Mother in law Dies: മാനസിക പീഡനത്തെ തുടർന്ന് ജീവനൊടുക്കിയ മലയാളി അധ്യാപികയുടെ ഭർതൃമാതാവ് വിഷം കഴിച്ചു മരിച്ചു
Mother in law Dies: കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ശ്രുതി മരിച്ചത്. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ചെമ്പകവല്ലി മാനസികമായി പീഡിപ്പിച്ചതിനെ തുടർന്നാണ് ശ്രുതി മരിക്കാനിടയായതെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു.
നാഗർകോവിൽ : മാനസിക പീഡനത്തെ തുടർന്ന് മലയാളി അധ്യാപിക ജീവനൊടുക്കിയതിനു പിന്നാലെ ഭർതൃമാതാവും മരിച്ചു. ശുചീന്ദ്രം സ്വദേശിനി പരേതനായ നാഗരാജന്റെ ഭാര്യ ചെമ്പകവല്ലി (50) ആണ് മരിച്ചത്. കൊല്ലം പിറവന്തൂർ സ്വദേശിയായ ശ്രുതിയുടെ മരണത്തിനു പിന്നാലെ ചെമ്പകവല്ലി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. തുടർന്ന് ഇവരെ ആശുപത്രിയിൽ എത്തിച്ചു. ആശാരിപ്പള്ളം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകിട്ടോടെ മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ശ്രുതി മരിച്ചത്. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ചെമ്പകവല്ലി മാനസികമായി പീഡിപ്പിച്ചതിനെ തുടർന്നാണ് ശ്രുതി മരിക്കാനിടയായതെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു.
കഴിഞ്ഞ ഏപ്രിലിലായിരുന്നു ശ്രുതിയുടെയും തമിഴ്നാട് വൈദ്യുതി ബോർഡ് ജീവനക്കാരനായ കാർത്തിക്കുമായുള്ള വിവാഹം നടന്നത്. തുടർന്ന് ശുചീന്ദ്രം തെർക്മണിലുള്ള ഭർത്തൃവീട്ടിലെ കിടപ്പുമുറിയിൽ 21ന് രാവിലെ 7.30ന് ശ്രുതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഭർതൃമാതാവിന്റെ മാനസിക പീഡനം സഹിക്കാൻ കഴിയുന്നില്ലെന്ന് ശ്രുതി 21ന് അമ്മയ്ക്ക് വാട്സാപ്പിൽ സന്ദേശം അയച്ചിരുന്നു. പീഡനത്തെ കുറിച്ച് പരാമർശിക്കുന്ന സന്ദേശങ്ങളും പോലീസിനു കൈമാറിയിരുന്നു. സ്ത്രീധനം കുറഞ്ഞുപോയെന്ന് ആരോപിച്ചായിരുന്നു പീഡനമെന്നും സന്ദേശത്തിലുണ്ട്. ഭർത്താവിനൊപ്പം ഇരിക്കാനോ ഒരുമിച്ചിരുന്ന് ആഹാരം കഴിക്കാനോ അനുവദിച്ചിരുന്നില്ലെന്നും ശ്രുതി പറഞ്ഞതായി വീട്ടുകാർ പോലീസിനു മൊഴി നൽകി. സ്ത്രീധനത്തിന്റെ പേരിൽ എന്നും ഭർതൃമാതാവുമായി വഴക്കായിരുന്നുവെന്നും നിരന്തരം വീട് വിട്ട് പോകണമെന്ന് പറഞ്ഞു പീഡിപ്പിക്കുകയായിരുന്നുവെന്നും പറഞ്ഞുകൊണ്ടുള്ള ശ്രുതിയുടെ ശബ്ദസന്ദേശം പുറത്തുവന്നിരുന്നു. 10 ലക്ഷം രൂപയും 50 പവൻ സ്വർണവും വിവാഹസമ്മാനമായി നൽകിയിരുന്നു. സ്ത്രീധനം കുറഞ്ഞെന്ന് പറഞ്ഞു കാർത്തിക്കിന്റെ അമ്മ വഴക്കുണ്ടാക്കി. മരിക്കുകയല്ലാതെ മറ്റു വഴിയില്ലെന്നും എച്ചിൽപാത്രത്തിൽ നിന്ന് ഭക്ഷണം കഴിക്കാൻ അമ്മായിയമ്മ നിർബന്ധിച്ചെന്നും ശ്രുതി പറയുന്നു. വീട്ടിലേക്ക് തിരിച്ചുപോകണമെന്ന് പറഞ്ഞു പീഡിപ്പിക്കുകയാണ്. എന്നാൽ മടങ്ങിപ്പോയി വീട്ടുകാർക്ക് നാണക്കേട് ഉണ്ടാക്കുന്നില്ലെന്നും ശ്രുതിയുടെ ഫോൺസന്ദേശത്തിലുണ്ട്. കോയമ്പത്തൂരിൽ സ്ഥിരതാമസം ആണ് ശ്രുതിയുടെ കുടുംബം. കുടുംബത്തിന്റെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പരാതിയിൽ കേസെടുത്ത പോലീസ് ഭർത്താവ് കാർത്തിക്, ഭർതൃമാതാവ് ചെമ്പകവല്ലി എന്നിവരുടെ മൊഴിയെടുത്തു. ശ്രുതിയുടെ രക്ഷിതാക്കളോട് നാളെ നേരിട്ട് ഹാജരായി മൊഴി നൽകാൻ നാഗർകോവിൽ ആർഡിഒ എസ്.കാളീശ്വരി നിർദേശിച്ചിരുന്നു. ചെമ്പകവല്ലിയുടെ മൃതദേഹം ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)