Chennai Metro: 90 മിനിറ്റിൽ നിന്ന് 30 മിനിറ്റിലേക്ക്! വടപളനി – പൂനമല്ലി പാത ജൂലൈയിൽ
Chennai Metro Vadapalani - Poonamallee Line: യെല്ലോ ലൈൻ പൂനമല്ലിക്കും വടപളനിക്കും ഇടയിലുള്ള യാത്രാ സമയം ഏകദേശം 90 മിനിറ്റിൽ നിന്ന് വെറും 30 മിനിറ്റായി കുറയ്ക്കുമെന്നാണ് പ്രതീക്ഷ. ചെന്നൈ സെൻട്രലിനും സെന്റ് തോമസ് മൗണ്ടിനും ഇടയിൽ പ്രവർത്തിക്കുന്ന വടപളനിയിലെ നിലവിലുള്ള ഗ്രീൻ ലൈനുമായി കണക്റ്റിവിറ്റിയും പാത നൽകും.
ചെന്നൈ നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിൽ ചെന്നൈ മെട്രോ വഹിക്കുന്ന പങ്ക് പ്രധാനമാണ്. മെട്രോയുടെ രണ്ടാം ഘട്ടത്തിന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ചെന്നൈ മെട്രോ റെയിലിന്റെ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ പൂർണമായി അവസാനിച്ച് മൂന്ന് ലൈനുകളിലും സർവീസ് തുടങ്ങുന്നതിനുള്ള കാത്തിരിപ്പിലാണ് യാത്രക്കാർ. ഇപ്പോഴിതാ, രണ്ടാം ഘട്ടത്തിലെ ആദ്യ പാതയായ പൂനമല്ലി – വടപളനി ലൈൻ ജൂലൈയിൽ പൊതുജനങ്ങൾക്കായി തുറന്ന് നൽകുമെന്നാണ് റിപ്പോർട്ട്.
വടപളനി മുതൽ പൂനമല്ലി ബൈപ്പാസ് വരെയുള്ള 14.6 കിലോമീറ്റർ ദൈർഘ്യമുള്ള മെട്രോ പാത ജൂലൈയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യ്തേക്കുമെന്ന് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട്. പാതയുടെ നിർമ്മാണം പൂർത്തിയായ വിവരം തമിഴ്നാട് സർക്കാർ പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിട്ടുണ്ട്. ഉദ്ഘാടന തീയതി സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഉടൻ ഉണ്ടാകും. ജൂലൈയിൽ പ്രതീക്ഷിക്കുന്ന കേന്ദ്ര മന്ത്രിസഭാ പുന:സംഘടനയ്ക്ക് ശേഷമായിരിക്കും പ്രധാനമന്ത്രി തമിഴ്‌നാട് സന്ദർശിക്കുന്നത്. ഈ സന്ദർശനത്തിൽ മെട്രോയ്ക്ക് പുറമെ റെയിൽവേയുടെയും ദേശീയപാത അതോറിറ്റിയുടെയും വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിർവ്വഹിക്കുമെന്ന് വൃത്തങ്ങൾ പറയുന്നു.
ALSO READ: നമ്മ മെട്രോ ബ്ലൂ ലൈന്‍ ഒക്ടോബറില്‍ തുറക്കും; ബെംഗളൂരു യാത്ര പിന്നെ ശരവേഗത്തില്‍ ആകില്ലേ!
യാത്രാസമയം കുറയും
ലൈറ്റ്ഹൗസിനെയും (മറീന ബീച്ച്) പൂനമല്ലി ബൈപാസിനെയും ബന്ധിപ്പിക്കുന്ന 26.1 കിലോമീറ്റർ രണ്ടാം ഘട്ട കോറിഡോർ 4ന്റെ (യെല്ലോ ലൈൻ) ഭാഗമാണ് 14.6 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാത. യെല്ലോ ലൈൻ പൂനമല്ലിക്കും വടപളനിക്കും ഇടയിലുള്ള യാത്രാ സമയം ഏകദേശം 90 മിനിറ്റിൽ നിന്ന് വെറും 30 മിനിറ്റായി കുറയ്ക്കുമെന്നാണ് പ്രതീക്ഷ. കൂടാതെ, ചെന്നൈ സെൻട്രലിനും സെന്റ് തോമസ് മൗണ്ടിനും ഇടയിൽ പ്രവർത്തിക്കുന്ന വടപളനിയിലെ നിലവിലുള്ള ഗ്രീൻ ലൈനുമായി തടസ്സമില്ലാത്ത കണക്റ്റിവിറ്റിയും പാത നൽകും.
തുടക്കത്തിൽ, ചില സ്റ്റേഷനുകൾ ഒഴിവാക്കിയായിരിക്കും ട്രെയിനുകൾ ഓടുക. ആലപ്പാക്കം, കാരമ്പാക്കം, വളസരവാക്കം, ആഴ്‌വാർതിരുനഗർ, സാലിഗ്രാമം വെയർഹൗസ്, സാലിഗ്രാമം എന്നീ സ്റ്റേഷനുകളാകും ഒഴിവാക്കുന്നത്. ഈ സ്റ്റേഷനുകളുടെ പണി വൈകിയതിനാൽ പോരൂർ ജംഗ്ഷൻ കഴിഞ്ഞാൽ ട്രെയിനുകൾ നേരിട്ട് വടപളനിയിൽ നിർത്തുന്നതാണ്. പൂനമല്ലി ബൈപാസ്, പൂനമല്ലി, മുല്ലൈത്തോട്ടം, കരയാൻചാവടി, കുമണൻചാവടി, കാട്ടുപാക്കം, ഇയ്യപ്പൻതാങ്ങൽ, തെള്ളിയരഗരം, പോരൂർ ബൈപാസ്, പോരൂർ ജംഗ്ഷൻ എന്നിവയാണ് ആദ്യഘട്ടത്തിലെ സ്റ്റേഷനുകൾ.
നാല് മാസത്തെ കാത്തിരിപ്പ്
നാല് മാസത്തെ കാത്തിരിപ്പിന് ശേഷം കഴിഞ്ഞ മാസമാണ് പാത പൂർണ്ണമായി സജ്ജമായത്. 14.6 കിലോമീറ്റർ നീളമുള്ള പാതയിൽ ട്രെയിനുകൾ ഓടിക്കുന്നതിനും വേഗത കൂട്ടുന്നതിനുമുള്ള അന്തിമ സുരക്ഷാ അനുമതി കഴിഞ്ഞ മാസം ലഭിച്ചിരുന്നു. ഫെബ്രുവരിയിൽ റെയിൽവേ സുരക്ഷാ കമ്മിഷണർ ചില നിബന്ധനങ്ങളോടെയാണ് ഈ പാതയ്ക്ക് താൽകാലിക അനുമതി നൽകിയിരുന്നത്. ചെന്നൈ മെട്രോ രണ്ടാം ഘട്ടത്തിലെ കോറിഡോർ 4-ന്റെ ഭാഗമാണ് ഈ പാത. അർക്കോണം റോഡിലൂടെ കടന്നുപോകുന്ന ഈ പാത പൂർത്തിയാകുന്നതോടെ വടപളനി സ്റ്റേഷൻ വഴി ചെന്നൈ മെട്രോയുടെ ഒന്നാം ഘട്ട ശൃംഖലയുമായി ഇത് നേരിട്ട് ബന്ധിപ്പിക്കപ്പെടും.
അഞ്ച് വർഷം മുമ്പാണ് ഈ പാതയുടെ നിർമ്മാണം ആരംഭിച്ചത്. ആദ്യം 2025 ഡിസംബറോടെ പൂനമല്ലി – പോരൂർ പാത തുറക്കാനായിരുന്നു പദ്ധതിയെങ്കിലും പിന്നീട് കണക്റ്റിവിറ്റി ഉറപ്പാക്കാൻ വടപളനി വരെ നീട്ടുകയും ലക്ഷ്യം 2026 ഫെബ്രുവരിയിലേക്ക് മാറ്റുകയും ചെയ്യുകയായിരുന്നു. മാസങ്ങളായി ട്രയൽ റൺ നടക്കുന്നുണ്ടെങ്കിലും പാതയുടെ ഉദ്ഘാടനം നീളുകയാണ്.
English Summary:
Prime Minister is expected to inaugurate the 14.6-km Vadapalani-Poonamallee Bypass Metro Rail stretch in the second or third week of July. The 14.6-km stretch forms part of the 26.1-km Phase II corridor IV connecting Lighthouse and Poonamallee Bypass.