AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Delhi Blast: ഡല്‍ഹി നടുങ്ങി, ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം കാറില്‍ സ്‌ഫോടനം, രാജ്യതലസ്ഥാനം കനത്ത ജാഗ്രതയില്‍

Explosion occurred near Delhi's Red Fort Metro Station: ഡല്‍ഹിയില്‍ സ്‌ഫോടനം. ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം പാർക്ക് ചെയ്തിരുന്ന ഒരു കാറിലാണ് സ്‌ഫോടനം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. എട്ട്‌ പേര്‍ മരിച്ചതായും നിരവധി പേര്‍ക്ക്  പരിക്കേറ്റതായും റിപ്പോര്‍ട്ട്

Delhi Blast: ഡല്‍ഹി നടുങ്ങി, ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം കാറില്‍ സ്‌ഫോടനം, രാജ്യതലസ്ഥാനം കനത്ത ജാഗ്രതയില്‍
Delhi BlastImage Credit source: ANI X
Jayadevan AM
Jayadevan AM | Updated On: 10 Nov 2025 | 09:10 PM

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് സ്‌ഫോടനം. ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം പാർക്ക് ചെയ്തിരുന്ന കാറിലാണ് സ്‌ഫോടനം ഉണ്ടായത്‌. ഇരട്ട സ്‌ഫോടനമുണ്ടായെന്നാണ് വിവരം. എട്ട്‌ പേര്‍ മരിച്ചതായും നിരവധി പേര്‍ക്ക്  പരിക്കേറ്റതായും റിപ്പോര്‍ട്ട്. മരണസംഖ്യ ഉയരുമെന്നാണ് ആശങ്ക. വൈകുന്നേരം ഏഴ് മണിയോടെയായിരുന്നു സംഭവം. പ്രദേശത്തെ ഏതാനും വാഹനങ്ങള്‍ കത്തിനശിച്ചതായും റിപ്പോര്‍ട്ടുണ്ട്. സ്റ്റേഷന്റെ ഒന്നാം നമ്പർ ഗേറ്റിന് സമീപമാണ് സംഭവം നടന്നതെന്ന് ഡൽഹി അഗ്നിശമന വകുപ്പ് വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. സ്ഫോടനത്തിന് ശേഷം രാജ്യതലസ്ഥാനത്ത് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ഏഴ് ഫയർ ടെൻഡറുകൾ സ്ഥലത്തെത്തി. ഡൽഹി പോലീസ് സ്പെഷ്യൽ സെല്ലിൽ നിന്നുള്ള ഒരു സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്‌. സ്ഫോടനത്തിന് പിന്നിലെ കാരണം ഇതുവരെ അറിവായിട്ടില്ല. തീവ്രവാദ ബന്ധം സംശയിക്കുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എട്ട് പേര്‍ ആശുപത്രിയിലെത്തുന്നതിന് മുമ്പ് മരിച്ചെന്ന്‌ ലോക് നായക് ജയ് പ്രകാശ് നാരായൺ (എൽഎൻജെപി) ആശുപത്രിയിലെ മെഡിക്കൽ സൂപ്രണ്ട് എഎൻഐയോട് പറഞ്ഞു. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റെന്നും സൂപ്രണ്ട് വ്യക്തമാക്കി. അതിശക്തമായ സ്‌ഫോടനമാണ് ഉണ്ടായത്. നിരവധി മീറ്റര്‍ അകലെ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്ക് പോലും കേടുപാടുകള്‍ സംഭവിച്ചു.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. എന്‍ഐഎ സ്ഥലത്തെത്തിയിട്ടുണ്ട്.  ഭൂകമ്പം പോലെ പ്രദേശം കുലുങ്ങിവിറച്ചെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. എൻ‌എസ്‌ജി കമാൻഡോകളുടെ ഒരു സംഘം സംഭവസ്ഥലത്തേക്ക് പുറപ്പെട്ടെന്നാണ് വിവരം.

പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥിതിഗതികൾ വിലയിരുത്തി. ആഭ്യന്തരമന്ത്രി അമിത് ഷാ പ്രധാനമന്ത്രിയെ കാര്യങ്ങൾ വിശദീകരിച്ചതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ആഭ്യന്തരമന്ത്രി ഐബി ഡയറക്ടറുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്.

സ്‌ഫോടനം ഇങ്ങനെ

വൈകുന്നേരം 6.52 ഓടെ സാവധാനത്തില്‍ നീങ്ങുകയായിരുന്നു കാര്‍ റെഡ് സിഗ്നലില്‍ നിര്‍ത്തിയെന്നും, അതില്‍ നിന്നാണ് സ്‌ഫോടനമുണ്ടായതെന്നും ഡൽഹി പോലീസ് കമ്മീഷണർ സതീഷ് ഗോൾച്ച എഎൻഐയോട് പറഞ്ഞു. സമീപത്തുള്ള വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.