Uttarakhand Snowfall: ഉത്തരാഖണ്ഡിലെ ബദരിനാഥിൽ കനത്ത മഞ്ഞുവീഴ്ച: 32 പേരെ രക്ഷപ്പെടുത്തി, 25 പേർ കുടുങ്ങിക്കിടക്കുന്നു
Heavy Snowfall in Uttarakhand Badrinath: ബദരിനാഥ് ധാമിന് മൂന്ന് കിലോമീറ്റർ അകലെ ബോർഡ് റോഡ്‌സ് ഓർഗനൈസേഷൻ ക്യാമ്പിന് സമീപമാണ് സംഭവം നടന്നത്. ശക്തമായ മഞ്ഞുവീഴ്ച മൂലം രക്ഷാപ്രവർത്തനത്തിന് വെല്ലുവിളികൾ നേരിടുന്നതായി ബിആർഒ എക്സിക്യൂട്ടീവ് എൻജിനീയർ സി ആർ മീണ പറഞ്ഞു.
ബദരിനാഥ്: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ ഉണ്ടായ ശക്തമായ ഹിമപാതം മൂലം കുടുങ്ങിയ 57 തൊഴിലാളികളിൽ 32 പേരെ രക്ഷപ്പെടുത്തി. 25 പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. റോഡ് നിർമാണത്തിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളാണ് ശക്തമായ ഹിമപാതത്തിൽ മഞ്ഞിനടിയിൽ അകപ്പെട്ടത്. കുടുങ്ങിയവരിൽ പലരും ഗുരുതരാവസ്ഥയിൽ ആണെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രക്ഷാപ്രവർത്തനം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.
ബദരിനാഥ് ധാമിന് മൂന്ന് കിലോമീറ്റർ അകലെ ബോർഡ് റോഡ്‌സ് ഓർഗനൈസേഷൻ (ബിആർഒ) ക്യാമ്പിന് സമീപമാണ് സംഭവം നടന്നത്. ശക്തമായ മഞ്ഞുവീഴ്ച മൂലം രക്ഷാപ്രവർത്തനത്തിന് വെല്ലുവിളികൾ നേരിടുന്നതായി ബിആർഒ എക്സിക്യൂട്ടീവ് എൻജിനീയർ സി ആർ മീണ പറഞ്ഞു. സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആർഎഫ്), ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്), ജില്ലാ ഭരണകൂടം, ഇൻഡോ – ടിബറ്റൻ ബോർഡർ പോലീസ് (ഐടിബിപി), ബിആർഒ ടീമുകൾ എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.
വാർത്ത ഏജൻസിയായ പിടിഐ പങ്കുവെച്ച രക്ഷാപ്രവർത്തനത്തിന്റെ ദൃശ്യങ്ങൾ:
VIDEO | Rescue operation underway amid snowfall in Uttarakhand’s border district of Chamoli where 41 BRO labourers have been trapped under an avalanche. The NDRF has rushed four teams to the spot.
(Source: Third Party) pic.twitter.com/yVDr4sII8g
— Press Trust of India (@PTI_News) February 28, 2025
ശക്തമായ മഞ്ഞുവീഴ്ച ഉള്ളത് കൊണ്ട് ആംബുലൻസ് അടക്കമുള്ള വാഹനങ്ങൾ സംഭവസ്ഥലത്ത് എത്തിക്കുന്നതിൽ കനത്ത വെല്ലുവിളിയാണ് നേരിടുന്നത്. കാലാവസ്ഥ അനുകൂലമായി കഴിഞ്ഞാൽ എസ്ഡിആർഎഫ് സംഘം ഹെലികോപ്റ്ററിൽ സ്ഥലത്തെത്തും. അതേസമയം, ഉത്തരാഖണ്ഡിൽ ഉൾപ്പടെ അതിശക്തമായ മഴ പെയ്യാൻ സാധ്യത ഉണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി വരെ അതിശക്തമായ മഴ പെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.