Indus Waters Treaty: ‘പാകിസ്ഥാൻ വെള്ളം കിട്ടാതെ വലയും’; സിന്ധു നദീജല കരാർ കരാർ ഒരിക്കലും പുനഃസ്ഥാപിക്കില്ലെന്ന് അമിത് ഷാ
Indus Waters Treaty With Pakistan: ഏപ്രിൽ 22-ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ-പാകിസ്ഥാൻ ബന്ധം വഷളായതിനെ തുടർന്നാണ് കരാർ റദ്ദാക്കിയത്. അതേസമയം ഓപ്പറേഷൻ സിന്ദൂരിനെ വിമർശിച്ച കോൺഗ്രസിനെയും അദ്ദേഹം രൂക്ഷമായ ഭാഷയിൽ വിമർശിച്ചു.
ന്യൂഡൽഹി: പാകിസ്ഥാനുമായുള്ള സിന്ധു നദീജല കരാർ ഒരിക്കലും പുനഃസ്ഥാപിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കരാറിലെ നിബന്ധനകൾ ലംഘിച്ചതിനാലാണ് നടപടിയെന്നും, പാകിസ്ഥാൻ ഇനി വെള്ളം കിട്ടാതെ വലയുമെന്നും അമിതാ ഷാ പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
“അന്താരാഷ്ട്ര ഉടമ്പടികൾ ഏകപക്ഷീയമായി റദ്ദാക്കാൻ കഴിയില്ലെങ്കിലും നിർത്തലാക്കാൻ ഇന്ത്യക്ക് അവകാശമുണ്ട്. അത് ഞങ്ങൾ ചെയ്തു. ഉടമ്പടിയുടെ ആമുഖത്തിൽ കരാർ ഇരു രാജ്യങ്ങളുടെയും സമാധാനത്തിനും പുരോഗതിക്കും വേണ്ടിയാണെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. പക്ഷേ പാകിസ്ഥാൻ ആ കരാർ ലംഘിച്ചു” അദ്ദേഹം പറഞ്ഞു.
ഏപ്രിൽ 22-ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ-പാകിസ്ഥാൻ ബന്ധം വഷളായതിനെ തുടർന്നാണ് കരാർ റദ്ദാക്കിയത്. പാകിസ്ഥാൻ പൗരന്മാരെ പുറത്താക്കുന്നത് ഉൾപ്പെടെയുള്ള നയതന്ത്ര തീരുമാനങ്ങളുടെ ഭാഗമായാണ് കരാറും റദ്ദാക്കിയത്. “ഇന്ത്യയ്ക്ക് അവകാശപ്പെട്ട വെള്ളം ഇന്ത്യ തന്നെ ഉപയോഗിക്കും. പാകിസ്ഥാനിലേക്ക് ഒഴുകിയിരുന്ന വെള്ളം ഒരു കനാൽ നിർമ്മിച്ച് രാജസ്ഥാനിലേക്ക് കടത്തിവിടും. വെള്ളത്തിന്റെ അഭാവം പാകിസ്ഥാനെ വലയ്ക്കും,” ഷാ കൂട്ടിച്ചേർത്തു.
പാകിസ്ഥാൻ്റെ തീരുമാനം എന്താണെങ്കിലും അതിനെതിരെ നടപടിയെടുക്കാൻ ഞങ്ങൾ മടിക്കില്ലെന്നും ഷാ പറഞ്ഞു. “വിനോദസഞ്ചാരികൾ കശ്മീരിലേക്കുള്ള യാത്രകൾ പുനരാരംഭിച്ചു. ഇന്ത്യയിലെ വിനോദ സഞ്ചാര മേഖയാണ് പാകിസ്ഥാൻ ആക്രമിച്ചത്, അതിന് അവരുടെ വ്യോമതാവളങ്ങൾ നശിപ്പിച്ചുകൊണ്ടാണ് ഇന്ത്യ ഉചിതമായ മറുപടി നൽകിയത് ” അദ്ദേഹം വ്യക്തമാക്കി.
അതേസമയം ഓപ്പറേഷൻ സിന്ദൂരിനെ വിമർശിച്ച കോൺഗ്രസിനെയും അദ്ദേഹം രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. “കോൺഗ്രസിനോട് ഞാൻ ചോദിക്കട്ടെ, അവരുടെ കാലത്ത് എന്താണ് സംഭവിച്ചിരുന്നത്? ഭീകരവാദ വിഷയങ്ങളിൽ കോൺഗ്രസിന് എങ്ങനെയാണ് ഇപ്പോഴത്തെ കേന്ദ്ര സർക്കാരിനെ ചോദ്യം ചെയ്യാൻ കഴിയുക? ഒരു മന്ത്രിയെ മാറ്റുക എന്നതല്ലാതെ മറ്റൊന്നും അവർ ചെയ്തിരുന്നില്ല. കേന്ദ്രത്തെ വിമർശിക്കാൻ കോൺഗ്രസിന് യാതൊരു അവകാശമില്ലെന്നും- ഷാ കൂട്ടിച്ചേർത്തു.