“പൈലറ്റിൻ്റെ കണ്ണുകൾ ചുവന്നിരുന്നു…”; 300 അടി താഴേക്ക് വിമാനം കൂപ്പുകുത്തിയതിന് പിന്നിലെ യഥാർത്ഥ കാരണം എന്ത്?
"His Eyes Were Red": Passenger Alleges Pilot Was 'High' Before Air India's 300-Ft Plunge: താനും സഹോദരനുമായിരുന്നു വിമാനത്തിൽ അവസാനം കയറിയത്. പൈലറ്റും ഞങ്ങളോടൊപ്പമാണ് വിമാനത്തിലേക്ക് പ്രവേശിച്ചത്. വിമാനം കൃത്യസമയത്താണോ പുറപ്പെടുന്നത് എന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു. വളരെ പതുക്കെയാണ് അദ്ദേഹം മറുപടി നൽകിയത്. അദ്ദേഹത്തിൻ്റെ കണ്ണുകൾ ചുവന്നിരുന്നു. പൈലറ്റ് ലഹരിയിലാണെന്ന് ഞാൻ അപ്പോൾ തന്നെ സഹോദരനോട് പറഞ്ഞിരുന്നു

എയർ ഇന്ത്യാ വിമാനം
ന്യൂഡൽഹി: ഫുക്കറ്റിൽ നിന്നും ഡൽഹിയിലേക്കുള്ള യാത്രാമധ്യേ എയർ ഇന്ത്യ വിമാനം പെട്ടെന്ന് 300 അടിയോളം താഴേക്ക് പതിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. വിമാനം പുറപ്പെടുന്നതിന് മുൻപ് തന്നെ പൈലറ്റ് ലഹരിയിലായിരുന്നുവെന്ന് വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരൻ വെളിപ്പെടുത്തി. ഇതിന് പുറമെ, അപകടസമയത്ത് വിമാനത്തിനുള്ളിൽ അരങ്ങേറിയ സംഭവങ്ങൾ വ്യക്തമാക്കുന്ന എയർ ഇന്ത്യയുടെ ആഭ്യന്തര ഫ്ലൈറ്റ് സേഫ്റ്റി റിപ്പോർട്ടിലെ വിവരങ്ങളും ദേശീയ മാധ്യമമായ എൻ.ഡി.ടി.വി പുറത്തുവിട്ടിട്ടുണ്ട്.
“പൈലറ്റിൻ്റെ കണ്ണുകൾ ചുവന്നിരുന്നു”
വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിന് മുൻപ് തന്നെ പൈലറ്റ് ലഹരി ഉപയോഗിച്ച നിലയിലായിരുന്നുവെന്ന് യാത്രക്കാരൻ വെളിപ്പെടുത്തിയതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്യുന്നു. യുവാവിൻ്റെ പ്രതികരണ ഇങ്ങനെ: താനും സഹോദരനുമായിരുന്നു വിമാനത്തിൽ അവസാനം കയറിയത്. പൈലറ്റും ഞങ്ങളോടൊപ്പമാണ് വിമാനത്തിലേക്ക് പ്രവേശിച്ചത്. വിമാനം കൃത്യസമയത്താണോ പുറപ്പെടുന്നത് എന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു. വളരെ പതുക്കെയാണ് അദ്ദേഹം മറുപടി നൽകിയത്. അദ്ദേഹത്തിൻ്റെ കണ്ണുകൾ ചുവന്നിരുന്നു. പൈലറ്റ് ലഹരിയിലാണെന്ന് ഞാൻ അപ്പോൾ തന്നെ സഹോദരനോട് പറഞ്ഞിരുന്നുവെന്ന് യാത്രക്കാരൻ വ്യക്തമാക്കി.
വിമാനത്തിൽ എല്ലാവരും വിശ്രമിക്കുമ്പോഴാണ് പെട്ടെന്ന് ഒരു വലിയ ശബ്ദം കേട്ടത്. ഫൈറ്റർ ജെറ്റുകൾ പോകുന്നതുപോലുള്ള ശബ്ദമായിരുന്നു അത്. നിമിഷങ്ങൾക്കകം തൻ്റെ സഹോദരൻ മൂന്നോ നാലോ തവണ വിമാനത്തിൻ്റെ മുകൾഭാഗത്ത് ചെന്നിടിച്ചു. സാധനങ്ങളെല്ലാം പറക്കുകയായിരുന്നു. അപകടത്തിന് ശേഷം യാത്രക്കാരോട് ദൃശ്യങ്ങൾ പകർത്തെടുക്കരുതെന്ന്, പൈലറ്റ് ആവശ്യപ്പെട്ടതായും ഇയാൾ ആരോപിച്ചു. പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ നൽകാൻ വിമാനം എമർജൻസി ലാൻഡിംഗ് നടത്താതിരുന്നത് എന്തുകൊണ്ടാണെന്നും യാത്രക്കാരൻ ചോദിക്കുന്നു.
കോക്പിറ്റിൽ സംഭവിച്ചത്
ഓഗസ്റ്റ് 4-നാണ് 137 യാത്രക്കാരും 8 ജീവനക്കാരുമായി പോവുകയായിരുന്ന AI-2379 എയർബസ് A320 വിമാനം അപകടത്തിൽപ്പെട്ടത്. 20 യാത്രക്കാർക്കും 4 ക്യാബിൻ ക്രൂവിനും പരിക്കേറ്റിരുന്നു. അപകടസമയത്ത് ക്യാപ്റ്റൻ തൻ്റെ സീറ്റിലുണ്ടായിരുന്നില്ല എന്ന് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്യുന്നു. ഈ സമയം കോ-പൈലറ്റിന് പിന്നിലായി നിന്ന് എ.സി സിസ്റ്റത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിനിടെയാണ് വിമാനത്തിൻ്റെ വേഗത കുറയുകയും അലാറം മുഴങ്ങുകയും ചെയ്തത്. ഓട്ടോപൈലറ്റ് സംവിധാനം വിച്ഛേദിക്കപ്പെടുകയും വിമാനത്തിൻ്റെ മുൻഭാഗം മുകളിലേക്ക് ഉയരുകയും ചെയ്തിരുന്നു. ഇത് മനസ്സിലാക്കിയ കോ-പൈലറ്റ് വിമാനത്തിൻ്റെ മുൻഭാഗം താഴേക്ക് കുതിക്കുന്ന രീതിയിൽ നിയന്ത്രിച്ചു.
Also Read: പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചു? ഡൽഹി ഫുക്കറ്റ് എയർ ഇന്ത്യ വിമാനത്തിലെ അപകടത്തിൽ വഴിത്തിരിവ്
പെട്ടെന്ന് വിമാനം താഴേക്ക് കുതിച്ചതോടെ കോക്പിറ്റിലുണ്ടായിരുന്ന ക്യാപ്റ്റൻ ഉൾപ്പെടെയുള്ളവരും മറ്റ് സാധനങ്ങളും മുകളിലേക്ക് ഉയർന്നു പൊങ്ങി. ശ്രമപ്പെട്ട് സീറ്റിലേക്ക് മടങ്ങിയെത്തിയ ക്യാപ്റ്റൻ ഉടൻ തന്നെ വിമാനത്തിൻ്റെ പൂർണ്ണ നിയന്ത്രണം ഏറ്റെടുക്കുകയും എഞ്ചിൻ ത്രസ്റ്റ് വർദ്ധിപ്പിച്ച് വിമാനത്തെ പഴയ നിലയിലാക്കുകയുമായിരുന്നു. അപ്പോഴേക്കും 300 അടിയോളം താഴ്ചയിലേക്ക് വിമാനം പതിച്ചിരുന്നു എന്ന് എൻഡി.ടിവി റിപ്പോർട്ട് ചെയ്യുന്നു.
വിമാനം നിയന്ത്രണത്തിലായ ശേഷം പൈലറ്റുമാർ കൊൽക്കത്ത എയർ ട്രാഫിക് കൺട്രോളിൽ വിവരമറിയിക്കുകയും ഡൽഹിയിൽ തന്നെ ലാൻഡ് ചെയ്യാൻ തീരുമാനിക്കുകയുമായിരുന്നു. വിമാനത്തിൻ്റെ മൂന്ന് ഹൈഡ്രോളിക് സംവിധാനങ്ങളിലും ഒരേസമയം തകരാർ സംഭവിച്ചുവെന്ന ഗുരുതരമായ വിവരവും റിപ്പോർട്ടിലുണ്ട്. ഇതിന് പുറമെ വിമാനത്തിൻ്റെ ദിശ നിയന്ത്രിക്കുന്ന എലിവേറ്ററുകൾക്കും തകരാർ സംഭവിച്ചിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.
English Summary
An internal report on the Air India Phuket-Delhi flight’s 300-foot plunge revealed terrifying cockpit chaos and a rare triple hydraulic failure. Meanwhile, a passenger claimed the chief pilot appeared “high” before takeoff and discouraged passengers from recording the aftermath, raising severe concerns about crew conduct during the mid-air scare.