Amritha Express: അമൃത എക്സ്പ്രസ് ഇനി രാമേശ്വരത്തേക്കും; പാമ്പൻ പാലത്തിന്റെ പണി ഉടൻ പൂർത്തിയാകും
Amritha Express to Begin Rameswaram Service: 2022-ലാണ് അപകട മുന്നറിയിപ്പിനെ തുടർന്ന് റെയിൽപ്പാലം അടയ്ക്കുന്നത്. നിലവിൽ റോഡുപാലം മാത്രമാണ് രാമേശ്വരവുമായി ബന്ധപ്പെടാനുള്ള ഒരേയൊരു വഴി.
രാമനാഥപുരം: പാമ്പൻ പാലത്തിന്റെ ജോലികൾ ഏറെക്കുറെ പൂർത്തിയായതായും നവംബർ മാസത്തിൽ പാലത്തിന്റെ ഉദ്ഘാടനം ഉണ്ടാകുമെന്നും ദക്ഷിണ റെയിൽവേ അറിയിച്ചു. കഴിഞ്ഞ ദിവസം, ദക്ഷിണ റെയിൽവേയുടെ ഉന്നത ഉദ്യോഗസ്ഥർ പാലം പരിശോധിക്കുകയും, പാലത്തിന്റെ ഇടയിൽ വരുന്ന ലിഫ്റ്റ് സ്പാൻ ടെസ്റ്റ് ചെയ്യുകയുമുണ്ടായി. കമ്മീഷൻ ഓഫ് റെയിൽവേ സേഫ്റ്റി നടത്തുന്ന പരിശോധനകൾ പൂർത്തിയാകാൻ ഏകദേശം ഒരു മാസം സമയമെടുക്കും. ഇത് പൂർത്തിയാകുന്നതോടെ നവംബർ മാസം അവസാനത്തോടെ പാലം പൂർണ സജ്ജമാകും.
2022-ലാണ് അപകട മുന്നറിയിപ്പിനെ തുടർന്ന് റെയിൽപ്പാലം അടയ്ക്കുന്നത്. നിലവിൽ റോഡുപാലം മാത്രമാണ് രാമേശ്വരവുമായി ബന്ധപ്പെടാനുള്ള ഒരേയൊരു വഴി. പാലത്തിന്റെ പണി പൂർത്തിയാകുന്നതോടെ റെയിൽപ്പാലം വീണ്ടും തുറക്കും. അതോടെ, അമൃത എക്സ്പ്രസ് അടക്കമുള്ള ട്രെയിനുകൾക്ക് രാമേശ്വരത്തേക്ക് എത്താം. നിലവിൽ, അമൃത എക്സ്പ്രസിന്റെ സേവനം മധുരൈ ജങ്ഷൻ വരെയാണ്.
അതേസമയം, 550 കോടി രൂപ മുടക്കിയാണ് പാമ്പൻ പാലം നിർമ്മിക്കുന്നത്. നേരത്തെ ഒക്ടോബർ 2-ന് പാലം ഉദ്ഘാടനം ചെയ്യാൻ തീരുമാനിച്ചിരുന്നെങ്കിലും, ജോലികൾ വിചാരിച്ച സമയത്ത് പൂർത്തിയാകാതെ വന്നതോടെ വീണ്ടും നീട്ടുകയായിരുന്നു. നവംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാകും പാലം ഉദ്ഘാടനം ചെയ്യുക.
ALSO READ: വ്യാജബോംബ് ഭീഷണി; വിമാനക്കമ്പനികൾക്ക് നഷ്ടം 3 കോടി
2022-ലാണ് പുതിയ പാമ്പൻ പാലത്തിന്റെ പണി ആരംഭിച്ചത്. ഇത് കാരണം ഇത്രയും നാളായി രാമേശ്വരത്തേക്കുള്ള ട്രെയിൻ സർവീസുകളും തടസപ്പെട്ടിരിക്കുകയാണ്. 2.05 കിലോമീറ്റർ ദൈർഘ്യമുള്ള പാലത്തിന്റെ നീളം 18.3 മീറ്ററാണ്. 200 സ്പാനുകൾ ഉൾപ്പെടുത്തിക്കൊണ്ടാണ് പാലത്തിന്റെ നിർമ്മാണം. കൂടാതെ, പാലത്തിന്റെ ഇടയിലായി ഒരു നാവിഗേഷൻ സ്പാനും വരുന്നുണ്ട്. കപ്പലുകൾക്ക് കടന്നുപോകാൻ പാകത്തിന് 63 മീറ്റർ നീളത്തിലുള്ള സ്പാനാണ് കൊടുത്തിട്ടുള്ളത്. നേരത്തെ നാവിഗേഷൻ സ്പാനുകൾ രണ്ടുവശത്തേക്ക് ഒഴിഞ്ഞു കൊടുക്കുന്ന രീതിയിലായിരുന്നെങ്കിലും, പുതിയ പാലത്തിൽ ഉയർന്നു പൊങ്ങുന്ന രീതിയിലാണ് സ്പാൻ കൊടുത്തിരിക്കുന്നത്. രാജ്യത്ത് തന്നെ ഇതാദ്യമായാണ് ഇത്തരമൊരു നാവിഗേഷൻ സ്പാൻ.
ഇന്ത്യയിലെ ഏറ്റവും വലിയ കടൽപ്പാലം കൂടിയാണ് പാമ്പൻ പാലം. 1915-ൽ തുറന്ന പാലം ധനുഷ് കോടി വരെ ഉണ്ടായിരുന്നെങ്കിലും, നിലവിൽ അത് രാമേശ്വരം വരെയാണുള്ളത്. 1964-ൽ ധനുഷ്ക്കോടിയിൽ ഉണ്ടായ കൊടുങ്കാറ്റിലെ നാശനഷ്ടങ്ങളിൽ റെയിൽപ്പാലവും ഉൾപ്പെടുന്നു. അന്നത്തെ സംഭവത്തോടെ ആ പ്രദേശത്ത് ജനങ്ങൾ താമസിക്കരുതെന്ന ഉത്തരവും സർക്കാർ ഇറക്കി. പാമ്പൻ പാലത്തിനുണ്ടായ കേടുപാടുകൾ 46 ദിവസം കൊണ്ട് തീർത്ത് സഞ്ചാരയോഗ്യമാക്കിയതോടെയാണ് ഇ ശ്രീധരൻ ശ്രദ്ധിക്കപ്പെടുന്നത്. തുടർന്ന്, 1988-ൽ രാമേശ്വരത്തേക്ക് റോഡുപാലം കൂടി വന്നു.