PM Narendra Modi: ‘വികസിത ഭാരതം’ വെറും മുദ്രാവാക്യമല്ല, സർക്കാരിന്റെ ലക്ഷ്യം; ഫയൽ നീക്കം വേഗത്തിലാക്കാൻ പ്രധാനമന്ത്രിയുടെ നിർദ്ദേശം
PM Narendra Modi Urges Ministers to Accelerate Reforms and End Red-Tape: 'വികസിത ഭാരതം 2047' എന്ന ആഹ്വാനം വെറുമൊരു മുദ്രാവാക്യമല്ലെന്നും, സര്‍ക്കാരിന്റെ പ്രതിജ്ഞാബദ്ധതയാണെന്നും അതിനാൽ ഭരണകൂടത്തിന്റെ ശ്രദ്ധ പരിഷ്കരണങ്ങളിലും പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിലുമായിരിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗം നാലര മണിക്കൂര്‍ നീണ്ടു.
ന്യൂഡല്‍ഹി: ‘വികസിത ഭാരതം 2047’ എന്ന ആഹ്വാനം വെറുമൊരു മുദ്രാവാക്യമല്ലെന്നും, സര്‍ക്കാരിന്റെ പ്രതിജ്ഞാബദ്ധതയാണെന്നും അതിനാൽ ഭരണകൂടത്തിന്റെ ശ്രദ്ധ പരിഷ്കരണങ്ങളിലും പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിലുമായിരിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ത്രിസഭായോഗത്തില്‍ പറഞ്ഞു. വ്യാഴാഴ്ച പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗം നാലര മണിക്കൂര്‍ നീണ്ടു. യോഗത്തിൽ കാബിനറ്റ് മന്ത്രിമാർ, സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാർ, മറ്റ് സഹമന്ത്രിമാർ എന്നിവർ പങ്കെടുത്തു. ജൂൺ ഒമ്പതിന് മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാം വാർഷികം തികയുന്നതിന് മുന്നോടിയായി വിവിധ നയങ്ങളുടെയും പരിപാടികളുടെയും നടത്തിപ്പ് വിലയിരുത്താനാണ് യോഗം ചേർന്നത്.
മന്ത്രിമാർ ഭാവിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പരിഷ്കരണങ്ങൾക്ക് വേഗത കൂട്ടണമെന്നും ഭരണം എപ്പോഴും ജനക്ഷേമത്തിലും ജനങ്ങളുടെ ജീവിതസൗകര്യം മെച്ചപ്പെടുത്തുന്നതിലും ഊന്നിയുള്ളതാണെന്ന് ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി മന്ത്രിമാരോട് ആവശ്യപ്പെട്ടതായി എൻഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
പശ്ചിമേഷ്യന്‍ സംഘര്‍ഷം
പശ്ചിമേഷ്യയിലെ യുദ്ധം കാരണം ഇന്ത്യ വെല്ലുവിളികൾ നേരിടുന്ന പശ്ചാത്തലത്തിൽ സാമ്പത്തികം, കൃഷി, തൊഴിൽ, ഊർജ്ജ മേഖല ഉൾപ്പെടെ ഒമ്പത് പ്രധാന മേഖലകളുടെ പ്രവർത്തനം പ്രധാനമന്ത്രി അവലോകനം ചെയ്തു. ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധിയും അതിന്റെ ഫലമായി എണ്ണ, വാതകം, മറ്റ് അവശ്യസാധനങ്ങൾ എന്നിവയുടെ വിതരണത്തിലുണ്ടായ തടസ്സങ്ങളും കണക്കിലെടുത്ത് ബയോഗ്യാസ്, മറ്റ് പുനരുപയോഗ ഊർജ്ജ സ്രോതസ്സുകൾ തുടങ്ങിയ ഇന്ധന ബദലുകൾ തേടേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചതായാണ് റിപ്പോര്‍ട്ട്.
ചുവപ്പുനാട ഒഴിവാക്കി സർക്കാരിന്റെ പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കണമെന്ന നിര്‍ദ്ദേശം പ്രധാനമന്ത്രി ആവര്‍ത്തിച്ചു. ജോലികൾ ഒന്നും തന്നെ തടസ്സപ്പെടരുതെന്നും പദ്ധതികൾ വേഗത്തിൽ ജനങ്ങളിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി മന്ത്രിമാരോട് പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
സർക്കാർ പ്രവർത്തനങ്ങളിൽ ലാളിത്യം കൊണ്ടുവരണം. മന്ത്രാലയങ്ങളിലുടനീളം പൊതുജനതാൽപ്പര്യം പ്രഥമ പരിഗണനയായി തുടരണം. പരിഷ്കാരങ്ങൾ ഫയലുകളിൽ മാത്രം ഒതുങ്ങിപ്പോകരുതെന്നും, പൗരന്മാർക്ക് വേഗതയേറിയതും ലളിതവുമായ ഭരണം ഉറപ്പാക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. ഫയലുകൾ നീങ്ങുന്നതില്‍ കാലതാമസമുണ്ടാകരുതെന്നും നടപടിക്രമങ്ങൾ ലളിതമാക്കണമെന്നും മോദി വ്യക്തമാക്കി.
മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ചും ബിജെപിയുടെ സംഘടനാ ഘടനയിലെ മാറ്റങ്ങളെക്കുറിച്ചുമുള്ള ഊഹാപോഹങ്ങൾക്കിടയിൽ നടന്ന ഈ യോഗത്തിൽ ഊർജ്ജം, കൃഷി, തൊഴിൽ, വിദേശകാര്യം, അടിസ്ഥാന സൗകര്യങ്ങൾ, വ്യാപാരവും വാണിജ്യവും, കോർപ്പറേറ്റ് കാര്യങ്ങൾ എന്നിവയുൾപ്പെടെ ഒമ്പത് പ്രധാന മേഖലകളെക്കുറിച്ചുള്ള പ്രെസന്റേഷനുകൾ അവതരിപ്പിച്ചു.
വിദേശ പര്യടനം
അഞ്ച് രാജ്യങ്ങളിലേക്ക് നടത്തിയ വിദേശ പര്യടനം വിജയകരമായി പൂര്‍ത്തിയാക്കിയ പ്രധാനമന്ത്രിയെ മന്ത്രിമാര്‍ അഭിനന്ദിച്ചതായും റിപ്പോര്‍ട്ടുണ്ട്. വിജയകരമായ നയതന്ത്ര സന്ദർശനത്തെക്കുറിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ മന്ത്രിസഭാ കൗൺസിലിനെ വിശദമായി അറിയിച്ചു. പ്രധാനമന്ത്രിയുടെ വിദേശ സന്ദർശനത്തെക്കുറിച്ച് അദ്ദേഹം പ്രത്യേക പ്രസന്റേഷന്‍ നടത്തി.
അതേസമയം, സർക്കാരിന്റെ 12 വർഷത്തെ പ്രയാണവും ക്ഷേമപദ്ധതികളും പരിഷ്കരണ അജണ്ടകളും നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കാൻ പ്രധാനമന്ത്രി മന്ത്രിമാരോട് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ രണ്ട് വർഷമായി നടത്തിയ പരിഷ്കരണങ്ങളും ഭാവി നയപരിപാടികളും വിശദീകരിക്കുന്ന വിശദമായ റിപ്പോർട്ടുകൾ മന്ത്രാലയങ്ങൾ നേരത്തെ കാബിനറ്റ് സെക്രട്ടേറിയറ്റിന് സമർപ്പിച്ചിരുന്നു.
English Summary
PM Modi chaired a marathon four-hour meeting with his Council of Ministers. He urged ministers to eliminate red tape and focus on “Viksit Bharat 2047.” The meeting addressed energy security concerns arising from the West Asia war. Ministers were told to prioritize public welfare and ensure faster governance.