Chennai Metro: റെയിൽവേയുടെ അന്തിമാനുമതിക്കായി കാത്ത് ചെന്നൈ മെട്രോ, ചെന്നൈ എംആർടിഎസ് ഏറ്റെടുക്കൽ വൈകും
Chennai Metro’s MRTS Takeover Hits Roadblock: ഭൂമി, ട്രെയിനുകൾ, പാളങ്ങൾ, സിഗ്നലിങ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ കൈമാറുന്നതിന് റെയിൽവേ ബോർഡിന്റെ പൂർണ്ണമായ അനുമതി ആവശ്യമാണ്.
ചെന്നൈ: ചെന്നൈയിലെ മാസ് റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം ഏറ്റെടുക്കാനുള്ള ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡിന്റെ നീക്കങ്ങളിൽ അനിശ്ചിതത്വം. 2026 ജനുവരിയിൽ ധാരണാപത്രം ഒപ്പിടുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും, റെയിൽവേയുടെ അന്തിമ അനുമതി ലഭിക്കാത്തതിനാൽ നടപടികൾ മന്ദഗതിയിലായി. ഇതോടെ ഫെബ്രുവരി അവസാനമോ മാർച്ചിലോ മാത്രമേ കരാറിൽ ഒപ്പിടാൻ സാധിക്കൂ എന്നാണ് നിലവിലെ സാഹചര്യം.
അനുമതി വൈകുന്നതിലെ തടസ്സങ്ങൾ
ഭൂമി, ട്രെയിനുകൾ, പാളങ്ങൾ, സിഗ്നലിങ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ കൈമാറുന്നതിന് റെയിൽവേ ബോർഡിന്റെ പൂർണ്ണമായ അനുമതി ആവശ്യമാണ്. റെയിൽവേ ബോർഡ് കഴിഞ്ഞ ജൂലൈയിൽ പദ്ധതിക്ക് തത്വത്തിൽ അംഗീകാരം നൽകിയിരുന്നെങ്കിലും, പരിപാലനവും പ്രവർത്തനവും സംബന്ധിച്ച അന്തിമ രേഖകളിൽ റെയിൽവേയുടെ ഒപ്പ് ലഭിച്ചിട്ടില്ല. റെയിൽവേ മന്ത്രാലയത്തിന്റെ മുന്നിലുള്ള ധാരണാപത്രം അംഗീകരിച്ചാൽ മാത്രമേ സംസ്ഥാന സർക്കാരിന് ഔദ്യോഗിക ഉത്തരവ് പുറത്തിറക്കാൻ സാധിക്കൂ.
ഏറ്റെടുക്കൽ നടപടികൾ പൂർത്തിയായാൽ 4,200 കോടി രൂപ ചിലവഴിച്ച് MRTS ശൃംഖലയെ ചെന്നൈ മെട്രോയുടെ നിലവാരത്തിലേക്ക് ഉയർത്താനാണ് ലക്ഷ്യമിടുന്നത്. ലോകബാങ്ക് വായ്പ വഴിയാണ് ഇതിനുള്ള തുക കണ്ടെത്തുക. നവീകരണത്തിന്റെ ഭാഗമായി എയർകണ്ടീഷൻ ചെയ്ത 25 പുതിയ ട്രെയിനുകൾ (മൂന്ന് കോച്ചുകൾ വീതമുള്ളവ) വാങ്ങാൻ പദ്ധതിയുണ്ട്.
നിലവിൽ സർവീസുകൾക്കിടയിലുള്ള കാത്തിരിപ്പ് ഒഴിവാക്കി, ഓരോ 5 മിനിറ്റിലും സർവീസ് ഉറപ്പുവരുത്തുന്നതിനും പദ്ധതിയുണ്ട്. ചെന്നൈ ബീച്ച്-വേലാച്ചേരി റൂട്ടിലെ സ്റ്റേഷനുകളുടെ അറ്റകുറ്റപ്പണികൾക്കും ആധുനിക സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി പ്രാഥമിക റിപ്പോർട്ട് തയ്യാറാക്കി കഴിഞ്ഞു.
ധാരണാപത്രം ഒപ്പിട്ട ശേഷം വിശദമായ പ്രോജക്ട് റിപ്പോർട്ട് (DPR) തയ്യാറാക്കി ടെൻഡർ നടപടികളിലേക്ക് കടക്കാനാണ് ചെന്നൈ മെട്രോയുടെ തീരുമാനം. പൂർണ്ണമായ ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കാൻ ഏകദേശം രണ്ട് വർഷമെടുക്കുമെന്നാണ് കരുതുന്നത്. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ചെന്നൈയിലെ പൊതുഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റമുണ്ടാകുമെന്നാണ് യാത്രക്കാരുടെ പ്രതീക്ഷ.