BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
Prime Minister Narendra Modi Chinese President Xi Jinping Bilateral Meeting :2025 ഓഗസ്റ്റിൽ ചൈനയിലെ ടിയാഞ്ചിൽ വെച്ചായിരുന്നു ഏറ്റവും ഒടുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്ങും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. ഏഴ് വർഷങ്ങൾക്ക് ഇതാദ്യമായിട്ടാണ് ചൈനീസ് പ്രസിഡൻ്റെ ഇന്ത്യയിലേക്കെത്തുന്നത്.
ന്യൂ ഡൽഹി: ഇന്ത്യൻ അതിഥേയത്വം വഹിക്കുന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും തമ്മിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി. ഇന്ന് സെപ്റ്റംബർ 12 ശനിയാഴ്ച ന്യൂ ഡൽഹിയിൽ വെച്ചായിരുന്നു ഇരു നേതാക്കളും തമ്മിലുള്ള നിർണായക ചർച്ച നടന്നത്. 025 ഓഗസ്റ്റിൽ തിയാഞ്ചനിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലുണ്ടായ പുരോഗതിയെ ഇരുനേതാക്കളും സ്വാഗതം ചെയ്തു.
അഭിപ്രായവ്യത്യാസങ്ങൾ തർക്കങ്ങളായി മാറരുതെന്നും തന്ത്രപരവും ദീർഘകാലവുമായ കാഴ്ചപ്പാടോടെ ഉഭയകക്ഷി ബന്ധത്തെ സമീപിക്കണമെന്നും ഇരുരാജ്യങ്ങളും അടിവരയിട്ടു. മൂന്ന് പരസ്പര തത്വങ്ങളെ അധിഷ്ഠിതമാക്കിയായിരുന്നു ഇരു നേതാക്കളുടെയും കൂടിക്കാഴ്ച. പരസ്പര ബഹുമാനം, പരസ്പര സംവേദനക്ഷമത, പരസ്പര താല്പര്യം എന്നീ മൂന്ന് ‘പരസ്പര’ തത്ത്വങ്ങളിൽ അധിഷ്ഠിതമായിരിക്കണം ഇരുരാജ്യങ്ങളുടെയും ബന്ധമെന്ന് പ്രധാനമന്ത്രി മോദി വ്യക്തമാക്കി.
ALSO READ : ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
ഉഭയകക്ഷി ബന്ധം ശക്തമായി മുന്നോട്ടു കൊണ്ടുപോകുന്നതിന് അതിർത്തി പ്രദേശങ്ങളിലെ സമാധാനവും സമാധാനാന്തരീക്ഷവും അത്യാവശ്യമാണെന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. അതിർത്തിയുമായി ബന്ധപ്പെട്ട നിലവിലുള്ള കരാറുകളും ധാരണകളും ഇരുവിഭാഗവും കർശനമായി പാലിക്കേണ്ടതുണ്ട്. അതിർത്തി തർക്കത്തിന് ന്യായവും യുക്തിസഹവും പരസ്പര സമ്മതമുള്ളതുമായ പരിഹാരം കണ്ടെത്തുന്നതിന് ഇരുനേതാക്കളും പ്രതിജ്ഞാബദ്ധത പ്രകടിപ്പിച്ചു.
ജനങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനും സാംസ്കാരിക കൈമാറ്റം, വ്യാപാര ബന്ധങ്ങൾ, യാത്രാസൗകര്യങ്ങൾ എന്നിവ വർദ്ധിപ്പിക്കുന്നതിനുമുള്ള നടപടികൾ ചർച്ചയായി. വ്യാപാര മേഖലയിലെ അസന്തുലിതാവസ്ഥ, വിതരണ ശൃംഖലയിലെ പ്രശ്നങ്ങൾ, വിപണി ലഭ്യത ഉറപ്പാക്കൽ എന്നിവയിൽ പരസ്പര ആശങ്കകൾ പരിഹരിക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടു.
മേയപരമായതും ആഗോളതലത്തിലുള്ളതുമായ വിഷയങ്ങളിലും പൊതുവായ വെല്ലുവിളികൾ നേരിടുന്നതിലും ഇരുരാജ്യങ്ങളും ഒന്നിച്ച് മുന്നോട്ടുപോകാൻ ധാരണയായി. ഇന്ത്യയുടെ ബ്രിക്സ് അധ്യക്ഷപദവിക്ക് ചൈന നൽകിയ പിന്തുണയ്ക്കും 2026 ബ്രിക്സ് ഉച്ചകോടിയുടെ വിജയത്തിനായി നൽകിയ സംഭാവനകൾക്കും പ്രധാനമന്ത്രി മോദി നന്ദി അറിയിച്ചു.
ഷി ജിൻപിങ്ങിൻ്റെ സന്ദർശനത്തോടനുബന്ധിച്ച് വിവിധ സുരക്ഷാ ഏജൻസികളുടെ നേതൃത്വത്തിൽ കനത്ത സുരക്ഷയാണ് ഡൽഹിയിൽ ഒരുക്കിയിരിക്കുന്നത്. അദ്ദേഹം താമസിക്കുന്ന ഹോട്ടലിന് മുകളിലൂടെ വിമാനങ്ങൾ പറക്കുന്നതിന് നിരോധനം ഏർപ്പെടുത്തി. തീവ്രവാദ വിരുദ്ധ സേനയും ബോംബ് സ്ക്വാഡും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ഹോട്ടലിൻ്റെ പരിസരത്തെ ഭൂഗർഭ പൈപ്പ് ലൈനുകൾ ഉൾപ്പെടെ കർശന പരിശോധനയ്ക്ക് വിധേയമാക്കും.
ചൈനീസ് പ്രസിഡൻ്റിൻ്റെ ഔദ്യോഗിക യാത്രകൾക്കുള്ള ‘ഹോങ്കി’ കാർ, സന്ദർശനത്തിന് പത്ത് ദിവസം മുൻപ് തന്നെ ഡൽഹിയിൽ എത്തിച്ചിരുന്നു. അത്യാധുനിക സുരക്ഷാ സംവിധാനങ്ങളുള്ള എയർ ചൈനയുടെ ബോയിംഗ് 747-8 വിമാനത്തിലാണ് ഷി ജിൻപിങ്ങിൻ്റെ യാത്ര. മിസൈൽ ആക്രമണങ്ങളെ പ്രതിരോധിക്കാനും, ഭീഷണികൾ മുൻകൂട്ടി തിരിച്ചറിയാനും സാധിക്കുന്ന ഈ വിമാനം ഒരു മൊബൈൽ കമാൻഡ് സെൻ്റർ കൂടിയാണ്.