AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Chief Justice DY Chandrachud: പ്രധാനമന്ത്രിക്കൊപ്പം ​ഗണേശ പൂജ; ജുഡീഷ്യൽ വിഷയങ്ങൾ ചർച്ചയായില്ലെന്ന് സൂപ്രീംകോടതി ചീഫ് ജസ്റ്റിസ്

Ganesh Puja Controversy: നവംബർ 10-നാണ് ഡിവെെ ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസായി വിരമിക്കുന്നത്. ഇതിന് മുന്നോടിയായാണ് ഡൽഹിയിലെ വസതിയില്‍ ഗണേശ പൂജയ്ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിൽ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പ്രതികരിച്ചിരിക്കുന്നത്.

Chief Justice DY Chandrachud: പ്രധാനമന്ത്രിക്കൊപ്പം ​ഗണേശ പൂജ; ജുഡീഷ്യൽ വിഷയങ്ങൾ ചർച്ചയായില്ലെന്ന് സൂപ്രീംകോടതി ചീഫ് ജസ്റ്റിസ്
Image Credits: PTI
Athira CA
Athira CA | Published: 28 Oct 2024 | 05:03 PM

ന്യൂഡൽഹി: ​ഗണേശ പൂജയിൽ പങ്കെടുക്കുന്നതിനായി സൂപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വെെ ചന്ദ്രചൂഡിന്റെ ഔദ്യോ​​ഗിക വസതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയത് വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. വിരമിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ വിവാദങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ് ചീഫ് ജസ്റ്റിസ്. കൂടിക്കാഴ്ചയിൽ ജുഡീഷ്യൽ വിഷയങ്ങൾ ചർച്ച ചെയ്തില്ലെന്നും രാഷ്ട്രീയ രം​ഗത്തെ പക്വതയുടെ ഭാ​ഗമായാണ് ഇത്തരത്തിലുള്ള കൂടിക്കാഴ്ചകളെന്നും അദ്ദേഹം പ്രതികരിച്ചു. ഒരു മറാഠി മാധ്യമം സംഘടിപ്പിച്ച പ്രഭാഷണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ്.

ഭരണഘടനയിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന കോടതികളിലെ ജഡ്ജിമാർക്കും എക്‌സിക്യൂട്ടീവിന്റെ തലവൻമാർക്കും പക്വതയുണ്ട്. കൂടിക്കാഴ്ച നടക്കുമ്പോൾ ജുഡീഷ്യൽ കാര്യങ്ങൾ ചർച്ചകളുടെ പരിധിയിൽ നിന്ന് മാറ്റിനിർത്താൻ ഇവർക്ക് അറിയാമെന്ന് ചന്ദ്രചൂഡ് വ്യക്തമാക്കി. ജനാധിപത്യത്തിൽ ചെയ്യേണ്ട കർത്തവ്യങ്ങളെ കുറിച്ച് എല്ലാവർക്കും ഉത്തമ ബോധ്യമുണ്ട്. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഭീഷണിയെ ക്ഷണിച്ചുവരുത്താൻ ചീഫ് ജസ്റ്റിസിനോ ജസ്റ്റിസുമാർക്കോ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിമാരും ചീഫ് ജസ്റ്റിസുമാരും കൂടിക്കാഴ്ച നടത്തുന്നത് പതിവാണെന്നും ഡി വെെ ചന്ദ്രചൂഡ് പറഞ്ഞു. കോടതികളുടെ ചെലവ് വഹിക്കുന്നത് അതാത് സംസ്ഥാന സർക്കാരുകളാണ്. ജുഡീഷ്യറിയുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യ വികസനങ്ങളാണ് കൂടിക്കാഴ്ചയിൽ ചർച്ച ചെയ്യുന്നത്. കൂടിക്കാഴ്ച എന്തിനാണെന്ന് ജനങ്ങൾ പലപ്പോഴും ചിന്തിക്കാറുണ്ട്. പുതിയ കോടതി സമുച്ചയങ്ങൾ, ജഡ്ജിമാർക്കുള്ള താമസസൗകര്യം ഉൾപ്പെടെയുള്ള ജുഡീഷ്യൽ ഇൻഫ്രാസ്ട്രക്ചർ അഭിസംബോധന ചെയ്യേണ്ടതിനാലാണ് കൂടിക്കാഴ്ചകൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പൊതുവേ​ദികളിൽ ജസ്റ്റിസുമാരും രാഷ്ട്രീയ നേതാക്കളും കണ്ടുമുട്ടാറുണ്ടെന്നും എന്നാൽ കോടതി കാര്യങ്ങൾ ചർച്ച ചെയ്യാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ചീഫ് ജസ്റ്റിസിന്റെ വസതിയിൽ ​ഗണപതി പൂജയ്ക്കായി നരേന്ദ്ര മോദി എത്തിയതിൽ വിമർശനവുമായി അഭിഭാഷക സമൂഹവും പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തിയിരുന്നു. എന്നാൽ വിമർശനങ്ങൾക്ക് തക്കതായ മറുപടിയുമായി ബിജെപിയും രം​ഗത്തെത്തി. ഇഫ്താർ വിരുന്നിൽ പ്രധാനമന്ത്രിമാർ പങ്കെടുക്കുന്നതിനെ അഭിനന്ദിക്കുന്നവരാണ് ഇപ്പോൾ വിമർശിക്കുന്നത്. ഡൽഹിയിലെ ചീഫ് ജസ്റ്റിസിന്റെ വസതിയിൽ നടന്ന ​ഗണേശ പൂജയിൽ പ്രധാനമന്ത്രി പങ്കെടുത്തത് മതേതരത്വത്തിന്റെ ഭാ​ഗമായാണെന്നും ബിജെപി നേതാക്കൾ പ്രതികരിച്ചിരുന്നു. ചടങ്ങിലേക്ക് പരമ്പരാഗത മഹാരാഷ്ട്ര തൊപ്പി ധരിച്ചാണ് പ്രധാനമന്ത്രിയെത്തിയത്.

നവംബർ 10-നാണ് ഡിവെെ ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസായി വിരമിക്കുന്നത്. സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന നവംബർ 11-ന് സ്ഥാനമേൽക്കും. സുപ്രീം കോടതിയുടെ 51-ാമത് ചീഫ് ജസ്റ്റിസായിരിക്കും സഞ്ജീവ് ഖന്ന. നിലവിലെ ചീഫ് ജസ്റ്റിസ് ഡിവെെ ചന്ദ്രചൂഡാണ് ഖന്നയുടെ പേര് നാമനിർദ്ദേശം ചെയ്തത്.