India-Bangladesh: ഉഭയകക്ഷി ബന്ധം വീണ്ടും ഉലയുന്നു! ബംഗ്ലാദേശ് പ്രതിനിധിയെ വിളിച്ചുവരുത്തി ഇന്ത്യ; ആവശ്യപ്പെട്ടത് ഇക്കാര്യം
India-Bangladesh Issue: ബംഗ്ലാദേശ് പ്രതിനിധിയെ വിളിച്ചുവരുത്തി ഇന്ത്യ. ബംഗ്ലാദേശ് ഹൈക്കമ്മീഷണർ റിയാസ് ഹമീദുള്ളയെയാണ് വിദേശകാര്യ മന്ത്രാലയത്തിലെ ബംഗ്ലാദേശ്-മ്യാൻമർ ഡിവിഷന്റെ ജോയിന്റ് സെക്രട്ടറി ബി ശ്യാം വിളിച്ചുവരുത്തിയത്
ന്യൂഡല്‍ഹി: ഉഭയകക്ഷി ബന്ധം ഉലയുന്നതിനിടെ ബംഗ്ലാദേശ് പ്രതിനിധിയെ വിളിച്ചുവരുത്തി ഇന്ത്യ. ബംഗ്ലാദേശ് ഹൈക്കമ്മീഷണർ റിയാസ് ഹമീദുള്ളയെയാണ് വിദേശകാര്യ മന്ത്രാലയത്തിലെ ബംഗ്ലാദേശ്-മ്യാൻമർ ഡിവിഷന്റെ ജോയിന്റ് സെക്രട്ടറി ബി ശ്യാം വിളിച്ചുവരുത്തിയത്. ഈയാഴ്ച ഇത് രണ്ടാം തവണയാണ് ബംഗ്ലാദേശ് ഹൈക്കമ്മീഷണറെ ഇന്ത്യ വിളിച്ചുവരുത്തുന്നത്. ബംഗ്ലാദേശിന്റെ പല ഭാഗങ്ങളിലും അരങ്ങേറുന്ന ഇന്ത്യാ വിരുദ്ധ പ്രക്ഷോഭം, ദിപു ചന്ദ്ര ദാസ് എന്ന ഹൈന്ദവ യുവാവിന്റെ കൊലപാതകം തുടങ്ങിയ വിഷയങ്ങളാണ് നടപടിക്ക് കാരണണമായത്.
വ്യാഴാഴ്ച രാത്രി ബംഗ്ലാദേശിലെ മൈമെൻസിങ് നഗരത്തിൽ ദൈവനിന്ദ ആരോപിച്ച് ദിപു ചന്ദ്ര ദാസിനെ ജനക്കൂട്ടം കൊലപ്പെടുത്തുകയായിരുന്നു. യുവാവിന്റെ മരണം ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.
ഫാക്ടറി തൊഴിലാളിയായ ഈ 25കാരന്റെ കൊലപാതകത്തില്‍ ഇന്ത്യയിലും പ്രതിഷേധം അരങ്ങേറി. ബംഗ്ലാദേശിന്റെ നയതന്ത്ര കാര്യാലയങ്ങൾക്ക് മുന്നിൽ വിശ്വ ഹിന്ദു പരിഷത്ത് ഉള്‍പ്പെടെയുള്ള സംഘടനകള്‍ പ്രതിഷേധിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ പ്രണയ് വർമ്മയെ ധാക്കയിലെ വിദേശകാര്യ മന്ത്രാലയത്തിലേക്ക് വിളിച്ചുവരുത്തി ബംഗ്ലാദേശ് പ്രതിഷേധമറിയിച്ചിരുന്നു.
Also Read: Bangladesh Unrest: ഒസ്മാന്‍ ഹാദിക്ക് പിന്നാലെ മറ്റൊരു നേതാവിനും വെടിയേറ്റു; ബംഗ്ലാദേശ് കലുഷിതം
ഇതിന് പിന്നാലെയാണ് ബംഗ്ലാദേശ് പ്രതിനിധിയെ ഇന്ത്യ വിളിച്ചുവരുത്തിയത്. ബംഗ്ലാദേശിലെ യുവ നേതാവ് ഷെരീഫ് ഉസ്മാന്‍ ഹാദിയുടെ കൊലപാതകത്തില്‍ ശരിയായ അന്വേഷണം നടക്കണമെന്നുള്ള ആവശ്യമടക്കം ഇന്ത്യ മുന്നോട്ടുവച്ചതായാണ് റിപ്പോര്‍ട്ട്. ഹാദിയുടെ മരണത്തിന് ഇന്ത്യയെ കുറ്റപ്പെടുത്തുന്നതിന് പകരം കുറ്റവാളികളെ തിരിച്ചറിയാൻ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ഹാദിയുടെ കൊലപാതകത്തിൽ ഇന്ത്യക്കാര്‍ക്ക് പങ്കുണ്ടെന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ബംഗ്ലാദേശിൽ ഇന്ത്യാ വിരുദ്ധ പ്രതിഷേധങ്ങൾക്ക് കാരണമായെന്നും, കഴിഞ്ഞയാഴ്ച ചിറ്റഗോങ്ങിലെ ഇന്ത്യൻ അസിസ്റ്റന്റ് ഹൈക്കമ്മീഷനിൽ ഒരു ജനക്കൂട്ടം അതിക്രമിച്ചു കയറാൻ ശ്രമിച്ചതായും ബംഗ്ലാദേശ് പ്രതിനിധിയെ ഇന്ത്യ അറിയിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.