Ashwini Vaishnaw: ഹിന്ദി വിമര്‍ശനം; എം.കെ. സ്റ്റാലിനെതിരെ ആഞ്ഞടിച്ച് അശ്വിനി വൈഷ്ണവ്; ചൂടുപിടിച്ച് ഭാഷാ വിവാദം
Ashwini Vaishnaw Questions Rahul Gandhi's Stance: സ്റ്റാലിന്റേത് സമൂഹത്തെ വിഭജിക്കാനുള്ള ശ്രമമാണെന്നും, ഇതുകൊണ്ടൊന്നും തമിഴ്‌നാട്ടിലെ മോശം ഭരണം മറയ്ക്കപ്പെടില്ലെന്നും അശ്വിനി വൈഷ്ണവ്. രാഹുൽ ഗാന്ധിക്ക് ഈ വിഷയത്തിൽ എന്താണ് പറയാനുള്ളതെന്നത് രസകരമായിരിക്കും. ഹിന്ദി സംസാരിക്കുന്ന ഒരു മണ്ഡലത്തിലെ എംപി എന്ന നിലയിൽ അദ്ദേഹം സമ്മതിക്കുമോയെന്നും ചോദ്യം

ന്യൂഡല്‍ഹി: ഹിന്ദിക്കെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ നിലപാട് കടുപ്പിക്കുന്നതിന് പിന്നാലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നിലപാട് എന്താണെന്ന് ആരാഞ്ഞ് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് രംഗത്ത്. ഹിന്ദി എത്ര ഇന്ത്യൻ ഭാഷകളെ വിഴുങ്ങി എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോയെന്ന് ചോദിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പങ്കുവച്ച ട്വീറ്റിനെക്കുറിച്ച് പ്രതികരിക്കുന്നതിനിടെയാണ് രാഹുല്‍ ഗാന്ധിയുടെ നിലപാട് എന്താണെന്ന് അശ്വിനി വൈഷ്ണവ് ചോദിച്ചത്.
ഖോർത്ത, കുർമാലി, കുറുഖ്, മുന്ദാരി, ബ്രജ്, ബുണ്ടേലി, കുമാവോണി, മാഗാഹി, മാർവാരി, മാൾവി, ഗർവാലി, ഛത്തീസ്ഗഢി, സന്താലി, അംഗിക, ഹോ, ഖരിയ, ഭോജ്പുരി, മൈഥിലി, അവധി തുടങ്ങിയവ അതിജീവനത്തിനായി നെട്ടോട്ടമോടുന്നുവെന്നായിരുന്നു സ്റ്റാലിന്റെ ആരോപണം.




ഹിന്ദി സ്വത്വത്തിനായുള്ള സമ്മർദ്ദമാണ് പുരാതന ഭാഷകളെ നശിപ്പിക്കുന്നതെന്നും, ബിഹാറും യുപിയും ഒരിക്കലും ഹിന്ദി ഹൃദയഭൂമികള്‍ മാത്രമായിരുന്നില്ലെന്നും സ്റ്റാലിന്‍ ആരോപിച്ചിരുന്നു. അവരുടെ യഥാര്‍ത്ഥ ഭാഷകള്‍ ഇപ്പോള്‍ ഭൂതകാലത്തിന്റെ അവശിഷ്ടങ്ങളായി മാറിയെന്നും സ്റ്റാലിന്‍ ‘എക്‌സി’ല്‍ കുറിച്ചു. ഇത് എങ്ങോട്ടാണ് നീങ്ങുന്നതെന്ന് അറിയാവുന്നതിനാലാണ് തമിഴ്‌നാട് ഇതിനെ ചെറുക്കുന്നതെന്നും സ്റ്റാലിന്‍ പറഞ്ഞിരുന്നു. ഈ കുറിപ്പിനോട് പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
Poor governance will never be hidden by such shallow attempts to divide society.
It will be interesting to know what the Leader of the Opposition, @RahulGandhi Ji, has to say on this subject. Does he, as MP of a Hindi-speaking seat, agree? https://t.co/Oj2tQseTno
— Ashwini Vaishnaw (@AshwiniVaishnaw) February 27, 2025
ഇത് സമൂഹത്തെ വിഭജിക്കാനുള്ള ശ്രമമാണെന്നും, ഇതുകൊണ്ടൊന്നും തമിഴ്‌നാട്ടിലെ മോശം ഭരണം മറയ്ക്കപ്പെടില്ലെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് ഈ വിഷയത്തിൽ എന്താണ് പറയാനുള്ളതെന്നത് രസകരമായിരിക്കും.
ഹിന്ദി സംസാരിക്കുന്ന ഒരു മണ്ഡലത്തിലെ എംപി എന്ന നിലയിൽ അദ്ദേഹം സമ്മതിക്കുമോയെന്നായിരുന്നു അശ്വിനി വൈഷ്ണവിന്റെ ചോദ്യം.