Vandebharat Sleeper: പരാതി വേണ്ട, വന്ദേ ഭാരത് സ്ലീപ്പറിൽ ഉടൻ നോൺ വെജ് എത്തും
Howrah-Kamakhya Vande Bharat sleeper train: ജനുവരി 17-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്ത ഈ ട്രെയിൻ രാത്രികാല സർവീസാണ് നടത്തുന്നത്. രാത്രി യാത്രകളിൽ മാംസാഹാരം ലഭ്യമല്ലാത്തതിനെക്കുറിച്ച് വൻതോതിൽ പരാതികൾ ഉയർന്നിരുന്നു.
കൊൽക്കത്ത: ഇന്ത്യയിലെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനായ ഹൗറ-കാമാഖ്യ സർവീസിൽ ഇനിമുതൽ മാംസാഹാര വിഭവങ്ങളും ലഭ്യമാകും. യാത്രക്കാരുടെ നിരന്തരമായ ആവശ്യത്തെത്തുടർന്നാണ് ഈസ്റ്റേൺ റെയിൽവേയുടെ നടപടി. നിലവിൽ സസ്യാഹാരം മാത്രമാണ് ഈ ട്രെയിനിൽ വിളമ്പുന്നത്.
ജനുവരി 17-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്ത ഈ ട്രെയിൻ രാത്രികാല സർവീസാണ് നടത്തുന്നത്. രാത്രി യാത്രകളിൽ മാംസാഹാരം ലഭ്യമല്ലാത്തതിനെക്കുറിച്ച് വൻതോതിൽ പരാതികൾ ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഒരു ആഴ്ചയ്ക്കുള്ളിൽ പുതിയ ഭക്ഷണക്രമം പ്രാബല്യത്തിൽ വരുമെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി.
പ്രാദേശിക വിഭവങ്ങൾക്ക് മുൻഗണന
പശ്ചിമ ബംഗാളിലെയും അസമിലെയും ഭക്ഷണശൈലിയിൽ മത്സ്യത്തിനും മാംസത്തിനും വലിയ പ്രാധാന്യമാണുള്ളത്. ഇത് കണക്കിലെടുത്ത് ഹൗറയിൽ നിന്നുള്ള ട്രെയിനുകളിൽ ബംഗാളി വിഭവങ്ങൾ കൂടുതൽ ഉൾപ്പെടുത്തും. കാമാഖ്യയിൽ നിന്നുള്ള ട്രെയിനുകളിൽ അസമീസ് വിഭവങ്ങളാവും കൂടുതൽ.
രാജധാനി, ശതാബ്ദി, മറ്റ് വന്ദേ ഭാരത് ഡേ ട്രെയിനുകൾ എന്നിവയിൽ നിലവിൽ മാംസാഹാരം ലഭ്യമാണ്. സമാനമായ രീതിയിൽ സ്ലീപ്പർ ട്രെയിനിലും മാംസാഹാരം ഉൾപ്പെടുത്തുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഉറപ്പുനൽകിയതായി കേന്ദ്ര സഹമന്ത്രി സുകാന്ത മജുംദാർ അറിയിച്ചു. പശ്ചിമ ബംഗാളിലെയും അസമിലെയും ഭൂരിഭാഗം ആളുകളും മാംസാഹാരം കഴിക്കുന്നവരാണെന്ന യാഥാർത്ഥ്യം പരിഗണിച്ചാണ് ഈ തീരുമാനം. ആഴ്ചയിൽ ആറ് ദിവസമാണ് ഹൗറ-കാമാഖ്യ വന്ദേ ഭാരത് സ്ലീപ്പർ സർവീസ് നടത്തുന്നത്. ജനുവരി 22 മുതൽ കാമാഖ്യയിൽ നിന്നും 23 മുതൽ ഹൗറയിൽ നിന്നും ട്രെയിൻ പതിവ് സർവീസ് ആരംഭിച്ചിരുന്നു.