ഒരു രൂപ പോലും വകയിരുത്തിയിട്ടില്ല, ലോക കേരളസഭ തുടരില്ലെന്നത് യുഡിഎഫിൻറെ രാഷ്ട്രീയ തീരുമാനം: മുഖ്യമന്ത്രി
Loka Kerala Sabha: എൽഡിഎഫ് സർക്കാരിന്റെ കാലത്ത് നടത്തിയതുപോലെ ലോക കേരളസഭ സംഘടിപ്പിക്കുന്നത് സർക്കാരിന്റെ പരിഗണനയിലില്ല. ലോക കേരളസഭയുടെ ആറാമത് എഡിഷന് സർക്കാർ ഒരു രൂപ പോലും വകയിരുത്തിയിട്ടില്ലെന്നും ഓഫീസ് വ്യക്തമാക്കി. ലോക കേരളസഭ സംബന്ധിച്ച് സർക്കാറിന് മനം മാറ്റമുണ്ടായെന്ന നിലയിൽ ഫണ്ട് വാർത്ത ചർച്ചയായ സാഹചര്യത്തിലാണ് വിശദീകരണം വന്നിരിക്കുന്നത്.
തിരുവനന്തപുരം: ലോക കേരളസഭ തുടരില്ലെന്നത് യുഡിഎഫിന്റെ രാഷ്ട്രീയ തീരുമാനമാണെന്നും അതിൽ മാറ്റമില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ്. ലോക കേരളസഭയുടെ നിർദേശങ്ങൾ പ്രാവർത്തികമാക്കാനും ഭരണപരമായ ചെലവുകൾക്കുമായി 2 കോടി രൂപ അനുവദിച്ചത് വിവാദമായതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരണക്കുറിപ്പ് പുറത്തിറക്കിയിരിക്കുന്നത്. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് നടത്തിയതുപോലെ ലോക കേരളസഭ സംഘടിപ്പിക്കുന്നത് സർക്കാരിന്റെ പരിഗണനയിലില്ല. ലോക കേരളസഭയുടെ ആറാമത് എഡിഷന് സർക്കാർ ഒരു രൂപ പോലും വകയിരുത്തിയിട്ടില്ലെന്നും ഓഫീസ് വ്യക്തമാക്കി. ലോക കേരളസഭ സംബന്ധിച്ച് സർക്കാറിന് മനം മാറ്റമുണ്ടായെന്ന നിലയിൽ ഫണ്ട് വാർത്ത ചർച്ചയായ സാഹചര്യത്തിലാണ് വിശദീകരണം വന്നിരിക്കുന്നത്.
ലോക കേരളസഭ സെക്രട്ടറിയേറ്റിന് നിലവിൽ ഓഫീസുണ്ട്. അവിടുത്തെ അഡ്മിനിസ്ട്രേറ്റീവ് ചെലവുകൾക്കും നോർക്ക വഴി നടത്തുന്ന ബിസിനസ് ലീഡർഷിപ്പ് മീറ്റ് ഉൾപ്പെടെയുള്ള പരിപാടികൾക്കും മാത്രമാണ് നിലവിൽ തുക അനുവദിച്ചിരിക്കുന്നത് എന്ന് വിശദീകരണത്തിൽ പറയുന്നു. രണ്ട് കോടിയിൽ, ഒരു കോടി നാലാം ലോക കേരളസഭയുടെ ശുപാർശകൾ നടപ്പാക്കാനാണ്.
ALSO READ: എന്റെ വയസ് 37 ആണ്, തന്തവൈബ് പിടിക്കാൻ ഉദ്ദേശിക്കുന്നില്ല, യാത്ര വിവാദമാക്കേണ്ട: മന്ത്രി ജനീഷ്
കൂടാതെ, നോർക്ക പ്രൊഫഷണൽ ബിസിനസ് ലീഡർഷിപ്പ് മീറ്റിനായി 50 ലക്ഷം, ലോക കേരളസഭ സെക്രട്ടറിയറ്റിനായി 50 ലക്ഷം എന്നിങ്ങനെ ലോക കേരളസഭയുടെ ഈ സാമ്പത്തിക വർഷത്തേക്കുള്ള പ്രവർത്തനങ്ങൾക്കായാണ് 2 കോടി രൂപ അനുവദിച്ചത്. ഓഗസ്റ്റ് 22ന് ചേർന്ന വകുപ്പ് തല വർക്കിംഗ് ഗ്രൂപ്പ് ശുപാർശ അംഗീകരിച്ചാണ് ഈ ഫണ്ട് അനുവദിച്ചത്.
പ്രവാസി ക്ഷേമ പദ്ധതികൾ സർക്കാരിന്റെ പ്രഥമ പരിഗണനയിലുള്ള വിഷയമാണെന്നും, അത്തരം നിർദേശങ്ങൾ പ്രാവർത്തികമാക്കുന്നതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കായാണ് തുക അനുവദിച്ചിട്ടുള്ളത്. പ്രവാസികളുടെ പങ്കാളിത്തത്തോടെ കേരള വികസനം ലക്ഷ്യമിട്ടുള്ള മറ്റൊരു പദ്ധതി സർക്കാറിന്‍റെ പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ലോക കേരള സഭയ്ക്ക് ഫണ്ട് അനുവദിച്ചതോടെ യുഡിഎഫ് ഈ വിഷയത്തിൽ യുടേൺ എടുത്തു എന്ന നിലയ്ക്ക് ചർച്ചകൾ ഉയർന്നിരുന്നു.
കൂടാതെ ധൂർത്ത് മാറ്റിയാൽ ലോക കേരള സഭയുടെ ആശയം നല്ലതാണെന്ന നിലയിൽ സണ്ണി ജോസഫ് പ്രതികരിക്കുകയും ചെയ്തു. ഇത് യുഡിഎഫിന് ഈ വിഷയത്തിൽ നയം മാറ്റം ഉണ്ടായി എന്ന പ്രചാരണങ്ങൾക്ക് ശക്തിപകർന്നു. ഈ സാഹചര്യത്തിൽക്കൂടിയാണ് യുഡിഎഫ് മുൻ നിലപാടിൽ മാറ്റമില്ല എന്ന് വ്യക്തമാക്കി മുഖ്യമന്ത്രിയുടെ ഓഫീസ് കാര്യങ്ങൾ വിശദീകരിച്ച് രംഗത്തെത്തിയിരിക്കുന്നത്.
English Summary
The Chief Minister’s Office has stated that the decision not to continue the Loka Kerala Sabha is a political one taken by the UDF and remains unchanged. This clarification follows a controversy regarding the allocation of Rs 2 crore for implementing the Sabha’s recommendations and covering administrative expenses. The office further clarified that the government has not allocated a single rupee for the sixth edition of the Loka Kerala Sabha.