ജിടിഎ 5 മുതൽ ജിടിഎ 6 വരെ; 13 വർഷത്തിനിടെ ഇന്ത്യയിൽ സംഭവിച്ച മാറ്റങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി മോദി
GTA 5 vs GTA 6 How India Has Changed in 13 Years Under PM Modi: കഴിഞ്ഞ 13 വർഷത്തിനിടെ ഇന്ത്യയിൽ ഏറ്റവും ശ്രദ്ധേയമായ മാറ്റങ്ങളിലൊന്ന് മൊബൈൽ ഇന്റർനെറ്റ് മേഖലയിലാണെന്ന് താരതമ്യ ചിത്രങ്ങൾ ചൂണ്ടിക്കാട്ടുന്നു. 3ജി കാലത്ത് ഒരു ജിബി ഡാറ്റയ്ക്ക് 308 രൂപയായിരുന്ന നിരക്ക് 5ജി കാലത്ത് 7.51 രൂപയായി കുറഞ്ഞെന്നാണ് ഗ്രാഫിക്കിൽ പറയുന്നത്.
ലോകമെമ്പാടുമുള്ള ഗെയിമിങ് ആരാധകർ ഏറെ കാത്തിരുന്ന ജിടിഎ 6 പുറത്തിറങ്ങിയതോടെ സമൂഹമാധ്യമങ്ങളിൽ ചർച്ചയായി ഇന്ത്യയുടെ കഴിഞ്ഞ 13 വർഷത്തെ വളർച്ചയും. ജിടിഎ 5 പുറത്തിറങ്ങിയ 2013 മുതൽ ജിടിഎ 6 എത്തുന്ന 2026 വരെയുള്ള കാലയളവിൽ രാജ്യത്തുണ്ടായ മാറ്റങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവെച്ചത്. ഇന്റർനെറ്റ് നിരക്ക്, റെയിൽവേ വൈദ്യുതീകരണം, ശുചിത്വം, സൗരോർജം തുടങ്ങി വിവിധ മേഖലകളിലെ പുരോഗതി താരതമ്യം ചെയ്യുന്ന ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
‘തേൻ വേഴ്സസ് നൗ’ എന്ന രീതിയിലാണ് ചിത്രങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. 2013ലെ ഇന്ത്യയും 2026ലെ ഇന്ത്യയും തമ്മിലുള്ള വ്യത്യാസങ്ങൾ വ്യക്തമാക്കുന്ന ഗ്രാഫിക്സുകൾ പ്രധാനമന്ത്രിയുടെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടിലൂടെയാണ് പങ്കുവെച്ചത്. ‘ഇന്ത്യ ഇപ്പോൾ മറ്റൊരു കളിയാണ് കളിക്കുന്നത്’ എന്ന കുറിപ്പും ഇതിനൊപ്പം നൽകിയിരുന്നു. ഡിജിറ്റൽ ഇന്ത്യ, സ്വച്ഛ് ഭാരത് മിഷൻ, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ പദ്ധതികളിലൂടെ രാജ്യത്തുണ്ടായ മാറ്റങ്ങളാണ് ചിത്രങ്ങളിലെ പ്രധാന പ്രമേയം.
ഇന്റർനെറ്റ് നിരക്കിൽ വൻ മാറ്റം
കഴിഞ്ഞ 13 വർഷത്തിനിടെ ഇന്ത്യയിൽ ഏറ്റവും ശ്രദ്ധേയമായ മാറ്റങ്ങളിലൊന്ന് മൊബൈൽ ഇന്റർനെറ്റ് മേഖലയിലാണെന്ന് താരതമ്യ ചിത്രങ്ങൾ ചൂണ്ടിക്കാട്ടുന്നു. 3ജി കാലത്ത് ഒരു ജിബി ഡാറ്റയ്ക്ക് 308 രൂപയായിരുന്ന നിരക്ക് 5ജി കാലത്ത് 7.51 രൂപയായി കുറഞ്ഞെന്നാണ് ഗ്രാഫിക്കിൽ പറയുന്നത്.
നരേന്ദ്ര മോദിയുടെ പോസ്റ്റ്
India is playing a whole new game! https://t.co/CMkMbK6vII
— Narendra Modi (@narendramodi) November 19, 2026
ഇന്റർനെറ്റ് ലഭ്യതയിലും ഡിജിറ്റൽ സേവനങ്ങളുടെ ഉപയോഗത്തിലും ഉണ്ടായ വളർച്ചയുടെ സൂചനയായാണ് ഈ കണക്ക് അവതരിപ്പിച്ചിരിക്കുന്നത്.
റെയിൽവേ വൈദ്യുതീകരണത്തിൽ പുരോഗതി
റെയിൽവേ മേഖലയിലും വലിയ മാറ്റങ്ങളുണ്ടായതായി ചിത്രങ്ങൾ വ്യക്തമാക്കുന്നു. 2013ൽ 20 ശതമാനമായിരുന്ന റെയിൽവേ വൈദ്യുതീകരണം ഇപ്പോൾ 99.6 ശതമാനത്തിലെത്തിയെന്നാണ് താരതമ്യം.
ദേശീയപാതകളുടെ വികസനം, വിമാനത്താവളങ്ങളുടെ എണ്ണം വർധിച്ചത്, ആധുനിക ട്രെയിനുകളുടെ വരവ് തുടങ്ങിയവയും അടിസ്ഥാന സൗകര്യ മേഖലയിലെ മാറ്റങ്ങളായി ചിത്രങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ശുചിത്വം, ദാരിദ്ര്യ നിരക്ക്, സൗരോർജം
സ്വച്ഛ് ഭാരത് മിഷനിലൂടെ രാജ്യത്തെ ശുചിത്വ മേഖലയിലുണ്ടായ പുരോഗതിയും താരതമ്യത്തിൽ ഉൾപ്പെടുന്നു. ശുചിത്വ പരിരക്ഷ 39 ശതമാനത്തിൽ നിന്ന് 100 ശതമാനമായെന്നാണ് ഗ്രാഫിക്കിലെ അവകാശവാദം.
കടുത്ത ദാരിദ്ര്യ നിരക്ക് 27 ശതമാനത്തിൽ നിന്ന് 2.6 ശതമാനമായി കുറഞ്ഞതായും ചിത്രങ്ങൾ സൂചിപ്പിക്കുന്നു. എന്നാൽ ഈ കണക്കുകൾ വിലയിരുത്തുമ്പോൾ ഉപയോഗിച്ച കാലയളവും കണക്കുകൂട്ടൽ രീതിയും പരിഗണിക്കേണ്ടതുണ്ട്.
പുനരുപയോഗ ഊർജ മേഖലയിലും വലിയ വളർച്ചയാണ് ചൂണ്ടിക്കാട്ടുന്നത്. സൗരോർജ ഉൽപ്പാദന ശേഷി 2.82 ജിഗാവാട്ടിൽ നിന്ന് 175 ജിഗാവാട്ടായി ഉയർന്നതായാണ് ഗ്രാഫിക്കിൽ പറയുന്നത്. പ്രതിരോധ കയറ്റുമതിയിലും ബഹിരാകാശ മേഖലയിലും ഇന്ത്യ കൈവരിച്ച നേട്ടങ്ങളും ഇതിൽ പരാമർശിക്കുന്നുണ്ട്.