ഇൻഷൂറൻസ് ഇല്ലെങ്കിൽ ഇനി പെട്രോൾ അടിക്കേണ്ട; പണി തുടങ്ങാൻ കേന്ദ്രത്തോട് സുപ്രീംകോടതി
SC Directs Centre to Link Vehicle Insurance with Fuel Purchases at Petrol Pumps: പുതിയ വാഹനങ്ങളുടെ ഇൻഷുറൻസ് കാലാവധി കോടതി ഒരു വർഷം കൂടി വർധിപ്പിച്ചു. ഇതോടെ ഇനിമുതൽ, പുതിയ കാറുകൾ വാങ്ങുമ്പോൾ നാല് വർഷത്തേക്കും പുതിയ ഇരുചക്ര വാഹനങ്ങൾക്ക് ആറ് വർഷത്തേക്കും ഉടമകൾ തേർഡ് പാർട്ടി ഇൻഷുറൻസ് എടുക്കേണ്ടി വരും
ന്യൂഡൽഹി: ഇഷൂറൻസ് എടുക്കാതെ വാഹനങ്ങളിൽ വിലസി നടക്കാം എന്ന വ്യാമോഹം ഇനി വേണ്ട. ഇത്തരം വാഹനങ്ങൾക്ക് ഭാവിയിൽ പെട്രോൾ പമ്പുകളിൽ നിന്നും ഇന്ധനം ലഭിച്ചേക്കില്ല. സുപ്രീം കോടതിയാണ് ഇത്തരം ഒരു നിർദ്ദേശം മുന്നോടുവച്ചത്. ഇൻഷൂറസ് ഇല്ലാതെ വാഹനങ്ങൾ റോഡിലിറങ്ങുന്നത് തടയുന്നതിനായാണ് നടപടി. ഇതോടൊപ്പം റോഡുകളിൽ സ്ഥാപിച്ചിട്ടുള്ള ക്യാമറകൾ വഴി ഇത്തരം വാഹനങ്ങൾ കണ്ടെത്തി കനത്ത പിഴ ചുമത്തണമെന്നും കോടതി നിർദ്ദേശം നൽകി. ജസ്റ്റിസുമാരായ സഞ്ജയ് കരോൾ, പ്രശാന്ത് കുമാർ മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചത്.
ഇന്ത്യയിലെ നിരത്തുകളിൽ ഓടുന്ന 56 ശതമാനം വാഹനങ്ങൾക്കും ഇൻഷുറൻസ് ഇല്ല എന്നതിൽ സുപ്രീം കോടതി ആശങ്ക രേഖപ്പെടുത്തി. വാഹനാപകടങ്ങൾക്ക് ഇരയാകുന്നവർ നഷ്ടപരിഹാരത്തിനായി നീണ്ട നിയമപോരാട്ടങ്ങൾക്ക് നിർബന്ധിതരാവുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഇഷൂറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇന്ധനം നിഷേധിക്കുന്നതിനായി പ്രത്യേക പൈലറ്റ് പ്രൊജക്ട് നടപ്പിലാക്കാൻ ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെൻ്റ് അതോറിറ്റിക്കും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിനും കോടതി നിർദ്ദേശം നൽകി. ഇൻഷുറൻസ് ഇല്ലെങ്കിൽ, അത് എടുക്കുന്നത് വരെ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം നൽകരുത് എന്ന് കോടതി വ്യക്തമാക്കി. നിർദ്ദേശത്തോട് എതിർപ്പില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
നിയമം കർശനമായി നടപ്പിലാക്കാൻ ട്രാഫിക് പോലീസിന് ഇൻഷുറൻസ് ഇൻഫർമേഷൻ ബ്യൂറോയുമായും, പരിവാഹൻ പോർട്ടലുമായും ബന്ധിപ്പിച്ച പ്രത്യേക സംവിധാനങ്ങൾ നൽകാനും കോടതിനിർദേശിച്ചു. ഹൈവേകളിലെ ക്യാമറകൾ നിലവിൽ മറ്റു ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്താനാണ് ഉപയോഗിക്കുന്നത്. ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് ഓട്ടോമാറ്റിക്കായിയി പിഴ ഈടാക്കാൻ ഈ ക്യാമറകളെ ഇൻഷുറൻസ് ഡാറ്റാബേസുമായും പരിവാഹൻ പോർട്ടലുമായും ബന്ധിപ്പിക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്.
പുതിയ കാറുകൾ വാങ്ങുമ്പോൾ മൂന്ന് വർഷത്തേക്കും ഇരുചക്ര വാഹനങ്ങൾക്ക് അഞ്ച് വർഷത്തേക്കും തേർഡ് പാർട്ടി ഇൻഷുറൻസ് നിർബന്ധമാക്കി 2018-ൽ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. എന്നാൽ വലിയൊരു ശതമാനം വാഹനങ്ങളും ഇപ്പോഴും ഇൻഷുറൻസ് ഇല്ലാതെ തുടരുന്ന സാഹചര്യത്തിൽ, പുതിയ വാഹനങ്ങളുടെ ഇൻഷുറൻസ് കാലാവധി കോടതി ഒരു വർഷം കൂടി വർധിപ്പിച്ചു. ഇതോടെ ഇനിമുതൽ, പുതിയ കാറുകൾ വാങ്ങുമ്പോൾ നാല് വർഷത്തേക്കും പുതിയ ഇരുചക്ര വാഹനങ്ങൾക്ക് ആറ് വർഷത്തേക്കും ഉടമകൾ തേർഡ് പാർട്ടി ഇൻഷുറൻസ് എടുക്കേണ്ടി വരും.
രാജ്യത്ത് ആകെ രജിസ്റ്റർ ചെയ്ത 30.4 കോടി വാഹനങ്ങളിൽ 16.5 കോടി വാഹനങ്ങൾക്കും ഇൻഷുറൻസ് ഇല്ല. രാജ്യത്തെ വാഹനാപകടങ്ങളിൽ 22 ശതമാനവും ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾ മൂലമാണ് സംഭവിക്കുന്നത് എന്നാണ് സർക്കാരിൻ്റെ കണക്കുകൾ വ്യക്തമാക്കുന്നത്.
English Summary
The Supreme Court has proposed denying fuel to uninsured vehicles to curb their use on Indian roads. Expressing concern that 56% of active vehicles lack coverage, the court mandated integrating highway cameras with insurance databases for automatic fines and extended the mandatory third-party insurance period for all new vehicles.