LPG Shortage: ബെംഗളൂരുവിലെ പവര്‍ പ്ലാന്റ് അടച്ചുപൂട്ടി; കര്‍ണാടക ഇരുട്ടിലേക്ക്
Bengaluru Gas Power Plant Shut Down: ബെംഗളൂരു നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ഗ്യാസ് അധിഷ്ഠിത വൈദ്യുതി നിലയം 370 മെഗാവാട്ട് ശേഷിയുള്ളതാണ്. ഇതിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കുന്നതായി അധികൃതര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.

പ്രതീകാത്മക ചിത്രം
ബെംഗളൂരു: പശ്ചിമേഷ്യയില്‍ സംഘര്‍ഷം മൂര്‍ച്ഛിക്കുമ്പോള്‍ ഇന്ത്യന്‍ ജനതയും പ്രതിസന്ധിയിലാകുന്നു. ഇസ്രായേല്‍-ഇറാന്‍-അമേരിക്കന്‍ സംഘര്‍ഷം രാജ്യത്ത് സൃഷ്ടിച്ചത് അതിരൂക്ഷമായ ഊര്‍ജ പ്രതിസന്ധി. ഇതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ പ്രകൃതിവാതക വിതരണ നിയന്ത്രണ ഉത്തരവ് നടപ്പാക്കിയിരിക്കുകയാണ്. ഇതോടെ കര്‍ണാടകയിലെ വാതക വൈദ്യുതി നിലയം അടച്ചുപൂട്ടി.
ബെംഗളൂരു നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ഗ്യാസ് അധിഷ്ഠിത വൈദ്യുതി നിലയം 370 മെഗാവാട്ട് ശേഷിയുള്ളതാണ്. ഇതിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കുന്നതായി അധികൃതര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. മാര്‍ച്ച് 12 മുതലാണ് പ്ലാന്റിന്റെ പ്രവര്‍ത്തനം നിര്‍ത്തലാക്കിയത്. സംസ്ഥാനത്തിന്റെ മുഴുവന്‍ ആവശ്യങ്ങള്‍ക്കും ഇവിടെ നിന്നും ലഭിക്കുന്ന ഊര്‍ജം ഉപയോഗിക്കാറുണ്ടെന്നാണ് കര്‍ണാടക പവര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കെപിസിഎല്‍) നല്‍കുന്ന വിവരം.
നിലവിലെ ഊര്‍ജ പ്രതിസന്ധി കണക്കിലെടുത്ത് ചില മേഖലകള്‍ക്ക് മാത്രം ഗ്യാസ് അനുവദിക്കാനാണ് കേന്ദ്ര തീരുമാനം. പാചക വാതകം, ഗതാഗത ഇന്ധനം, വളം ഫാക്ടറികള്‍, വ്യാവസായിക ഉപയോക്താക്കള്‍ എന്നിവര്‍ക്കാണ് പ്രഥമ പരിഗണന. ഇവയ്‌ക്കെല്ലാം ഊര്‍ജം വിതരണം ചെയ്തതിന് ശേഷം മാത്രമേ വൈദ്യുതി നിലയങ്ങള്‍ക്ക് ഗ്യാസ് നല്‍കൂവെന്ന് ഉത്തരവില്‍ പറയുന്നു.
കര്‍ണാടകയില്‍ പ്രതിദിനം 355 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് വേണ്ടത്. ഈ ആവശ്യം നിറവേറ്റാനായി മറ്റ് സംസ്ഥാനങ്ങളിലെ താപ, ജലവൈദ്യുത, സൗരോര്‍ജം ഉള്‍പ്പെടെയുള്ളവയില്‍ നിന്ന് സര്‍ക്കാര്‍ വൈദ്യുതി സ്വീകരിക്കുന്നുണ്ട്. യെലഹങ്കയിലെ പ്ലാന്റ് അടച്ചുപൂട്ടുന്നത് വെല്ലുവിളി ഉയര്‍ത്താന്‍ സാധ്യതയുണ്ടെന്നാണ് ഉദ്യോഗസ്ഥരുടെ പക്ഷം. വേനല്‍ക്കാലത്ത് വൈദ്യുതി ഉപയോഗം വര്‍ധിക്കുന്നതും സ്ഥിതി മോശമാക്കും.