Mumbai Weather: കൊടും ചൂടിനിടെ ഇടിമിന്നലെത്തുന്നു; മുംബൈയില്‍ ഇന്ന് കാലാവസ്ഥ വളരെ മോശം
Severe Weather in Mumbai Today: ഏപ്രില്‍ 20നും 22നും ഇടയില്‍ പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലെ ഘാട്ട്, ഖണ്ഡേഷ്, മറാത്ത്‌വാഡ, വിദര്‍ഭയുടെ ചില ഭാഗങ്ങളില്‍ എന്നിവിടങ്ങളില്‍ ഉച്ചകഴിഞ്ഞ് ശക്തമായ മഴ പെയ്‌തേക്കാം, മഴയ്ക്കും ഇടിമിന്നലിനും പുറമെ ആലിപ്പഴ വര്‍ഷത്തിനുള്ള സാധ്യതയും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നു.
കൊടുംചൂടില്‍ വലയുന്ന മുംബൈക്കാര്‍ക്ക് ആശ്വാസവുമായി വേനല്‍മഴ എത്തുന്നു. മുംബൈ ഉള്‍പ്പെടെയുള്ള കൊങ്കണ്‍ തീരത്ത് അടുത്ത അഞ്ച് ദിവസം മഴയുണ്ടാകുമെന്നാണ് വിവരം. മഴയോടൊപ്പം ശക്തമായ കാറ്റും ഇടമിന്നലുമെത്തും. മഴ ലഭിക്കുമെങ്കിലും വേനല്‍ച്ചൂടില്‍ നിന്ന് രക്ഷനേടാനാകില്ല, ചൂടും ദിനംപ്രതി ഉയരുമെന്ന സൂചനയും കാലാവസ്ഥ വകുപ്പ് നല്‍കുന്നു.
ഇടിമിന്നലോട് കൂടിയ മഴ
മുംബൈയില്‍ ഇടിമിന്നലോട് കൂടിയ മഴയാണ് പ്രവചിക്കുന്നത്. താനെ, പാല്‍ഘര്‍ ജില്ലകള്‍ അടുത്ത 48 മണിക്കൂര്‍ മേഘാവൃതമായി തുടരും. മുംബൈയെ അപേക്ഷിച്ച് ദക്ഷിണ കൊങ്കണില്‍ കൂടുതല്‍ മഴ പെയ്യാന്‍ സാധ്യതയുണ്ട്. റായ്ഗഡ്, രത്‌നഗിരി, സിന്ധുദുര്‍ഗ് ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴ ലഭിക്കും.
ഏപ്രില്‍ 20നും 22നും ഇടയില്‍ പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലെ ഘാട്ട്, ഖണ്ഡേഷ്, മറാത്ത്‌വാഡ, വിദര്‍ഭയുടെ ചില ഭാഗങ്ങളില്‍ എന്നിവിടങ്ങളില്‍ ഉച്ചകഴിഞ്ഞ് ശക്തമായ മഴ പെയ്‌തേക്കാം, മഴയ്ക്കും ഇടിമിന്നലിനും പുറമെ ആലിപ്പഴ വര്‍ഷത്തിനുള്ള സാധ്യതയും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നു.
ഈര്‍പ്പത്തിന്റെ അളവ് ഉയരുന്നു
താപനിലയിലെ വര്‍ധനവിന് പുറമെ നഗരത്തിലെ ഈര്‍പ്പത്തിന്റെ അളവിലും വര്‍ധനവുണ്ട്. കൊളാബ കാലാവസ്ഥ വകുപ്പിന് സമീപത്ത് 83 ശതമാനം ഈര്‍പ്പം രേഖപ്പെടുത്തി. സാന്താക്രൂസില്‍ 66 ശതമാനവുമാണ് അനുഭവപ്പെടുന്നത്. ഈര്‍പ്പം വര്‍ധിക്കുന്നത് വിവിധ ശാരീരിക ബുദ്ധിമുട്ടുകള്‍ക്കും, മറ്റ് അസുഖങ്ങള്‍ക്കും കാരണമാകുന്നുണ്ട്.
ചൂട് ഇനിയും ഉയരും
കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നത് അനുസരിച്ച് മുംബൈ നഗരത്തില്‍ ചൂട് ഇനിയും കൂടും. 40 ഡിഗ്രി സെല്‍ഷ്യസും ചില പ്രദേശങ്ങളില്‍ അതിന് മുകളിലുമാണ് നിലവില്‍ നഗരത്തില്‍ അനുഭവപ്പെടുന്ന ചൂട്. മുംബൈയില്‍ പൊതുവേ വരണ്ട കാലാവസ്ഥ തുടരുന്നു. ഏകദേശം 3 ഡിഗ്രിയ്ക്കടുത്താണ് ഈ വര്‍ഷത്തെ താപനിലയില്‍ വര്‍ധനവുണ്ടായത്. ഇത് ഇനിയും ഉയരാനും സാധ്യതയുണ്ട്. നഗരത്തില്‍ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ താപനില 24 ഡിഗ്രി സെല്‍ഷ്യസാണ്.
Also Read: Mumbai Weather: മുംബൈയില്‍ മഴയെത്തുന്നു; കുടയെടുക്കാതെ പുറത്തുപോകല്ലേ
കാലാവസ്ഥ അനുദിനം മോശമാകുന്നത് മഹാരാഷ്ട്രയിലെ കര്‍ഷകര്‍ക്ക് വെല്ലുവിളിയാകുന്നു. വിളകള്‍ പെട്ടെന്ന് നശിക്കാനും കര്‍ഷകര്‍ക്ക് വലിയ നഷ്ടം ഉണ്ടാകാനുമാണ് കാലാവസ്ഥ വ്യതിയാനും വഴിയൊരുക്കുന്നത്. വേനലില്‍ വിളവെടുക്കുന്ന പലതും നശിച്ചുപോയി, കാറ്റിനെ തുടര്‍ന്ന് വാഴകളും മറ്റും വീഴുന്നത്, വിപണിയിലേക്ക് കൂടുതല്‍ ഭക്ഷ്യോത്പന്നങ്ങള്‍ എത്താന്‍ വഴിവെച്ചു. ഇതോടെ വിളകള്‍ക്ക് ലഭിക്കേണ്ട ശരിയായ വില ലഭിക്കാത്ത സ്ഥിതിയാണ്. ചൂട് കുറയ്ക്കാന്‍ നിലവില്‍ നഗരവാസികളെ സഹായിക്കുന്നത് കടല്‍ക്കാറ്റാണ്, എന്നാല്‍ പകല്‍ സമയങ്ങളില്‍ കനത്ത ചൂടോടെ എത്തുന്ന കാറ്റ് വിവിധ രോഗങ്ങള്‍ക്ക് കാരണമായേക്കാം. അതിനാല്‍ തന്നെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്.
മുംബൈയിലെ വായുഗുണനിലവാരം
മുംബൈയിലെ വായുഗുണനിലവാരം മോശമില്ലാതെ തുടരുകയാണ്. നല്ലത് എന്ന വിഭാഗത്തിലാണ് ഗുണനിലവാര സൂചികയില്‍ മുംബൈയിലെ വായുവിന്റെ സ്ഥാനം. എന്നാല്‍ ചിലഭാഗങ്ങളില്‍ അത് മോശം അവസ്ഥയിലേക്ക് താഴുന്നുമുണ്ട്. മാലദ വെസ്റ്റിനടുത്തുള്ള സുന്ദര്‍ നഗറിലാണ് വായുവിന്റെ ഗുണനിലവാരം ഏറ്റവും മോശം രേഖപ്പെടുത്തിയത്. വാഹനങ്ങളുടെ എണ്ണം വര്‍ധിക്കുന്നതിനൊപ്പം ചൂടും ഉയരുന്നത് സ്ഥിതിഗതികള്‍ സങ്കീര്‍ണമാക്കിയേക്കാം.