Narendra Modi: പ്രവാസികള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസിഡര്‍മാര്‍; ന്യൂയോര്‍ക്കിലെ ഇന്ത്യക്കാരെ അഭിസംബോധന ചെയ്ത് മോദി
Quad Summit: ക്വാഡ് ഉച്ചകോടിയ്ക്കായി യുഎസിലെത്തിയതാണ് പ്രധാനമന്ത്രി. പ്രസിഡന്റ് ജോ ബൈഡന്റെ ജന്മനാടായ വില്‍മിങ്ടണിലാണ് ക്വാഡ് ഉച്ചകോടി നടക്കുന്നത്. ഓസ്‌ട്രേലിയ, ഇന്ത്യ, ജപ്പാന്‍, യുഎസ് എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന സഖ്യമാണ് ക്വാഡ്.
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ഇന്ത്യക്കാരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi). പ്രവാസികള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസിഡര്‍മാരാണെന്ന് അദ്ദേഹം പറഞ്ഞു. പല ഭാഷകളാണെങ്കിലും നാമെല്ലാം ഇന്ത്യാക്കാരാണെന്നും ഒന്നാണെന്നും രാഷ്ട്രദൂതര്‍ എന്നാണ് പ്രവാസികളെ താന്‍ വിളിക്കുന്നതെന്നും ജനതയോടായി പ്രധാനമന്ത്രി പറഞ്ഞു. നിരവധിയാളുകളാണ് മോദിയുടെ പരിപാടിയില്‍ പങ്കെടുക്കാനായി സ്റ്റേഡിയത്തില്‍ എത്തിച്ചേര്‍ന്നത്.
ന്യൂയോര്‍ക്കില്‍ തന്നെ തമിഴ് സംസാരിക്കുന്നവര്‍ ഉണ്ടെന്ന് പറഞ്ഞാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. തെലുഗ്, മലയാളം, കന്നഡ, പഞ്ചാബി, മറാഠി, ഗുജറാത്തി എന്നിങ്ങനെ നിരവധി ഭാഷകള്‍ സംസാരിക്കുന്നവര്‍ ഇവിടെയുണ്ട്. ഭാഷകള്‍ പലതാണെങ്കിലും ഭാവം അത് ഒന്നാണ്. ഇന്ത്യാക്കാരനെന്ന ഒരേയൊരു ഭാവമാണത്. നമ്മുടെ രാജ്യത്തിന്റെ ശക്തിയും അതാണ്.
നമ്മുടെ രാജ്യത്തിന്റെ മൂല്യങ്ങളാണ് നമ്മെ മുന്നോട്ട് നയിക്കുന്നത്. ഏത് രാജ്യത്താണെങ്കിലും ഇന്ത്യക്കാരനാണെന്ന മൂല്യം നമ്മള്‍ കൈവിടില്ല. പല ജോലികള്‍ ചെയ്തുകൊണ്ട് പല രാജ്യങ്ങളില്‍ ഇന്ത്യക്കാരുണ്ട്. അപ്പോഴും ഇന്ത്യ എന്ന വികാരം ഓരോരുത്തരും മുറുകെ പിടിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ക്വാഡ് ഉച്ചകോടിയ്ക്കായി യുഎസിലെത്തിയതാണ് പ്രധാനമന്ത്രി. പ്രസിഡന്റ് ജോ ബൈഡന്റെ ജന്മനാടായ വില്‍മിങ്ടണിലാണ് ക്വാഡ് ഉച്ചകോടി നടക്കുന്നത്. ഓസ്‌ട്രേലിയ, ഇന്ത്യ, ജപ്പാന്‍, യുഎസ് എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന സഖ്യമാണ് ക്വാഡ്. മോദിയേയും ബൈഡനേയും കൂടാതെ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി അല്‍ബാനീസ്, ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ എന്നിവരും ഉച്ചക്കോടതിയില്‍ പങ്കെടുക്കുന്നുണ്ട്.
അതേസമയം, ക്വാഡ് ഉച്ചക്കോടി ആരംഭിക്കുന്നതിന് മുമ്പായി യുഎസ് പ്രസിഡന്റ് ജോ ബൈഡനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ സുരക്ഷാ കൗണ്‍സില്‍ മുതല്‍ ബഹിരാകാശ സാങ്കേതികത വരെ ചര്‍ച്ചയായതായാണ് വിവരം. ഇന്ത്യ-യുഎസ് ബന്ധം ശക്തിപ്പെടുത്തുന്നതില്‍ ബൈഡന്‍ നല്‍കിയ സംഭാവനകളെ മോദി പ്രശംസിച്ചു. ഈ സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതില്‍ ഗുണം ചെയ്തുവെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
ബഹിരാകാശം, സെമികണ്ടക്ടേഴ്സ്, ആധുനിക ടെലികമ്മ്യൂണിക്കേഷന്‍ തുടങ്ങിയ സാങ്കേതിക മേഖലകളില്‍ തന്ത്രപരമായ പങ്കാളിത്തം മെച്ചപ്പെടുത്താന്‍ സഹായിച്ച ക്രിട്ടിക്കല്‍ എമര്‍ജിങ് ടെക്നോളജിയെ ഇരുനേതാക്കളും പ്രശംസിച്ചു. കൂടാതെ, നിര്‍മിത ബുദ്ധി, ക്വാണ്ടം, ബയോടെക്നോളജി, ഊര്‍ജം എന്നീ മേഖലകളിലുള്ള ഇടപെടലുകള്‍ വര്‍ധിപ്പിക്കേണ്ടതിനെ കുറിച്ചും ഇരുവരും സംസാരിച്ചു.
കൂടാതെ ഉഭയകക്ഷി സൈബര്‍ സുരക്ഷ ചര്‍ച്ചയില്‍ സൈബര്‍ ഇടങ്ങളിലെ സഹകരണത്തിനുള്ള സംവിധാനങ്ങളും ഇരുനേതാക്കളും അംഗീകരിച്ചു. ഐഎസ്ആര്‍ഒയും നാസയും ചേര്‍ന്ന് ബഹിരാകാശ മേഖലയില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ പുരോഗതിയും ഇരുനേതാക്കളും സ്വാഗതം ചെയ്തു. മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാകുന്നുവെന്നാണ് ബൈഡന്‍ എക്സില്‍ കുറിച്ചത്.
എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശനത്തിന് മുമ്പ് ഖലിസ്ഥാന്‍ അനുകൂല സിഖ് സംഘടനകളുമായി ചര്‍ച്ച നടത്തി വൈറ്റ് ഹൗസ് എന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. യുഎസ് ദേശീയ സുരക്ഷ വൈറ്റ് ഹൗസ് സമുച്ചയത്തില്‍ വെച്ചാണ് യോഗം നടന്നത്. അമേരിക്കന്‍ സിഖ് കൊയലീഷന്‍, സിഖ് അമേരിക്കന്‍ ഡിഫന്‍സ് ആന്റ് എഡ്യൂക്കേഷന്‍ ഫണ്ട് എന്നിവരുടെ പ്രതിനിധികളുമായാണ് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥര്‍ കൂടിക്കാഴ്ച നടത്തിയത്. ഖലിസ്ഥാന്‍ അനുകൂല സിഖ് സംഘടനകള്‍ക്ക് വിദേശശക്തികളില്‍ നിന്നും സുരക്ഷ ഉറപ്പാക്കുമെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കി. മോദി അമേരിക്കയിലെത്തുന്നതിന് മണിക്കൂറുകള്‍ക്കാണ് മുമ്പാണ് യോഗം നടന്നത്.
വിദേശശക്തികളില്‍ നിന്ന് ഖലിസ്ഥാന്‍ അനുകൂല സംഘടനകള്‍ നേരിടുന്ന അതിക്രമങ്ങള്‍ അമേരിക്കയില്‍ ഉണ്ടാകില്ലെന്ന് വൈറ്റ് ഹൗസ് ഉറപ്പുനല്‍കിയതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതാദ്യമായാണ് യുഎസ് ദേശീയ സുരക്ഷ സമിതി ഇത്തരം സംഘടനകളുമായി യോഗം വിളിക്കുന്നത്. ഈ കൂടിക്കാഴ്ചയ്ക്കായി വൈറ്റ് ഹൗസാണ് സംഘടനകളെ നേരിട്ട് വിളിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടികാണിക്കുന്നത്.
Also Read: Quad Summit: ക്വാഡ് ഉച്ചകോടിയിൽ ഇന്ത്യയുടെ പങ്ക് എന്ത്? പ്രാധാന്യം, രൂപീകരണം എന്നിവയെക്കുറിച്ചറിയാം
അതേസമയം, ഖലിസ്ഥാന്‍ വാദികളുടെ നേതാവ് ഗുര്‍പത്വന്ത് സിങ് പന്നുവിനെ കഴിഞ്ഞ വര്‍ഷം നവംബറില്‍ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ന്യൂയോര്‍ക്ക് കോടതി ഇന്ത്യന്‍ സര്‍ക്കാരിനും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിനും സമന്‍സ് അയച്ചിരുന്നു. 21 ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്ന് പറഞ്ഞുകൊണ്ടായിരുന്നു സമന്‍സ്. പന്നുവിനെ കൊലപ്പെടുത്താനുള്ള ശ്രമത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉള്‍പ്പെടെ പങ്കുണ്ടെന്നാണ് കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ പറഞ്ഞിരുന്നത്.
ഇന്ത്യ നിരോധിച്ച സംഘടനയായ ഖലിസ്ഥാനുമായുള്ള അമേരിക്കയുടെയും കാനഡയുടെയും ബന്ധം പലപ്പോഴും ചര്‍ച്ചയായിട്ടുള്ളതാണ്. ഈ വിഷയത്തില്‍ പലതവണ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് സംഘടന അംഗങ്ങളുമായി വൈറ്റ് ഹൗസ് ഉദ്യോഗസ്ഥര്‍ കൂടിക്കാഴ്ച നടത്തിയത് ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്.