാണ് മലയാളിക്ക് ശ്രീനിവാസന്‍ സിനിമകള്‍. അതിന് ഉത്തമോദാഹരണമായി പലരും ചൂണ്ടിക്കാണിക്കുന്നത് ‘സന്ദേശം’ എന്ന സിനിമയായിരിക്കും. എന്നാല്‍ സന്ദേശത്തോടൊപ്പം കിടപിടിക്കാവുന്ന, ആ ശ്രേണിയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന മറ്റൊരു സിനിമയും ശ്രീനിവാസന്‍ സമ്മാനിച്ചിരുന്നു. ശ്രീനിവാസന്റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത് 1989 ല്‍ പുറത്തിറങ്ങിയ വരവേല്‍പ് എന്ന ചിത്രം. വരവേല്‍പില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച മുരളി എന്ന കഥാപാത്രം പ്രവാസി മലയാളികളുടെ പ്രതീകമായിരുന്നു. ഗള്‍ഫ് മണ്ണില്‍ വിയര്‍പ്പൊഴുക്കി സ്വരൂപിച്ച പണം കൊണ്ട് നാട്ടിലെത്തി എന്തെങ്കിലും ബിസിനസ് തുടങ്ങാന്‍ ശ്രമിക്കുന്ന പ്രവാസി നേരിടുന്ന പ്രതിസന്ധികളാണ് ചിത്രത്തിന്റെ പ്രമേയം. ഇന്നും ഏറെ പ്രസക്തമായ കഥാപരിസരം.
ശ്രീനിവാസന്‍ ചിത്രങ്ങള്‍ എപ്പോഴും കണക്ട് ചെയ്യുന്നത് സാധാരണക്കാരെയാണ്. ഓരോ കഥാപാത്രങ്ങളും നമുക്ക് ചുറ്റുമുള്ള ആരൊക്കെയോ ആണെന്നുള്ള തോന്നല്‍ ജനിപ്പിക്കുന്നതാണ് ശ്രീനിവാസന്‍ ചിത്രങ്ങളുടെ ഹൈലൈറ്റ്. സ്വന്തം ജീവിതാനുഭവങ്ങള്‍ ചാലിച്ച് അദ്ദേഹം കഥകളെഴുതിയതാണ് അതിന് കാരണം. വരവേല്‍പും അത്തരത്തില്‍ ഒരു ചിത്രമായിരുന്നു.
സ്വന്തം ജീവിതം
സ്വന്തം പിതാവ് നേരിട്ട അനുഭവങ്ങളാണ് ശ്രീനിവാസന്‍ ‘വരവേല്‍പി’ന്റെ രൂപത്തില്‍ മലയാളികളോട് പറഞ്ഞത്. വരവേല്‍പിലെ മോഹന്‍ലാലിന്റെ കഥാപാത്രമായ മുരളീധരനുണ്ടായ അനുഭവം തന്റെ പിതാവിന് സംഭവിച്ചതാണെന്ന് ഒരിക്കല്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ശ്രീനിവാസന്‍ വെളിപ്പെടുത്തിയിരുന്നു.
വീടും പറമ്പും പണയം വെച്ച് കിട്ടിയ പണം ഉപയോഗിച്ച് ബസ് വാങ്ങിയ തന്റെ പിതാവിനെ ബൂര്‍ഷ്വാസിയായാണ് പാര്‍ട്ടിക്കാര്‍ കണ്ടതെന്നായിരുന്നു ശ്രീനിവാസന്റെ വെളിപ്പെടുത്തല്‍. ശത്രുവിനെ പോലെയാണ് അവര്‍ പിതാവിനെ കൈകാര്യം ചെയ്തത്. അതോടെ എല്ലാം നഷ്ടപ്പെട്ട തങ്ങള്‍ക്ക് വാടകവീട്ടില്‍ കഴിയേണ്ടി വന്നെന്നും ശ്രീനിവാസന്‍ വ്യക്തമാക്കിയിരുന്നു.
വാജ്‌പേയിയെയും സ്പര്‍ശിച്ച ‘വരവേല്‍പ്’
വരവേല്‍പ് എന്ന സിനിമയുടെ കഥ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയെയും സ്പര്‍ശിച്ചിരുന്നു. 2003-ൽ കേരളത്തിൽ നടന്ന ആഗോള നിക്ഷേപക സംഗമത്തില്‍ പ്രസംഗിക്കുന്നതിനിടെയാണ് വരവേല്‍പിനെക്കുറിച്ചും വാജ്‌പേയ് സംസാരിച്ചത്. ബിസിനസ്സ് ചെയ്യാൻ അനുകൂലമല്ലാത്ത ഒരു സ്ഥലമായി കേരളം മാറിയെന്നായിരുന്നു അന്ന് വാജ്‌പേയിയുടെ വിമര്‍ശനം. വരവേല്‍പിന്റെ കഥ പരാമര്‍ശിച്ചുകൊണ്ടാണ് അന്ന് വാജ്‌പേയി വിമര്‍ശനം ഉന്നയിച്ചത്.
ഇന്ത്യയുടെയും ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലും കേരളത്തില്‍ നിന്നുള്ളവര്‍ മാതൃകാപരമായ സംരഭകത്വവുമായി വരുന്നു. എന്നാല്‍ കേരളത്തില്‍ വ്യവസായം നടത്താനും, നിക്ഷേപിക്കാനും അവര്‍ക്ക് തോന്നുന്നില്ല. കേരളത്തില്‍ ബിസിനസ് സൗഹൃദ അന്തരീക്ഷം ലഭിക്കുന്നില്ലെന്നാണ് ധാരണ. ഉയർന്ന വരുമാനമുള്ള ധാരാളം ആളുകൾ ഉള്ളതിനാൽ സാധനങ്ങൾ വിൽക്കാൻ ഇത് ഒരു നല്ല സ്ഥലമായി കാണപ്പെടുന്നു, പക്ഷേ വ്യാവസായിക, മറ്റ് ബിസിനസ് സംരംഭങ്ങൾ സ്ഥാപിക്കാൻ പറ്റിയ നാടല്ല കേരളമെന്നായിരുന്നു വാജ്‌പേയിയുടെ വിമര്‍ശനം.
മോഹൻലാൽ അഭിനയിച്ച ‘വരവേൽപ്പ്’ എന്നൊരു സിനിമയെക്കുറിച്ച് കേട്ടു. വലിയ പ്രതീക്ഷകളോടെയാണ് ആ സിനിമയിലെ കഥാപാത്രം തന്റെ സമ്പാദ്യം ഒരു ചെറുകിട ബിസിനസ് സംരംഭത്തിൽ നിക്ഷേപിച്ചത്. എന്നാല്‍ നിരവധി മോശം അനുഭവങ്ങളിലൂടെ കടന്നുപോയ അദ്ദേഹം ആ ബിസിനസ് അടച്ചുപൂട്ടിയെന്നും വാജ്‌പേയ് പറഞ്ഞു. ഇനി ഇവിടെ ഒരു മുരളിക്കും അത്തരമൊരു അവസ്ഥ ഉണ്ടാകരുതെന്നായിരുന്നു വാജ്‌പേയിയുടെ വാക്കുകളുടെ സാരം.