Bakrid 2026: പൊതുസ്ഥലങ്ങളിൽ നമസ്കാരവും മൃഗബലിയും പാടില്ല, ബക്രീദിന് മുന്നോടിയായി ഡൽഹി, യുപി, ബംഗാൾ സംസ്ഥാനങ്ങളിൽ കടുത്ത നിയന്ത്രണം
Eid Al-Adha 2026, Delhi, UP, and West Bengal Issue Strict Guidelines: ബലിപെരുന്നാളിനോട് അനുബന്ധിച്ച് പശ്ചിമ ബംഗാളിൽ നിലവിലുണ്ടായിരുന്ന രണ്ടു ദിവസത്തെ പൊതുഅവധി വെട്ടിക്കുറച്ച് പുതിയ ബിജെപി സർക്കാർ. അവധി ഒരു ദിവസമായി പരിമിതപ്പെടുത്തിക്കൊണ്ട് സംസ്ഥാന ധനകാര്യ വകുപ്പ് ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. പുതിയ ഉത്തരവ് പ്രകാരം 2026 മേയ് 28 മാത്രമായിരിക്കും സംസ്ഥാനത്തെ ബക്രീദ് പൊതുഅവധി ദിനം.
ന്യൂഡൽഹി: ബക്രീദ് (ബലിപെരുന്നാൾ) ആഘോഷങ്ങൾക്കു മുന്നോടിയായി മൃഗബലിക്കും ഈദ് നമസ്കാരത്തിനും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ. ഡൽഹി, ഉത്തർപ്രദേശ്, മധ്യപ്രദേശ്, പശ്ചിമബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ക്രമസമാധാന പാലനവും മൃഗസംരക്ഷണവും മുൻനിർത്തി പുതിയ ഉത്തരവുകൾ പുറപ്പെടുവിച്ചിരിക്കുന്നത്.
പൊതുസ്ഥലങ്ങളിലെ ബലിമൃഗ വിൽപ്പനയ്ക്ക് വിലക്ക്
ഡൽഹിയിൽ പൊതുസ്ഥലങ്ങളിൽ വെച്ച് ബലിമൃഗങ്ങളെ വിൽക്കുന്നത് സർക്കാർ പൂർണ്ണമായും നിരോധിച്ചു. പശു, ഒട്ടകം എന്നിവയുൾപ്പെടെയുള്ള നിരോധിത മൃഗങ്ങളെ യാതൊരു കാരണവശാലും അറക്കാൻ പാടില്ലെന്നും, ഈ നിർദ്ദേശം ലംഘിക്കുന്നവർക്കെതിരെ കർശനമായ ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്യുമെന്നും ഡൽഹി സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ മുന്നറിയിപ്പ് നൽകുന്നു.
കൽക്കട്ട ഹൈക്കോടതി ഉത്തരവ്: പശു ബലി ഇസ്‌ലാമിലെ നിർബന്ധിത ആചാരമല്ല
പശ്ചിമബംഗാളിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റില്ലാതെ പശുക്കളെയോ എരുമകളെയോ അറക്കുന്നത് നിരോധിച്ചുകൊണ്ടുള്ള മുൻ ഉത്തരവ് കൽക്കട്ട ഹൈക്കോടതി ശരിവെച്ചു. 14 വയസ്സിന് താഴെ പ്രായമുള്ള കന്നുകാലികളെ കശാപ്പ് ചെയ്യുന്നത് കോടതി പൂർണ്ണമായി നിരോധിച്ചിട്ടുണ്ട്. പശുവിനെ ബലിനൽകുന്നത് ഇസ്‌ലാം മതത്തിലെ നിർബന്ധിത ആചാരമല്ലെന്ന് സുപ്രീംകോടതിയുടെ പഴയൊരു വിധി ഉദ്ധരിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് സുജോയ് പോൾ, ജസ്റ്റിസ് പാർത്ഥ സാരഥി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
ഉത്തർപ്രദേശിൽ പൊതുസ്ഥലങ്ങളിലെ നമസ്കാരത്തിന് വിലക്ക്
ഉത്തർപ്രദേശ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ നിലവിലുള്ള ഗോവധ നിരോധന നിയമങ്ങൾ ബക്രീദ് കാലയളവിൽ കൂടുതൽ കർശനമായി നടപ്പാക്കാൻ പോലീസിന് പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്. ബക്രീദ് നമസ്കാരം പള്ളികൾക്കുള്ളിൽ മാത്രമായി പരിമിതപ്പെടുത്തണം. റോഡുകളോ മറ്റ് പൊതു ഇടങ്ങളോ പ്രാർത്ഥനയ്ക്കായി ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് ഉത്തർപ്രദേശ് സർക്കാർ വ്യക്തമാക്കി. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്നാണ് സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചിരിക്കുന്നത്.
രണ്ടുദിവസത്തെ അവധി ഇല്ല
ബലിപെരുന്നാളിനോട് അനുബന്ധിച്ച് പശ്ചിമ ബംഗാളിൽ നിലവിലുണ്ടായിരുന്ന രണ്ടു ദിവസത്തെ പൊതുഅവധി വെട്ടിക്കുറച്ച് പുതിയ ബിജെപി സർക്കാർ. അവധി ഒരു ദിവസമായി പരിമിതപ്പെടുത്തിക്കൊണ്ട് സംസ്ഥാന ധനകാര്യ വകുപ്പ് ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. പുതിയ ഉത്തരവ് പ്രകാരം 2026 മേയ് 28 മാത്രമായിരിക്കും സംസ്ഥാനത്തെ ബക്രീദ് പൊതുഅവധി ദിനം.
മുൻ മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് സർക്കാർ നടപ്പിലാക്കിയിരുന്ന രണ്ട് ദിവസത്തെ അവധി ക്രമീകരണമാണ് സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള പുതിയ ബിജെപി സർക്കാർ റദ്ദാക്കിയത്. പുതിയ വിജ്ഞാപന പ്രകാരം പെരുന്നാളിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ സർക്കാർ സംവിധാനങ്ങൾ സാധാരണ രീതിയിൽ തന്നെ പ്രവർത്തിക്കും.
English Summary
Ahead of Bakrid, several North Indian states have imposed strict restrictions, including a ban on public animal sacrifices in Delhi and a mandate in Uttar Pradesh restricting Eid prayers strictly to inside mosques. Additionally, the Calcutta High Court upheld a ban on slaughtering cattle without fitness certificates, noting that cow sacrifice is not an essential religious practice in Islam.