Bengaluru: വിദേശികൾക്ക് വീട് വാടകയ്ക്ക് കൊടുക്കുകയാണോ?; പോലീസിൻ്റെ ഈ നിബന്ധനകൾ പാലിച്ചില്ലെങ്കിൽ പണികിട്ടും
Guidelines For Bengaluru House Owners: ബെംഗളൂരുവുവിലെ വീട്ടുടമകൾക്ക് നിബന്ധനകളുമായി പോലീസ്. വിദേശികൾക്ക് വീട് വാടകയ്ക്ക് നൽകുന്നതിലാണ് നിർദ്ദേശങ്ങൾ.
വിദേശികൾക്ക് വീട് കൊടുക്കുന്നതിൽ പുതിയ നിബന്ധനകളുമായി ബെംഗളൂരു പോലീസ്. ബെംഗളൂരു സിറ്റി പോലീസ് വടക്കുകിഴക്കൻ വിഭാഗമാണ് കെട്ടിട ഉടമകൾക്കായി പുതിയ നിബന്ധനകൾ പുറത്തിറക്കിയത്. നിബന്ധനകൾ പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
പോലീസിനെ അറിയിക്കാതെ വിദേശികൾക്ക് വീട് വാടകയ്ക്ക് കൊടുത്തവർക്കെതിരെ കോത്തനൂർ പോലീസ് സ്റ്റേഷൻ നിയമനടപടി സ്വീകരിച്ചതിന് പിന്നാലെയാണ് നിബന്ധനകൾ പുറത്തിറക്കിയത്. നോർത്തീസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി കമ്മീഷണർ പുറത്തിറക്കിയ നിബന്ധനകളനുസരിച്ച് ബെംഗളൂരുവിലെ വിവിധ ഇടങ്ങളിൽ വിദേശികൾ വാടകയ്ക്ക് താമസിക്കുന്നുണ്ട്. ഇവരിൽ പലരുടെ വിവരങ്ങളും പോലീസിനെ അറിയിച്ചിട്ടില്ല. ചില വീടുകളിൽ വീസ കാലാവധി കഴിഞ്ഞ വിദേശികൾ പോലും താമസിക്കുന്നുണ്ട്. ഇത് സുരക്ഷാഭീഷണിയാണെന്നും പോലീസ് പറയുന്നു.
നഗരത്തിലെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് വിദേശികൾ കൂടുതലായി പിടിയ്ക്കപ്പെടുന്നുണ്ട്. ഇതും ശക്തമായ നിബന്ധനകൾ ഏർപ്പെടുത്താനുള്ള കാരണമാണ്. ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ പരിശോധന ശക്തമാക്കാനാണ് പോലീസിൻ്റെ തീരുമാനം. പോലീസിനെ അറിയിക്കാതെ വിദേശികൾക്ക് വീട് വാടകയ്ക്ക് നൽകുന്നവർക്കെതിരെ വിദേശനിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം ഇത്തരക്കാർക്കെതിരെ കേസെടുക്കുമെന്നാണ് അധികൃതർ അറിയിച്ചത്. നഗരത്തിലെ വിദേശികളെപ്പറ്റി കൃത്യമായ ധാരണ ഉണ്ടാവാനാണ് ഇങ്ങനെ ഒരു തീരുമാനമെടുത്തത് എന്നും പോലീസ് വ്യക്തമാക്കി.
വിദേശികൾക്ക് വീട് വാടകയ്ക്ക് നൽകുമ്പോൾ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കണം. അതിന് തയ്യാറാത്തവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.