Bengaluru: ബെംഗളൂരുവിലെ ആദ്യ ഡബിൾ ഡെക്കർ ഫ്ലൈഓവറിൻ്റെ നിർമ്മാണം ഉടൻ പൂർത്തിയാവും; നഗരത്തിലെ തിരക്ക് കുറയുമെന്ന് പ്രതീക്ഷ
Double Decker Flyover In Bengaluru: ബെംഗളൂരുവിലെ ആദ്യ ഡബിൾ ഡെക്കർ ഫ്ലൈഓവർ മാർച്ചിൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. ഫെബ്രുവരിയിൽ പണി പൂർത്തിയാവും.
ബെംഗളൂരുവിലെ ആദ്യ ഡബിൾ ഡെക്കർ ഫ്ലൈഓവറിൻ്റെ നിർമ്മാണം ഉടൻ പൂർത്തിയാവും. സെൻട്രൽ സിൽക് ബോർഡിനെയും റാഗിഗുഡ്ഡയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഫ്ലൈ ഓവർ ഈ വർഷം മാർച്ചിൽ പൂർണമായും പ്രവർത്തനസജ്ജമാവും. എച്ച്എസ്ആർ ലേഔട്ട് മുതൽ ബിടിഎം ലേഔട്ട് വരെയുള്ള അവസാന ഭാഗത്തിൻ്റെ നിർമ്മാണം ഫെബ്രുവരി മാസത്തിലാവും പൂർത്തിയാവുക. ഫ്ലൈഓവറിൻ്റെ നിർമ്മാണം തീരുമാനിച്ചതിനെക്കാൾ വേഗത്തിൽ പുരോഗമിക്കുകയാണെന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് പറഞ്ഞു.
ബാക്കിയുള്ള പണി ഫെബ്രുവരിയിൽ തന്നെ പൂർത്തിയാവുമെന്ന് ബിഎംആർസിഎൽ ചീഫ് പിആർഒ ബിഎൽ യെശ്വന്ത് ചവാൻ പറഞ്ഞു. ഈ പണി പൂർത്തിയായാൽ ട്രാഫിക് പോലീസിൻ്റെ കൂടി നിർദ്ദേശം പരിഗണിച്ച് ഫ്ലൈഓവർ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. ഫ്ലൈ-ഓവറിൻ്റെ വിവിധ ഭാഗങ്ങൾ ഇതിനകം പൂർത്തിയായിട്ടുണ്ട്. 2024 ജൂലായ് മാസത്തിൽ റാഗിഗുഡ്ഡ മുതൽ സിൽക് ബോർഡ് വരെയുള്ള അഞ്ച് കിലോമീറ്റർ ദൂരം പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തിരുന്നു. സിൽക് ബോർഡ് ജംഗ്ഷനിലെ റാമ്പ് ഉൾപ്പെടെയായിരുന്നു ഇത്.
സിൽക്ബോർഡിൽ നിന്ന് റാഗിഗുഡ്ഡ വരെയുള്ള സ്ഥലം ഇതുവരെ അടച്ചിട്ടിരിക്കുകയായിരുന്നു. ട്രാഫിക് പോലീസിൻ്റെ അനുമതിയില്ലാത്തതും ചില ഡിസൈൻ പരിഷ്കാരങ്ങളുമൊക്കെയാണ് ഈ ഭാഗത്തിൻ്റെ നിർമ്മാണം വൈകിപ്പിച്ചത്. 2025 ഡിസംബറിൽ ഫ്ലൈ ഓവർ തുറന്നുകൊടുക്കാനായിരുന്നു തീരുമാനം. ഇത് പൂർണമായി പ്രവർത്തനസജ്ജമാവുമ്പോൾ ഗതാക്കുരുക്ക് ഗണ്യമായി കുറയുമെന്നാണ് കണക്കുകൂട്ടൽ. ഇത് ഭാഗികമായി തുറന്നപ്പോൾ തന്നെ ഇവിടെയുണ്ടായിരുന്ന ഗതാഗതക്കുരുക്കിന് വലിയ ഒരു പരിഹാരമായിരുന്നു.
മെട്രോ യെല്ലോ ലൈൻ പ്രൊജക്ടിൻ്റെ ഭാഗമാണ് ഡബിൾ ഡെക്കർ ഫ്ലൈ ഓവർ. ജയദേവ ഫ്ലൈഓവർ തകർത്താണ് യെല്ലോ ലൈൻ നിർമ്മാണം നടക്കുന്നത്. 2019ൽ നിർമ്മാണം ആരംഭിച്ചെങ്കിലും പല തടസങ്ങളും ഉണ്ടായിരുന്നു. ഇതൊക്കെ മറികടന്നാണ് നിർമ്മാണത്തിൻ്റെ അവസാനത്തിലേക്ക് കടക്കുന്നത്.