അമൃതസറിലെ സൈനിക താവളങ്ങൾ ഭീകരരുടെ റഡാറിൽ! പഞ്ചാബിൽ അതീവ ജാഗ്രത
Terror Threat in Amritsar: അമൃത്സറിലെ സൈനിക കേന്ദ്രങ്ങളെ ഭീകരര്‍ ലക്ഷ്യമിടാന്‍ പദ്ധതിയിടുന്നുണ്ടെന്ന സംശയത്തെ തുടര്‍ന്ന് പഞ്ചാബില്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന റാണാ ഭായ്, മാലിക് എന്നിങ്ങനെ തിരിച്ചറിഞ്ഞ രണ്ട് സംശയാസ്പദമായ ഓപ്പറേറ്റർമാരെക്കുറിച്ചുള്ള വിവരങ്ങള്‍ ഇന്റലിജന്‍സ് ഏജന്‍സി കൈമാറി.
ചണ്ഡീഗഡ്: അമൃത്സറിലെ സൈനിക കേന്ദ്രങ്ങളെ ഭീകരര്‍ (ഷെഹ്സാദ് ഭട്ടി ശൃംഖല) ലക്ഷ്യമിടാന്‍ പദ്ധതിയിടുന്നുണ്ടെന്ന സംശയത്തെ തുടര്‍ന്ന് പഞ്ചാബില്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന റാണാ ഭായ്, മാലിക് എന്നിങ്ങനെ തിരിച്ചറിഞ്ഞ രണ്ട് സംശയാസ്പദമായ ഓപ്പറേറ്റർമാരെക്കുറിച്ചുള്ള വിവരങ്ങള്‍ ഇന്റലിജന്‍സ് ഏജന്‍സി കൈമാറിയിട്ടുണ്ട്. അമൃതസറിലെ ഖാസ കന്റോൺമെന്റിലും ബിയാസിനടുത്തുള്ള ബുദ്ധ തെഹ് സൈനിക കേന്ദ്രത്തിലും ഇതിനോടകം തന്നെ നിരീക്ഷണം നടത്തിക്കഴിഞ്ഞതായി ഇതിൽ അവകാശപ്പെടുന്നു.
ഇന്റലിജന്‍സ് മുന്നറിയിപ്പിനെ തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ ജാഗ്രതയിലാണ്. ഖാസ കന്റോൺമെന്റിൽ ഏതാനും മാസങ്ങൾക്ക് മുമ്പ് ഒരു സ്ഫോടനം നടന്നിരുന്നു. മേയ് അഞ്ചിന് കന്റോൺമെന്റിന്റെ അതിർത്തി മതിലിന് സമീപം ഒരു കുറഞ്ഞ തീവ്രതയുള്ള സ്ഫോടനം നടന്നിരുന്നു. ഈ സ്ഫോടനത്തിൽ ഐഇഡി ആണ് ഉപയോഗിച്ചതെന്നും അതിർത്തിയിലെ ഒരു ടിൻ ഷീറ്റിന് കേടുപാടുകൾ സംഭവിച്ചതായും പിന്നീട് പഞ്ചാബ് പൊലീസ് വ്യക്തമാക്കിയിരുന്നു.
ഈ സ്ഫോടനം ആസൂത്രിതമായ ഒരു ആക്രമണത്തിന്റെ ഭാഗമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സംശയിച്ചിരുന്നു. എന്നാൽ, ആ സംഭവവും ഷെഹ്സാദ് ഭട്ടി ശൃംഖലയെക്കുറിച്ചുള്ള പുതിയ ഇന്റലിജൻസ് വിവരവും തമ്മില്‍ ബന്ധമുണ്ടോയെന്ന് വ്യക്തമല്ല.
വർധിച്ചുവരുന്ന ആശങ്ക
പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര-ഗ്യാങ്സ്റ്റർ ശൃംഖലകൾ പഞ്ചാബിൽ തങ്ങളുടെ പ്രവർത്തന അടിത്തറയുണ്ടാക്കാൻ ശ്രമിക്കുന്നതിൽ സുരക്ഷാ ഏജൻസികൾക്കിടയിൽ ആശങ്ക വര്‍ധിക്കുന്നുണ്ട്. ഭീകര-ഗ്യാങ്സ്റ്റർ ശൃംഖലകൾ പ്രാദേശികമായി ആളുകളെ റിക്രൂട്ട് ചെയ്യുന്നതും സഹായികളെയും ക്രിമിനൽ ശൃംഖലകളെയും ഉപയോഗിക്കുന്നതും ഏജൻസികൾ നിരീക്ഷിച്ചു വരികയാണ്.
Also Read: പൊലീസ് സ്റ്റേഷൻ ലക്ഷ്യമിട്ട് ഭീകരർ; പൊതിക്കുള്ളിൽ ബോംബും ടൈമറും! വൻ ഭീകരാക്രമണ പദ്ധതി തകർത്തു
ഷെഹ്സാദ് ഭട്ടി
അതിർത്തി കടന്നുള്ള ഭീകരവാദവും സംഘടിത കുറ്റകൃത്യങ്ങളും സംബന്ധിച്ച അന്വേഷണങ്ങളിൽ അടുത്തകാലത്തായി തുടർച്ചയായി ഉയർന്നുവരുന്ന പേരാണ് പാകിസ്ഥാൻ ആസ്ഥാനമായുള്ള ഗ്യാങ്സ്റ്റർ ഷെഹ്സാദ് ഭട്ടിയുടേത്. ഭട്ടി പാകിസ്ഥാനിൽ നിന്ന് പ്രവർത്തിക്കുകയും കൂട്ടാളികളുടെയും ഓപ്പറേറ്റർമാരുടെയും ശൃംഖലയിലൂടെ ഇന്ത്യയിലെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുകയും ചെയ്യുന്നുവെന്നാണ് ഇന്ത്യൻ ഏജൻസികളുടെ കണ്ടെത്തല്‍.
ആക്രമണങ്ങൾ, റിക്രൂട്ട്മെന്റ്, പഞ്ചാബിലേക്ക് ആയുധങ്ങളും സ്ഫോടക വസ്തുക്കളും എത്തിക്കൽ എന്നിവയുമായി ബന്ധപ്പെട്ട അന്വേഷണങ്ങളിൽ ഇയാളുടെ പേര് ഉയർന്നുവന്നിട്ടുണ്ട്. ഭട്ടി ശൃംഖലയുമായി ബന്ധപ്പെട്ട നിരവധി കേസുകളിൽ എന്‍ഐഎ അന്വേഷണം നടത്തിവരികയാണ്. ഭട്ടിയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകരവാദ കേസുകളുമായി ബന്ധപ്പെട്ട് പഞ്ചാബിലും ഹരിയാനയിലും പരിശോധനകൾ നടത്തിയിരുന്നു.
ഭീകരാക്രമണ പദ്ധതി
ഏകദേശം ഒരാഴ്ച മുമ്പ് അമൃത്സറില്‍ പൊലീസ് സ്റ്റേഷന്‍ ലക്ഷ്യമിട്ടുള്ള ഭീകരാക്രമണ പദ്ധതി പൊലീസ് തകര്‍ത്തിരുന്നു. 690 ഗ്രാം ഭാരമുള്ള ഐഇഡിയും ഇലക്ട്രോണിക് ഡെറ്റണേറ്ററും പൊലീസ് കണ്ടെടുത്തു. ഭീകരാക്രമണ പദ്ധതി അമൃത്സര്‍ റൂറല്‍ പൊലീസ് തകര്‍ത്തതായി പഞ്ചാബ് ഡയറക്ടർ ജനറൽ ഓഫ് പൊലീസ് (ഡിജിപി) ഗൗരവ് യാദവ് അന്ന് വ്യക്തമാക്കിയിരുന്നു.
English Summary
Intelligence agencies issued a high alert in Punjab over potential attacks on Amritsar military bases. A Pakistan-based network allegedly completed target reconnaissance at Khasa Cantonment and Budha Theh. Security forces stepped up monitoring around key installations following the identification of two operatives.