Kolkata Rape Case: കൊൽക്കത്ത കൊലപാതകം; ആർജി കർ മെഡിക്കൽ കോളേജ് മുൻ പ്രിസിപ്പലിന്റെ ഡോക്ടർ രജിസ്‌ട്രേഷൻ റദ്ധാക്കി
Former RG Kar Medical College Principal Sandip Ghosh Registration Cancelled: സന്ദീപ് ഘോഷിന്റെ രജിസ്‌ട്രേഷൻ റദ്ധാക്കണമെന്ന് ഡോക്ടർമാരുടെ സംഘടനയായ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ബംഗാൾ ഘടകമാണ് ആവശ്യപ്പെട്ടത്.
കൊൽക്കത്ത: വനിതാ ഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ആർജി കർ മെഡിക്കൽ കോളജിലെ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിന്റെ ഡോക്ടർ രജിസ്‌ട്രേഷൻ റദ്ധാക്കി. പശ്ചിമ ബംഗാൾ മെഡിക്കൽ കൗൺസിലാണ് നടപടിയെടുത്തത്. കഴിഞ്ഞ ദിവസം, ഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സിബിഐ സന്ദീപ് ഘോഷിനെ അറസ്റ്റ് ചെയ്തിരുന്നു. ഇതേത്തുടർന്നാണ് കൗൺസിലിന്റെ നടപടി.
1914-ലെ ബംഗാൾ മെഡിക്കൽ ആക്ടിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് സന്ദീപിനെതിരെ കൗൺസിൽ നടപടിയെടുത്തത്. രജിസ്‌ട്രേഷൻ റദ്ധാക്കിയതോടെ ഇനി സന്ദീപ് ഘോഷ് ഡോക്ടറല്ല. അദ്ദേഹത്തിന് ഇനി ആരെയും ചികിത്സിക്കാൻ അവകാശമില്ല. നിലവിൽ സന്ദീപ് ഘോഷ് സിബിഐ കസ്റ്റഡിയിലാണ്.
അദ്ദേഹത്തിന്റെ രജിസ്‌ട്രേഷൻ റദ്ധാക്കണമെന്ന് ആവശ്യപ്പെട്ടത് ഡോക്ടർമാരുടെ സംഘടനയായ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ (ഐഎംഎ) ബംഗാൾ ഘടകമാണ്. തുടർന്ന്, ബംഗാൾ മെഡിക്കൽ കൗൺസിൽ സന്ദീപ് ഘോഷിന് സെപ്റ്റംബർ ഏഴാം തീയതി കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. എന്നാൽ, സന്ദീപ് ഇതിന് മറുപടി നൽകാത്തതിനെ തുടർന്ന് കൗൺസിൽ നടപടിയെടുക്കുകയായിരുന്നു.
ALSO READ: കൊൽക്കത്ത വനിതാ ഡോക്ടറുടെ കൊലപാതകം; ആർജി കർ മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൽ അറസ്റ്റിൽ
അതേസമയം, കൊല്ലപ്പെട്ട ഡോക്ടറുടെ പിതാവ് ബംഗാൾ സർക്കാരിനെതിരെ രംഗത്ത് വന്നു. സന്ദീപ് ഘോഷിനെതിരെ സർക്കാർ നേരത്തെ നടപടി സ്വീകരിച്ചിരുന്നെങ്കിൽ തനിക്ക് മകളെ നഷ്ടപ്പെടില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഓഗസ്റ്റ് 9-ന് വനിതാ ഡോക്ടർ കൊല്ലപ്പെട്ടതിന് ശേഷമാണ് സന്ദീപ് ഘോഷിനെതിരെയുള്ള സാമ്പത്തിക ക്രമക്കേട് കേസ് പുറത്ത് വന്നത്. സാമ്പത്തിക ക്രമക്കേട് കേസിൽ അദ്ദേഹത്തെ സിബിഐ ചോദ്യം ചെയ്യുന്ന സമയത്താണ് ഡോക്ടറുടെ കൊലപാതകത്തെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നതും സന്ദീപിനെതിരെ അറസ്റ്റ് രേഖപ്പെടുത്തുന്നതും.
ഓഗസ്റ്റ് 9ന് പുലർച്ചെയാണ് ആർജി കർ ആശുപത്രിയിൽ ജൂനിയർ ഡോക്ടറെ കൊലപ്പെടുത്തിയ സംഭവം നടന്നത്. സിവിൽ പോലീസ് വോളണ്ടിയറായ സഞ്ജയ് റോയിയാണ് ആശുപത്രിയിലെ സെമിനാർ ഹാളിൽ വെച്ച് കൊല നടത്തിയതെന്നാണ് പോലീസ് നിഗമനം. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.