Chennai Metro: ആറുമാസം ലാഭിക്കാം, ചെലവ് കുറയ്ക്കാം; ചെന്നൈ മെട്രോ ആലന്തൂർ-മൗണ്ട് പാതയിൽ പുതിയ നീക്കം
Alandur-St Thomas Mount Stretch Updates: പ്രതിരോധ വകുപ്പിന്റെ ഭൂമി ഏറ്റെടുക്കുന്നതും നിരവധി കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നതും ഒഴിവാക്കാനാണ് പുതിയ നീക്കം. കോറിഡോർ 5-ന്റെ രണ്ടാം ഘട്ട പാത നിലവിലുള്ള ചെന്നൈ സെൻട്രൽ - സെന്റ് തോമസ് മൗണ്ട് പാതയ്ക്ക് അടിയിലൂടെ നിർമ്മിക്കുന്ന വിധത്തിലാണ് പുതിയ എഞ്ചിനീയറിംഗ് രീതി തയ്യാറാക്കിയിരിക്കുന്നത്.

പ്രതീകാത്മക ചിത്രം
ചെന്നൈ: ചെന്നൈ നഗരത്തിന്റെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിൽ മെട്രോ സർവീസ് നിർണായക പങ്ക് വഹിക്കുന്നുണ്ട്. നിലവിൽ വിംകോ നഗർ ഡിപ്പോ മുതൽ ചെന്നൈ ഇന്റർനാഷണൽ എയർപോർട്ട് വരെയുള്ള ബ്ലൂ ലൈൻ, എം.ജി.ആർ സെൻട്രൽ – സെന്റ് തോമസ് മൗണ്ട് വരെയുള്ള ഗ്രീൻ ലൈൻ എന്നീ പാതകളിലാണ് സർവീസ് നടത്തുന്നത്. ഇപ്പോഴിതാ, രണ്ടാം ഘട്ടത്തിന്റെ ഭാഗമായ ആലന്തൂർ – സെന്റ് തോമസ് മൗണ്ട് പാതയുടെ നിർമാണരൂപത്തിൽ നിർണായക മാറ്റങ്ങൾ വരുത്തിയിരിക്കുകയാണ് ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ്. പ്രതിരോധ വകുപ്പിന്റെ ഭൂമി ഏറ്റെടുക്കുന്നതും നിരവധി കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നതും ഒഴിവാക്കാനാണ് പുതിയ നീക്കം.
കോറിഡോർ 5-ന്റെ രണ്ടാം ഘട്ട പാത നിലവിലുള്ള ചെന്നൈ സെൻട്രൽ – സെന്റ് തോമസ് മൗണ്ട് പാതയ്ക്ക് അടിയിലൂടെ നിർമ്മിക്കുന്ന വിധത്തിലാണ് പുതിയ എഞ്ചിനീയറിംഗ് രീതി തയ്യാറാക്കിയിരിക്കുന്നത്. പ്രതിരോധ വകുപ്പിന്റെ സ്ഥലമെടുപ്പും കെട്ടിടങ്ങൾ പൊളിക്കുന്നതുമൂലമുള്ള കാലതാമസവും ഒഴിവാക്കാൻ ലക്ഷ്യമിട്ടാണ് ഈ മാറ്റം. നിർമാണ പ്രവർത്തനങ്ങൾക്കായി ഏകദേശം 300 കോടി രൂപയുടെ അധിക ഉപടെൻഡും നൽകിയിട്ടുണ്ടെന്ന് സി.എം.ആർ.എൽ പ്രൊജക്ട് ഡയറക്ടർ ടി. അർച്ചുനൻ വ്യക്തമാക്കി.
പുതിയ രൂപകൽപ്പനയിലൂടെ ഏകദേശം ആറുമാസത്തോളം നിർമാണ സമയം ലാഭിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റെയിൽവേ സേഫ്റ്റി കമ്മീഷണറുടെ അനുമതി ലഭിക്കുന്ന മുറയ്ക്ക്, നിർമാണ പ്രവർത്തനങ്ങൾക്കായി 2027 ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ 45 ദിവസത്തേക്ക് ട്രെയിൻ സർവീസുകൾ താൽക്കാലികമായി നിർത്തിവെക്കാനും പദ്ധതിയിടുന്നുണ്ട്. സെന്റ് തോമസ് മൗണ്ട് സ്റ്റേഷനെ രണ്ട് മെട്രോ ഇടനാഴികളുമായി ബന്ധിപ്പിക്കുന്ന പ്രധാന ഹബ്ബാക്കി മാറ്റാനും ഈ മാറ്റം സഹായകമാകും.
ALSO READ: കാത്തിരിപ്പിന് വിരാമം; ബെംഗളൂരു പിങ്ക് ലൈനിൽ ഇന്ന് മുതൽ യാത്ര ചെയ്യാം, ട്രെയിൻ സമയം അറിയാം
കോയമ്പേട് – ആലന്തൂർ മേൽപ്പാല നിർമാണം ഡിസംബറിൽ
ചെന്നൈ മെട്രോ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി നിർമാണം പൂർത്തിയായ സെക്ഷനുകളിൽ സർവീസുകൾ ആരംഭിച്ചിട്ടുണ്ട്. ഇതിൽ പൂനമല്ലി ബൈപാസ് – വടപളനി ഭാഗത്തെ സർവീസുകൾ നിലവിൽ യാത്രക്കാർക്കായി തുറന്നുകൊടുത്തിട്ടുണ്ട്. രണ്ടാം ഘട്ടത്തിലെ മറ്റ് റൂട്ടുകളുടെ നിർമാണ പ്രവർത്തനങ്ങളും അതിവേഗത്തിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അതിൽ കോയമ്പേട് – ആലന്തൂർ മേൽപ്പാലം ഡിസംബറിൽ പൂർത്തിയാക്കുമെന്നാണ് വിവരം.
ഈ വർഷം ഡിസംബറിനുള്ളിൽ പണി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഏകദേശം 15 കിലോമീറ്റർ ദൈർഘ്യമുള്ള പാത നിർമാണം പൂർത്തിയാക്കി പരിശോധനകൾക്ക് ശേഷം 2027 മാർച്ചോടെ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തേക്കും. കോയമ്പേട് – ആലന്തൂർ പാതയിൽ യാത്രാ സർവീസുകൾ ഈ വർഷം ജൂണിൽ ആരംഭിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ, മറ്റ് ചില കാരണങ്ങളാൽ നിർമാണ പ്രവർത്തനങ്ങൾ വൈകി. ഇതിനെതുടർന്നാണ് ഉദ്ഘാടനം അടുത്ത വർഷത്തിന്റെ തുടക്കത്തിലേക്ക് മാറ്റേണ്ട സാഹചര്യമുണ്ടായത്.
English Summary:
Chennai Metro Rail Limited has redesigned the Alandur–St Thomas Mount stretch of Phase 2 Corridor 5 to avoid acquiring Defence land and demolishing several buildings. Under the revised plan, the new metro line will pass beneath the existing Chennai Central–St Thomas Mount corridor, with two supporting pillars being replaced by specially designed portal beams.