Molestation Case: തമിഴ്നാട്ടിൽ 15-കാരിക്കുനേരേ ലൈംഗികാതിക്രമം; കൂട്ടുകാരായ രണ്ടുപേരും 19-കാരനും പിടിയിൽ
15-year-old girl assaulted: പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ലൈംഗികാതിക്രമണത്തിനാണ് കേസെടുത്തിരിക്കുന്നത്. പ്രായപൂർത്തിയാകാത്ത പ്രതികളെ ജുവനൈൽ ഹോമിലേക്ക് മാറ്റി.

പ്രതീകാത്മക ചിത്രം
തമിഴ്നാട് കാഞ്ചീപുരത്തെ പാർക്കിൽ പതിനഞ്ച് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം. സംഭവത്തിൽ പെൺകുട്ടിയുടെ കൂട്ടുകാരായ രണ്ട് ആൺകുട്ടികളെയും19-കാരനെയും പൊലീസ് അറസ്റ്റ് ചെയ്തു.
പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ലൈംഗികാതിക്രമണത്തിനാണ് കേസെടുത്തിരിക്കുന്നത്. പ്രായപൂർത്തിയാകാത്ത പ്രതികളെ ജുവനൈൽ ഹോമിലേക്ക് മാറ്റി. 19-കാരനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
അറസ്റ്റിലായവരിൽ രണ്ട് പേർ പെൺകുട്ടിയുടെ അയൽക്കാരും കുട്ടിക്കാലം തൊട്ട് പരിചയമുള്ളവരും ആണ്. സംഭവദിവസം അവർ പെൺകുട്ടിയെ പാർക്കിൽ കൊണ്ട് പോയി. തുടർന്ന് ആൺകുട്ടികളുടെ സുഹൃത്തായ 19-കാരനും സ്ഥലത്തെത്തി. ഇതിനുപിന്നാലെ മൂവരും പെണ്‍കുട്ടിയെ മോശമായരീതിയില്‍ സ്പര്‍ശിച്ചെന്നും ലൈംഗികബന്ധത്തിനായി നിര്‍ബന്ധിച്ചെന്നുമാണ് പരാതി.
മയക്ക് മരുന്ന് കലർത്തിയ പാനീയം പ്രതികൾ കുടിക്കാൻ കൊടുത്തുവെന്നും ഇത് കുടിച്ചതോടെ ബോധരഹിതയായെന്നും പെൺകുട്ടി പൊലീസിന് മൊഴി നൽകി. വീട്ടിലെത്തിയ പെൺകുട്ടി ഉടൻ തന്നെ മാതാപിതാക്കളെ വിവരമറിയിച്ചു. തുടർന്ന് പൊലീസിൽ പരാതി നൽകുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.