കേന്ദ്ര സർക്കാരിനോട് മാപ്പ് പറഞ്ഞ് സക്കർബർഗ്; മെറ്റയ്ക്കെതിരേ നടപടികൾ തുടരും
Mark Zuckerberg apologizes to the central government: മെറ്റ മേധാവി മാർക്ക് സക്കർബർഗ് കേന്ദ്ര സർക്കാരിനോട് മാപ്പ് പറഞ്ഞതായി റിപ്പോർട്ട്. സമൂഹമാധ്യ പ്ലാറ്റ്ഫോമുകളുടെ പ്രവർത്തനത്തിലെ വീഴ്ച, കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്നതുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങൾ, ഡീഫ് ഫെയ്ക്ക് ഉള്ളടക്കങ്ങൾ എന്നിവ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഉണ്ടായ വീഴ്ചകളിൽ ആണ് മാപ്പ് പറഞ്ഞിരിക്കുന്നത്.

Meta Ceo Mark Zuckerberg Apologizes
ന്യൂഡൽഹി: മെറ്റ മേധാവി മാർക്ക് സക്കർബർഗ് കേന്ദ്ര സർക്കാരിനോട് മാപ്പ് പറഞ്ഞതായി റിപ്പോർട്ട്. സമൂഹമാധ്യ പ്ലാറ്റ്ഫോമുകളുടെ പ്രവർത്തനത്തിലെ വീഴ്ച, കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്നതുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങൾ, ഡീഫ് ഫെയ്ക്ക് ഉള്ളടക്കങ്ങൾ എന്നിവ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഉണ്ടായ വീഴ്ചകളിൽ ആണ് മാപ്പ് പറഞ്ഞിരിക്കുന്നത്. ചില പ്രത്യേക വിഭാഗത്തിലുള്ള കണ്ടന്റുകൾ കൂടുതൽ യൂസർമാരിലേക്ക് എത്തിക്കുന്നതിനായി വൻ തുക കൈപ്പറ്റിയിട്ടുണ്ടെന്നും, അൽഗോരിതത്തിലുണ്ടായ വീഴ്ചകൾ മൂലമാണ് പ്ലാറ്റ്‌ഫോമിൽ പിഴവുകൾ സംഭവിച്ചതെന്നും മെറ്റ സമ്മതിച്ചു. അതേസമയം മെറ്റയ്ക്ക് എതിരായ കേന്ദ്ര സർക്കാർ നടപടികൾ തുടരും എന്നാണ് സൂചന.
കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കമുള്ള മെറ്റ പരസ്യങ്ങൾക്കെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. ഇത് കൂടാതെ, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ മാർക്ക് സക്കർബർഗ് മാപ്പ് പറയണമെന്ന് കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി പാർലമെന്ററി സമിതി ആവശ്യപ്പെടുകയും അന്ത്യശാസനം നൽകുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് ഇപ്പോൾ കേന്ദ്രത്തോട് സക്കർബർഗ് മാപ്പുപറഞ്ഞു എന്ന റിപ്പോർട്ട് എത്തിയിരിക്കുന്നത്. സക്കർബർഗ് മാപ്പ് പറയണമെന്നും വീഡിയോ നീക്കാൻ ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കണമെന്നും അല്ലെങ്കിൽ ഐ.ടി നിയമപരിരക്ഷ നീക്കം ചെയ്യുമെന്നുമെന്നും സമിതി മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനിടെ വീഡിയോ നീക്കിയതിൽ മെറ്റ പബ്ലിക് പോളിസി മേധാവി ഐടി സെക്രട്ടറിയെ കണ്ട് വിശദീകരണം നൽകിയെങ്കിലും സർക്കാർ തൃപ്തരായിരുന്നില്ല.
എഐ നിർമ്മിത ഓട്ടോമേറ്റഡ് ഫിൽട്ടറുകളിലുണ്ടായ സാങ്കേതിക തകരാർ മൂലമാണ് പ്രധാനമന്ത്രിയുടെ പോസ്റ്റ് താൽക്കാലികമായി നീക്കം ചെയ്യപ്പെട്ടത് എന്ന മെറ്റയുടെ വിശദീകരണം കേന്ദ്ര മന്ത്രാലയം തള്ളിയിരുന്നു. തുടർന്ന് പ്രധാനമന്ത്രി ഉൾപ്പെടെയുള്ള പ്രമുഖ വ്യക്തികളുടെ അക്കൗണ്ടുകളിലെ പോസ്റ്റുകൾക്ക് പ്രത്യേക പരിശോധനാ സംവിധാനങ്ങൾ ഏർപ്പെടുത്തിയതായി മെറ്റാ അറിയിച്ചതായും റിപ്പോർട്ടുകൾ ഉണ്ട്.
സമൂഹമാധ്യമങ്ങൾക്കുള്ള പരിരക്ഷ മെറ്റയ്ക്ക് ലഭ്യമാകില്ലെന്ന് ഐ.ടി. മന്ത്രാലയം മെറ്റയുടെ ഉദ്യോഗസ്ഥരെ അറിയിച്ചെന്ന് സൂചനയുണ്ട്. ഏതെല്ലാം ഉള്ളടക്കങ്ങൾ ആരെല്ലാം കാണമെന്ന് മെറ്റ തീരുമാനിക്കുന്നതിനാൽ അവരെ ഇടനിലക്കാരായി കണക്കാക്കാൻ കഴിയില്ലെന്നും അതിനാൽ പ്രത്യേക നിയമപരിരക്ഷ ഉണ്ടാകില്ലെന്നും ഐ.ടി. മന്ത്രാലയം മെറ്റ ഗ്ലോബൽ ടീമിനെ അറിയിച്ചതായാണ് റിപ്പോർട്ട്.
ഐടി നിയമപ്രകാരം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് ലഭിക്കുന്ന ‘സേഫ് ഹാർബർ’ നിയമപരിരക്ഷയാണ് ഇനി മെറ്റായ്ക്ക് നൽകാനാവില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചത്. ഇന്ത്യയിലെ നിയമങ്ങൾ എങ്ങനെയൊക്കെ മെറ്റ ലംഘിച്ചു എന്നത് മന്ത്രി അശ്വിനി വൈഷ്ണവ് മെറ്റ ഗ്ലോബൽ ടീമിന് ചൂണ്ടിക്കാട്ടി. നാളെ വീണ്ടും ഹാജരാവാൻ മെറ്റ സംഘത്തോട് ഐടി മന്ത്രാലയം നിർദേശിച്ചിട്ടുണ്ട് എന്നും റിപ്പോർട്ടുകൾ പറയുന്നു.
140 കോടി ജനങ്ങളെ പ്രതിനിധീകരിക്കുന്ന പ്രധാനമന്ത്രിയുടെ പോസ്റ്റ് നീക്കിയത് ജനാധിപത്യത്തിൻമേലുള്ള ആക്രമണമായാണ് കണക്കാക്കുന്നത്. മറുപടി നൽകുന്നതിൽ വീഴ്ചവരുത്തിയാൽ സമൂഹമാധ്യമ പരിരക്ഷ എടുത്തുകളയുമെന്നും നിയമ നടപടി സ്വീകരിക്കുമെന്നും ആണ് ഇന്ത്യ സക്കർബർഗിന് മുന്നറിയിപ്പ് നൽകിയിരുന്നത്. അതേസമയം സക്കർബർഗിന്റെ മാപ്പ് എത്തിയെങ്കിലും മെറ്റയ്ക്ക് എതിരായ കേന്ദ്ര സർക്കാരിന്റെ നടപടികൾ തുടരും എന്നാണ് സൂചന.
English Summary
Meta CEO Mark Zuckerberg has reportedly apologized to the central government. The apology was made for the shortcomings in the functioning of the social media platform, including content related to child sexual exploitation and deepfake content. At the same time, it is indicated that the central government will continue to take action against Meta.