ബന്ധം അവസാനിപ്പിക്കാൻ വിസമ്മതിച്ചു; എ.എസ്.ഐയെ കൊലപ്പെടുത്തി കാറിനുള്ളിലിട്ട് കത്തിച്ച് വനിതാ ഹെഡ് കോൺസ്റ്റബിളും സംഘവും
Woman Cop Kills ASI Colleague Over Relationship Dispute, Sets Body Ablaze in Gujarat's Aravalli: നവംബർ പത്തിന് ആരവല്ലിയിലെ ഭിലോഡ പ്രദേശത്ത് പൂർണ്ണമായും കത്തിനശിച്ച നിലയിൽ ഒരു മാരുതി എർട്ടിഗ കാർ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് ക്രൂരമായ കൊലപാതകത്തിൻ്റെ ചുരുളഴിഞ്ഞത്. പരിശോധനയിൽ കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിലുള്ള അസ്ഥികൂടം കണ്ടെത്തി
ആരവല്ലി: ഗുജറാത്തിലെ ആരവല്ലിയിൽ അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടറെ കൊലപ്പെടുത്തി മൃതദേഹം കാറിനുള്ളിലിട്ട് കത്തിച്ച കേസിൽ വനിതാ ഹെഡ് കോൺസ്റ്റബിൾ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ. സബർകാന്തയിലെ ചിത്തോഡ പോലീസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന എ.എസ്.ഐ അശ്വിൻഭായ് താബിയാദ് (45) ആണ് കൊല്ലപ്പെട്ടത്. കേസിലെ മുഖ്യപ്രതിയായ ഹെഡ് കോൺസ്റ്റബിൾ ആൽഫാബെൻ കെലാസ്വ (37), ഇവരുടെ സഹോദരൻ കൽപേഷ്ഭായ് കെലാസ്വ (36), ബന്ധുവായ പങ്കജ്കുമാർ കെലാസ്വ (28), കൽപേഷിൻ്റെ സുഹൃത്ത് മനോജ്കുമാർ നിനാമ (33) എന്നിവരാണ് പിടിയിലായത്.
നവംബർ പത്തിന് ആരവല്ലിയിലെ ഭിലോഡ പ്രദേശത്ത് പൂർണ്ണമായും കത്തിനശിച്ച നിലയിൽ ഒരു മാരുതി എർട്ടിഗ കാർ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് ക്രൂരമായ കൊലപാതകത്തിൻ്റെ ചുരുളഴിഞ്ഞത്. പരിശോധനയിൽ കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിലുള്ള അസ്ഥികൂടം കണ്ടെത്തി. മൃതദേഹം അശ്വിൻ്റേതാണെന്ന് കുടുംബം സംശയം പ്രകടിപ്പിച്ചിരുന്നു. നവംബർ 16-ന് അശ്വിൻ്റെ സഹോദരൻ സിദ്ധരാജ് താബിയാദ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്തു.
വ്യക്തിപരമായ തർക്കങ്ങളാണ് കൊലപാതകത്തിന് കാരണമായതെന്ന് പോലീസ് വ്യക്തമാക്കി. അശ്വിനുമായി അടുപ്പത്തിലായിരുന്ന ആൽഫാബെൻ ഈ ബന്ധം അവസാനിപ്പിക്കാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ ബന്ധം തുടരണമെന്ന് ആവശ്യപ്പെട്ട് അശ്വിൻ ഇവരെ സമ്മർദ്ദത്തിലാക്കിയിരുന്നതായാണ് വിവരം. തുടർന്ന് നവംബർ എട്ടിന് രാത്രി ആൽഫാബെൻ അശ്വിനെ ചിത്തോഡയിലുള്ള തൻ്റെ വാടകവീട്ടിലേക്ക് വിളിച്ചുവരുത്തി. അന്ന് രാത്രി അവിടെ തങ്ങിയ അശ്വിനെ ഇവർ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസിൻ്റെ കണ്ടെത്തൽ.
പിറ്റേന്ന് രാവിലെ ആൽഫാബെൻ സഹായത്തിനായി സഹോദരൻ കൽപേഷിനെ വിളിച്ചുവരുത്തി. ബന്ധുവായ പങ്കജിനൊപ്പമാണ് കൽപേഷ് എത്തിയത്. മൂവരും ചേർന്ന് അശ്വിൻ്റെ മൃതദേഹം ഒരു ചാക്കിലാക്കി പകൽ മുഴുവൻ വീടിനുള്ളിൽ ഒളിപ്പിച്ചു. പിന്നീട് പങ്കജ് അശ്വിൻ്റെ എർട്ടിഗ കാർ സമീപത്തെ വനമേഖലയിലേക്ക് കൊണ്ടുപോയി, ആൽഫാബെനും കൽപേഷും പിന്തുടരുകയും ചെയ്തു. അന്ന് രാത്രി വൈകി മൃതദേഹം എർട്ടിഗ കാറിലേക്ക് മാറ്റിയ പ്രതികൾ വാഹനം ഹാത്മതി നദിക്ക് സമീപത്തേക്ക് കൊണ്ടുപോവുകയും അവിടെവെച്ച് മൃതദേഹത്തിലും കാറിലും പെട്രോളൊഴിച്ച് തീകൊളുത്തുകയുമായിരുന്നു.
തീ പെട്ടെന്ന് ആളിപ്പടർന്നതോടെ ആൽഫാബെൻ്റെ മുഖത്തും കൈകളിലും ശരീരത്തിലും പൊള്ളലേറ്റിരുന്നു. ഇവർ പിന്നീട് ആശുപത്രിയിൽ ചികിത്സ തേടൂകയും ചെയ്തു. സി.സി.ടി.വി ദൃശ്യങ്ങളുടെയും, പ്രദേശവാസികളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെയും അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത് എന്ന് ആരവല്ലി പോലീസ് സൂപ്രണ്ട് മനോഹർസിംഗ് ജഡേജ അറിയിച്ചു. പ്രതികൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
English Summary
Gujarat police arrested woman head constable Alphaben Kelaswa and three others for allegedly murdering ASI Ashwinbhai Tabiyad over a relationship dispute and burning his body inside a car.